കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്നു അറസ്റ്റിലായ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച സംഭവത്തിൽ വീണ്ടും ന്യായീകരണവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ആത്മഹത്യ മുന്നിൽ കണ്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരു വ്യക്തിക്ക് ആത്മധൈര്യം കൊടുക്കുക മാത്രമാണ് അസോസിയേഷൻ ചെയ്തതെന്ന് വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു. സവാദിന് പൂമാലയിട്ട് സ്വീകരിച്ചത് പല ഫെമിനിസ്റ്റുകൾക്കും ദഹിക്കാനായില്ലെന്നും അജിത് പറഞ്ഞു.
സവാദിനെതിരെ യുവതി പരാതി നൽകിയത് സെലിബ്രറ്റിയാകാൻ വേണ്ടിയാണ്. പൂമാലയിട്ട് സ്വീകരിച്ച് ജയിലിനു പുറത്തു ഞങ്ങൾ സവാദിനെ സെലിബ്രറ്റിയാക്കി. ഒരു സെലിബ്രറ്റി എന്നപോലെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. സവാദ് വഴി സെലിബ്രറ്റിയാവാൻ ശ്രമിച്ച യുവതിക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ അടിയും അതുതന്നെയാണ് – അജിത്ത് കുമാർ പറഞ്ഞു.
ഞങ്ങളുടെ ഇടപെടൽ കൊണ്ട് യുവതി മാന്യമായ രീതിയിൽ വസ്ത്രം ധരിക്കാനെങ്കിലും പഠിച്ചു എന്നും അതിന് ഞങ്ങളെ കൊണ്ട് സാധിച്ചു എന്നതിൽ അഭിമാനമുണ്ടെന്നും അജിത് പറഞ്ഞു. സ്വീകരണം ഇത്രയും വിജയമാകുമെന്ന് ആരും കരുതിയില്ല. ഈ വിഷയത്തിൽ ഏറ്റവുമധികം നന്ദി പറയാനുള്ളത് സവാദിന് ജാമ്യം അനുവദിച്ച ജഡ്ജിയോടാണ്. സമാനമായ പല കേസുകളിലും ഇത്രയും പെട്ടെന്ന് ജാമ്യം ലഭിച്ചിരുന്നില്ല. അസോസിയേഷന്റെ ഇടപെടൽ ഇതിന് വലിയ സഹായകമായി– അജിത്ത് പറഞ്ഞു.
സവാദിന് സ്വീകരണം നല്‍കിയതിന് പിന്നാലെ പല ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണെന്നും യഥാർഥ ഇരയെ ജയിലിലാക്കുന്നത് വരെ ഇനിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ ഇരയ്ക്ക് ശിക്ഷ കിട്ടിയാൽ മാത്രമേ സവാദിന് നീതി കിട്ടു എന്നും അദ്ദേഹം പ്രതികരിച്ചു.
സ്ത്രീകൾക്ക് ബസ്സുകളിലും തിരഞ്ഞെടുപ്പിലും റിസർവേഷൻ നൽകുന്നത് നിരോധിക്കണം. സീരിയലുകളിൽ പുരുഷനെ വികൃതമായി ചിത്രീകരിക്കുന്നു. അത് നിരോധിക്കണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുമെന്നും അജിത് കുമാർ വ്യക്തമാക്കി.