ബലാത്സംഗ ഭീഷണി, കൈക്കുഞ്ഞുമായി യുഎന്നിൽ; ഇനിയും ‘നയിക്കാനാകാതെ’ ജസീൻഡ മടങ്ങുമ്പോൾ
Mail This Article
‘ഇല്ല... രാജ്യത്തെ നയിക്കാൻ ഇനി എന്റെ പക്കൽ ഊർജമില്ല’ – ലോകം ആദ്യമായാണ് ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഇങ്ങനെയൊരു വിടവാങ്ങൽ പ്രസംഗം കേട്ടത്. ഏറ്റവും സത്യസന്ധമായ ഒരു തുറന്നുപറച്ചിലായിരുന്നു അത്. ജസീൻഡ ആർഡേൻ ന്യൂസീലൻഡ് പ്രധാനമന്ത്രിപദം രാജിവച്ചു എന്ന് കേട്ടപ്പോൾ എല്ലാവരും അവിടേക്ക് ശ്രദ്ധ തിരിച്ചു. ലോക രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടൽ നടത്തുന്ന രാജ്യമല്ല ന്യൂസീലൻഡ്. ഇതിനു മുൻപ് ഒരു ന്യൂസീലൻഡ് രാഷ്ട്രീയ നേതാവിനും നേർക്ക് ലോകം ഇത്രമേൽ ശ്രദ്ധ പതിപ്പിച്ചിട്ടുമില്ല. അവിടെയാണ് ജസീൻഡ വ്യത്യസ്തയാകുന്നത്. ജസീൻഡയുടെ എല്ലാ ഇടപെടലുകളും പോലെ തന്നെ അവരുടെ രാജിയുടെ കാരണങ്ങളും ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യുകയാണ്. രാജിക്ക് ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളെ കണ്ട ജസീൻഡ തറപ്പിച്ചു പറഞ്ഞു - ‘സ്ത്രീവിരുദ്ധ അനുഭവങ്ങളല്ല എന്റെ രാജിക്ക് പിന്നിൽ.’ അവരത് ഊന്നിപ്പറഞ്ഞതിന് കാരണമുണ്ട്. ഒരു വർഷത്തിലേറെയായി അത്രയേറെ തരംതാഴ്ന്ന അവഹേളനങ്ങളാണ് അവർക്ക് നേരെയുണ്ടായത്. മറ്റൊരു പ്രധാനമന്ത്രിയും നേരിട്ടിട്ടില്ലാത്ത തരം അപമാനങ്ങൾ. ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും വരെ ചില എതിരാളികൾ ഉയർത്തി. തനിക്ക് ജസീൻഡയെ വധിക്കാൻ അവകാശമുണ്ടെന്ന് യു ട്യൂബിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നതു വരെയെത്തി കാര്യങ്ങൾ.