ADVERTISEMENT

ദാമ്പത്യ ജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും പതിവാണ്. എന്നാൽ എന്നും പിണക്കം മാത്രമാണെങ്കിൽ അവിടെ എന്തോ തകരാറ് ഉണ്ടെന്ന് മനസിലാക്കണം. തൊട്ടതിനും പിടിച്ചതിനും വഴക്ക് ഉണ്ടാക്കുന്നത് ദാമ്പത്യ ജീവിതത്തിന് അത്ര നല്ലതല്ല. ഇത്തരം അവസ്ഥകളിൽ നിങ്ങളുടെ പങ്കാളിക്ക് ജീവിതം തന്നെ മടുക്കുന്നതായി തോന്നിയേക്കാം. കൂടാതെ നിങ്ങൾ തമ്മിൽ അകൽച്ച കൂടാനും ഇത് കാരണമാവും. എന്നാൽ ദേഷ്യം മനസ്സിൽ അടക്കിവയ്ക്കുന്നതും അത്ര നല്ല കാര്യമല്ല. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

∙ സമയം കൊടുക്കാം 

നിങ്ങൾ ദേഷ്യപ്പെട്ടിരിക്കുന്ന സമയത്ത് പങ്കാളിയോട് വഴക്കിടാതെ ഇരിക്കുന്നതാവും ഏറ്റവും ഉചിതം. ദേഷ്യം മൂർധന്യാവസ്ഥയിൽ ഇരിക്കുന്ന സമയത്ത് നമ്മൾ പറയുന്ന വാക്കുകൾ വളരെ മൂർച്ചയേറിയതായിരിക്കും. ഇത് നിങ്ങളുടെ ഇണയെ അങ്ങേയറ്റം വിഷമിപ്പിക്കാൻ കാരണമാവും. അതിനാൽ ദേഷ്യം വരുന്ന സമയങ്ങളിൽ ആരെങ്കിലും ഒരാള്‍ അല്‍പ സമയം സംസാരിക്കാതിരുന്നാല്‍ രണ്ടുപേര്‍ക്കും ചിന്തിക്കാന്‍ അല്‍പം സമയം ലഭിക്കും. 

∙ തുറന്നു സംസാരിക്കാം 

നിങ്ങളുടെ മനസ്സിലുള്ള പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും പങ്കാളിയോട് തുറന്ന് പറയുക. ദേഷ്യം മനസ്സിൽ അടക്കി വെക്കാതെ അത് ഇണയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുക. അതിനായി ശാന്തമായ അന്തരീക്ഷവും, ചുറ്റുപാടും തിരഞ്ഞെടുക്കുക. നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരസ്പരം പങ്കുവയ്ക്കുക. അതിൽ നിന്നും പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. 

Read More: ‘മോഹിനി’യായി അർച്ചന കവി, സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ

∙ മൂന്നാമതൊരാളെ കൊണ്ടുവരാതിരിക്കാം 

പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാമതൊരാളെ കൊണ്ടുവരാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വിഷമവും സങ്കടവും വരുമ്പോൾ സുഹൃത്തുക്കളോടും, ബന്ധുക്കളോടും സംസാരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അവരോട് പങ്കാളിയെപ്പറ്റി മോശമായി സംസാരിക്കുന്നതും, നിങ്ങൾക്കിടയിലുള്ള രഹസ്യങ്ങൾ പങ്കുവെക്കുന്നതും അത്ര നല്ലതല്ല. ഇത് നിങ്ങളുടെ പങ്കാളിയെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാണ്. 

∙ നെഗറ്റിവ് ചിന്ത ഒഴിവാക്കാം 

ഒരു തർക്കം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി യുക്തിപരമായി ചിന്തിക്കുക എന്നുള്ളതാണ്. പലപ്പോഴും കോപം നമ്മുടെ ചിന്താ ശേഷിയെ സ്വാധീനിക്കാറുണ്ട്. ഉള്ള പ്രശ്നത്തെ ഇത് കൂടുതൽ വഷളാക്കും. നെഗറ്റീവ് ചിന്തകൾ വരുന്ന സമയങ്ങളിൽ മറ്റെന്തെങ്കിലും ജോലികളിൽ മുഴുകി അത് മറികടക്കാൻ ശ്രമിക്കുക. ശേഷം പങ്കാളിയോട് ഇക്കാര്യത്തെപ്പറ്റി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. 

മറ്റൊരു പ്രധാനകാര്യം പരസ്പരമുള്ള തര്‍ക്കങ്ങളില്‍ വിട്ടുകൊടുക്കുന്നത് ഒരിക്കലും ഒരു പരാജയമായി കാണരുത്. ഇത് നിങ്ങളുടെ തര്‍ക്കം വഷളാവാതിരിക്കാനുള്ള ഒരു വഴിയാണ്.

Content Summary: Anger management tips to prevent relationship damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com