ADVERTISEMENT

തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായതാണ് ഗിന്നസ് പക്രു എന്ന അജയ കുമാർ. തമാശ നിറഞ്ഞ കഥാപാത്രങ്ങളാണ് പക്രു അവതരിപ്പിച്ചതിലേറെയെങ്കിലും മൈ ബിഗ് ഫാദർ, ഇളയരാജാ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷകരുടെ കണ്ണു നനയിച്ചു. രണ്ടു ചിത്രത്തിലും, മകനോട് ഏറെ വാത്സല്യമുള്ള അച്ഛനെയാണ് പക്രു മനോഹരമായി സ്ക്രീനിലെത്തിച്ചത്.  എന്നാൽ യഥാർഥ ജീവിതത്തിൽ രണ്ടു പെൺകുട്ടികളുടെ അച്ഛനാണ് ഗിന്നസ് പക്രു. ദീപ്ത കീർത്തിക്കും ദ്വിജ കീർത്തിക്കും എന്നും ഒരു കൂൾ ഡാഡിയാണ് അദ്ദേഹം. മക്കളുടെ വിശേഷങ്ങൾ പങ്കുവച്ച് ഫാദേഴ്സ് ഡേയിൽ മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് ഗിന്നസ് പക്രു. 

ഞാനൊരു കൂൾ അച്ഛനാണ്

ഒരിക്കലും വീട്ടില്‍ കണിശക്കാരനായ അച്ഛനല്ല ഞാൻ. കുട്ടിക്കാലം തൊട്ടേ മോളുടെ ഏറ്റവും അടുത്ത ഫ്രണ്ടാണ്. അതുകൊണ്ടുതന്നെ വീട്ടിൽ വരുന്ന സമയത്ത് തമാശകളും കളിയും ചിരിയും ആയിരിക്കും. അവൾക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ എന്നോടു പറയും. വീട്ടിൽ രസകരമായിട്ടിരിക്കാനാണ് ശ്രമിക്കാറുള്ളത്. പിന്നെ എല്ലാ അച്ഛൻമാരും കുട്ടികളുടെ അടുത്ത് കുറച്ച് സ്ട്രിക്ട് ആകണമല്ലോ. അതുകൊണ്ട് ചില സമയത്തൊക്കെ ഞാനും കണിശക്കാരനാകാറുണ്ട്. പക്ഷേ, അതൊക്കെ കുറച്ചു സമയത്തേക്കു മാത്രമാണ്. കൂടുതൽ സമയവും വീട്ടിൽ ചിരിയും തമാശയുമൊക്കെയാണ്. 

fathers-day-special-interview-with-guiness-pakru4
ഗിന്നസ് പക്രുവും മകളും

ഇത്തവണ ഫാദേഴ്സ് ഡേ സ്പെഷലാണ്

സാധാരണഗതിയിൽ അങ്ങനെ ഫാദേഴ്സ് ഡേ ഒന്നും ആഘോഷിക്കാറില്ല. കാരണം നമ്മുടെ കുട്ടിക്കാലത്തൊന്നും അങ്ങനെ ഒന്നും ചെയ്തിരുന്നില്ല. അന്നൊക്കെ ഫാദേഴ്സ് ഡേ എന്നാണെന്നു പോലും അറിയില്ല. പക്ഷേ ഇന്നത്തെ കുട്ടികൾക്ക് അങ്ങനെ അല്ല. അവർക്ക് ഇതൊക്കെ ഭയങ്കര സന്തോഷമാണ്. ഒരിക്കൽ ഒരു ഫാദേഴ്സ് ഡേയ്ക്ക് മകൾ എനിക്കൊരു സർപ്രൈസ് ഗിഫ്റ്റ് തന്നു. എന്നെ വരച്ചിട്ട് അതിൽ ഹാപ്പി ഫാദേഴ്സ് ഡേ, ലവ് യൂ ഫാദർ എന്നൊക്കെ എഴുതി കളറൊക്കെ അടിച്ച് ചെറിയ കാർഡ് പോലൊരു സാധനം ഉണ്ടാക്കി. അപ്പോഴാണ് ഇവർക്ക് ഇതൊക്കെ എത്രത്തോളം പ്രിയപ്പെട്ടതാണെന്നു മനസ്സിലാക്കിയത്. 

