നാലു മുറിക്കുള്ളിൽ ഒതുങ്ങാതെ നീ ഒറ്റയ്ക്ക് പൊരുതി, ഈ ജീവിതം ഒരു പ്രചോദനമാവട്ടെ: വീണ ജാൻ
Mail This Article
‘വീണാസ് കറി വേൾഡ്’ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതയാണ് വീണ ജാൻ. വീണയുടെ പുതിയ വിഡിയോയും സോഷ്യൽ മീഡിയയിലെ കുറിപ്പുമാണിപ്പോൾ വൈറലാകുന്നത്. ഡയറ്റീഷൻ നിന്നിയെ പറ്റിയുള്ള കഥയാണ് വീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഒരു സിംഗിൾ മദറിന്റെ സക്സസ് സ്റ്റോറി’ എന്ന കുറിപ്പോടെയാണ് വീണ വിഡിയോ പങ്കുവച്ചത്.
വീണയുടെ യൂട്യൂബ് ചാനലിൽ നിന്നി തന്നെയാണ് സ്വന്തം കഥ പറയുന്നത്. ‘വിവാഹ ജീവിതത്തിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ല എന്നതു കൊണ്ടാണ് ഡിവോഴ്സിനെ പറ്റി ചിന്തിച്ചത്. പരസ്പരം പിരിഞ്ഞപ്പോൾ കുഞ്ഞിന്റെ ഉത്തരവാദിത്തം ഞാൻ തന്നെ ഏറ്റെടുത്തു. സ്വന്തം വീട്ടിൽ ഒരുപാട് കാലം നിൽക്കുന്നത് ശരിയാവില്ലെന്ന് തോന്നിയത് കൊണ്ട് കൊച്ചിയിലേക്ക് റീലൊക്കേറ്റ് ചെയ്തു. കൊച്ചിയിൽ എത്തിയശേഷമാണ് ഐഇഎൽടിഎസിന് (IELTS) ചേർന്നത്. കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് പലപ്പോഴും പഠിച്ചത്. കോച്ചിങ് സെന്ററിലെ ജീവനക്കാർ അന്ന് എന്നോട് സഹകരിച്ചു. പക്ഷേ, IELTS കിട്ടുമെന്നുറപ്പായെങ്കിലും മകനെ കൊണ്ടുപോകാൻ പറ്റാത്തതു കൊണ്ട് ആ കോഴ്സ് വേണ്ടെന്നു വച്ചു.’ നിന്നി പറഞ്ഞു.
‘മൂന്നുമാസം കഴിഞ്ഞപ്പോഴാണ് ഒരു ജോലി കിട്ടിയത്. ഒന്ന് കരയാൻ പോലും ആകാതെ കഴിഞ്ഞ ദിവസങ്ങൾ പലപ്പോഴുമുണ്ടായിരുന്നു. മോൻ ഉറങ്ങി കഴിയുമ്പോൾ നിറയെ ശൂന്യത ആണ്. നമ്മളുടെ തെറ്റുകൊണ്ടല്ല നമ്മളെ അവർ ഉപേക്ഷിക്കുന്നത്. ഇന്നും ആ ചോദ്യം മനസ്സിൽ അവശേഷിക്കുന്നു. പിന്നീട് ഞാൻ ന്യൂട്രീഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. എന്റെ ഈ കഥ അറിയുന്നവർ ഒക്കെ പറയും നീ ആയതുകൊണ്ടാണ് ഇതൊക്കെ അതിജീവിച്ചത് എന്ന്. എന്നാൽ എനിക്ക് അറിയാം അമ്മ ആയി കഴിഞ്ഞാൽ,. കുഞ്ഞിനോട് ആത്മാർത്ഥമായ സ്നേഹം ഉണ്ടെങ്കിൽ നമ്മൾ അത് ചെയ്തിരിക്കും. അതിനു പ്രത്യേകിച്ച് ഒരു ശക്തിയുടെയും ആവശ്യം ഇല്ല. ഡിവോഴ്സ് ആയി എങ്കിലും ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ ആ കരച്ചിലാണ് എന്നെ ബോൾഡ് ആക്കിയത്. നമ്മൾക്ക് സങ്കടം വരുമ്പോൾ കരയണം എങ്കിലേ നമ്മുടെ ആ വിഷമം അങ്ങ് മാറൂ’. നിന്നി വിഡിയോയിൽ പറഞ്ഞു.
‘ഇന്ന് ഞാനൊരു കമ്പനി നടത്തുകയാണ്. പത്തു പന്ത്രണ്ടു പേരാണ് ആ കമ്പനിയിൽ ഒപ്പം ജോലി ചെയ്യുന്നത്. എനിക്ക് എന്ത് ആവശ്യം ഉണ്ടായാലും എന്റെ ടീം ഒപ്പം ഉണ്ട്’. ഒന്നുമാകില്ല എന്ന് കരുതിയ എന്നെ എല്ലാമാക്കിയത് എന്റെ പഠനമാണ്. എനിക്കൊരു കൂട്ടു വേണമെന്നും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും നിന്നി വിഡിയോയിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിലും വീണ നിന്നിയെ പറ്റിയുള്ള കുറിപ്പ് പങ്കുവച്ചു. ‘എന്റെ അനിയത്തി കുട്ടി. ഞാൻ നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. സ്വന്തം ഇഷ്ടം അനുസരിച്ച് ഒരു വിവാഹം ചെയ്യുന്നു, ആ വിവാഹ ജീവിതം ഒരുപാടു നാൾ മുന്നോട്ടു പോയില്ല. പൊടി കുഞ്ഞുമായി ഒറ്റപ്പെടുന്നു, പക്ഷേ എല്ലാം എന്റെ വിധി എന്ന് പറഞ്ഞു സമാധാനിച്ചു കുഞ്ഞുമായി നാലു മുറിക്കുള്ളിൽ ഒതുങ്ങി ജീവിക്കാതെ കുഞ്ഞിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി. ഇന്ന് നമ്മൾ കാണുന്ന നിന്നിയിലേക്കുള്ള പ്രയാണം ഒട്ടും എളുപ്പമായിരുന്നില്ല. ആ കരുത്തിനു പ്രണാമം. ഒരുപാട് പെൺകുട്ടികൾക്ക്, കല്യാണം കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഈ ജീവിതം ഒരു പ്രചോദനം ആവട്ടെ’. വീണ പറഞ്ഞു.