ഇത്തവണത്തെ ഫാദേഴ്സ് ഡേയുടെ ഏറ്റവും വലിയ പ്രത്യേകത ഞാൻ വീണ്ടും ഫാദർ ആയി എന്നതാണ്. ഒരു ചെറിയ ആളു കൂടി വീട്ടിൽ വന്നു. അതെല്ലാവർക്കും സന്തോഷം തരുന്നൊരു കാര്യമാണ്. ഇപ്പോൾ എല്ലാവരുടെയും ഫോക്കസ് ചെറിയ മോളിലാണ്. അവളാണ് ഇപ്പോഴത്തെ കേന്ദ്ര കഥാപാത്രം. ഞാൻ ഇതുവരെ ഒരു പെൺകുട്ടിയുടെ അച്ഛനായിരുന്നു. രണ്ടു പെൺകുട്ടികളുടെ അച്ഛനായതിനു ശേഷം വരുന്ന ആദ്യത്തെ ഫാദേഴ്സ് ഡേയാണ്. ആ ദിവസം അതുകൊണ്ടു തന്നെ പ്രഷ്യസാണ്. ഇനി വരുന്ന ഓരോ ഡേയും കൂടുതൽ പ്രഷ്യസ് ആണ്. 

fathers-day-special-interview-with-guiness-pakru3
ഫാദേഴ്സ് ഡേയിൽ മകൾ അച്ഛന് വരച്ച് നൽകിയ ചിത്രം

അവളുടെ വിശേഷങ്ങള്‍ കേൾക്കാൻ ഒരുപാടുണ്ട്

രാവിലെ സ്കൂളിൽ ചെന്നതിനു ശേഷം വൈകുന്നേരം വരെയുള്ള കാര്യങ്ങള്‍ മിക്കതും വള്ളി പുള്ളി തെറ്റാതെ ദീപ്ത മോള് പറയാറുണ്ട്. അതുകൊണ്ട് തന്നെ അവളുടെ ഫ്രണ്ട്സിനെയൊക്കെ എനിക്കു പരിചയമുണ്ട്. പലരുടെയും പേരു പറഞ്ഞാൽ മതി, അവരെ കുറെ മുമ്പ് അറിയുന്ന തരത്തിൽ അവൾ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഒരു ദിവസം മോളുടെ സ്കൂളിൽ ഒരു പരിപാടിക്കു പോകേണ്ടി വന്നു. അവളുടെ ക്ലാസിൽ അന്ന് 40–45 വരെ കുട്ടികളുണ്ട്. പരിപാടിക്ക് ശേഷം ഈ കുട്ടികളെയൊക്കെ എന്നെ കാണിക്കാൻ വേണ്ടി ടീച്ചേഴ്സ് സൗകര്യം ഒരുക്കി. ഒരു മരത്തിന്റെ ചോട്ടിൽ കുട്ടികളെയെല്ലാം കൊണ്ടു വന്നു. അവരെയെല്ലാം വളരെ സന്തോഷപൂർവം മോളെനിക്ക് പരിചയപ്പെടുത്തിത്തന്നു. അങ്ങനെ അവൾ പറഞ്ഞു മാത്രം കേട്ട പലരെയും ഞാൻ നേരിൽ കണ്ടു. വീട്ടിലെ വിശേഷ ദിവസങ്ങളിലൊക്കെ അവളുടെ ഫ്രണ്ട്സ് ഒക്കെ വരാറുണ്ട്. 

അച്ഛനയെല്ലേ നിനക്ക് ശരിക്കിഷ്ടം

കുട്ടിക്കാലം മുതൽ ഞാനും ഭാര്യയും മകളോടു ചോദിക്കാറുണ്ട് നിനക്ക് അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടമെന്ന്. ചെറിയ പ്രായം തൊട്ട് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമെന്നാണ് അവൾ പറയാറുള്ളത്. അമ്മ ഇല്ലാത്ത സമയത്തും ഞാൻ ചോദിച്ചിട്ടുണ്ട് ആരെയാണ് കൂടുതലിഷ്ടം എന്ന്. അന്നേരവും രണ്ടുപേരെയും എന്നാണ് പറയാറ്. അപ്പോൾ ഞാൻ ഇടയ്ക്കു ചോദിക്കും എന്നാലും അച്ഛനോടു കുറച്ചു കൂടുതൽ ഇഷ്ടമില്ലേ എന്ന്. അപ്പോൾ ആ... എന്നു പറഞ്ഞിട്ട് ഒരു കള്ളച്ചിരിയോടു കൂടി പുള്ളിക്കാരി അങ്ങനെ പോകുകയാണ് ചെയ്യുന്നത്. 

fathers-day-special-interview-with-guiness-pakru1
ഗിന്നസ് പക്രുവും മക്കളും

അവർക്കിഷ്ടമുള്ളതുപോലെ മക്കൾ വളരണം

മക്കളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രോത്സാഹിപ്പിക്കുന്നതിനോടാണ് എനിക്ക് യോജിപ്പ്. കാരണം നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ഉള്ളതിനേക്കാൾ ഒരുപാട് പിരിമുറുക്കങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. പഠനഭാരം കൊണ്ട് ഡിപ്രഷൻ പോലും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. മൊബൈൽ ഫോൺ അഡിക‌്‌ഷൻ അങ്ങനെ ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നു പോകുന്നത്. പ്രത്യേകിച്ച് ഈ കോവിഡ് കഴിഞ്ഞതിനുശേഷം. ഈ സമയത്ത് അവളുടെ ഇഷ്ടം എന്താണോ അതിനു കൂടുതല്‍ പ്രോത്സാഹനം കൊടുക്കുക, ഒപ്പം പഠനത്തിനും പ്രാധാന്യം നല്‍കുക. ഒരു ഫസ്റ്റ്റാങ്കോ സെക്കൻഡ് റാങ്കോ മേടിക്കുകയോ പഠനത്തിൽ ഒരു ഉന്നത വിജയം നേടുകയോ ചെയ്യുക എന്നതിനേക്കാളൊക്കെ അപ്പുറത്ത് എല്ലാ മേഖലയിലും വിജയം കൈവരിക്കുവാൻ പ്രാപ്തയാക്കുന്ന തരത്തിലേക്ക് അവളെ വളർത്തുക എന്നതാണ് ആഗ്രഹം. വീട്ടിലെ ചെടികളൊക്കെ പരിപാലിക്കാൻ പുള്ളിക്കാരി ശ്രദ്ധിക്കാറുണ്ട്. ഒരു പെറ്റുണ്ട്, അതിന്റെ കാര്യങ്ങളും നോക്കും. അതുപോലെ ചില സമയങ്ങളിൽ കുക്കിങ്ങിൽ അമ്മയെ സഹായിക്കാറുണ്ട്. ക്ലീനിങ്ങിനു സഹായിക്കാറുണ്ട്. ഈ ശീലങ്ങളൊക്കെ വളർത്തണം. 

നിങ്ങളുെടെ ജീവിതത്തെപ്പറ്റി നിങ്ങള്‍ക്കാണ് വ്യക്തമായിട്ടുള്ളൊരു പ്ലാൻ വേണ്ടത്. എന്താണ് താൽപര്യം, നിങ്ങൾക്കെന്താണ് ഇഷ്ടം അതിനനുസരിച്ച് നിങ്ങൾ പോകണം എന്നു ഞാനവളോട് പറഞ്ഞു കൊടുക്കാറുണ്ട്. എല്ലാ കാര്യങ്ങളെപ്പറ്റിയും ഇപ്പോൾത്തന്നെ ചിന്തിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഏതു വിഷയത്തിൽ ഉപരിപഠനത്തിനു പോകണം എന്ന് ഇപ്പോഴേ ആലോചിച്ചു വയ്ക്കണം എന്നൊക്കെ പറയാറുണ്ട്. അല്ലാതെ നമ്മൾ പ്ലാൻ ചെയ്തിട്ട് കാര്യമില്ല. അവരുടെ ഇഷ്ടത്തിനനുസരിച്ച് അവർക്ക് കൂടുതൽ താൽപര്യമുള്ള കാര്യങ്ങളിലൂടെ അവരെ മുൻനിരയിലേക്കു കൊണ്ടു വരാനാണ് എനിക്ക് താൽപര്യം.

fathers-day-special-interview-with-guiness-pakru2
ഗിന്നസ് പക്രു കുടുംബത്തോടൊപ്പം

അന്ന് ഞാൻ കരഞ്ഞു, അച്ഛനെന്ന നിലയിൽ അഭിമാനം

സിനിമകളും തമാശകളുമൊക്കെ കാണുന്നത് ദീപ്തക്ക് ഭയങ്കര ഇഷ്ടമാണ്. ‘ബിടിഎസ്’ ബാന്റും തമാശയുമൊക്കെ കാണുമെങ്കിലും നൃത്തമാണ് അവൾക്ക് ഏറെ ഇഷ്ടം. ടിവിയിലൊക്കെ ഡാൻസ് കണ്ടാൽ അവൾ അതു നോക്കി ചെയ്യും. ഡാൻസ് കൊറിയോഗ്രഫി ചെയ്യാൻ അവൾക്കേറെ ഇഷ്ടമാണ്. ടിവിയിലൊക്കെ കേൾക്കുന്ന പാട്ടിന് ഡാൻസ് കൊറിയോഗ്രഫി ചെയ്യും അവൾ. അതു പഠിച്ചിട്ട് സ്വയം അങ്ങനെ കളിക്കും. പിന്നെ റീൽസൊക്കെ ചെയ്യും.  

മകൾ എൽെകജിയിൽ പഠിക്കുന്ന സമയത്ത് ആ സ്കൂളിലെ പരിപാടിയിൽ വിശിഷ്ടാതിഥിയായി ഞാൻ പോയിരുന്നു. അന്ന് ഉദ്ഘാടനത്തിന് ശേഷം മകളുടെ ഡാൻസ് ഉണ്ടായിരുന്നു. എന്റെ മുന്നിൽ വച്ച് അന്നു അവൾ സ്റ്റേജിൽ കയറി ഡാൻസ് ചെയ്തു. അച്ഛനെന്ന നിലയിൽ അന്ന് ഒരുപാട് സന്തോഷം തോന്നി. അവൾ പെർഫോം ചെയ്യുന്നതു കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. 

ബിരിയാണിയിൽ ഗവേഷണം ചെയ്തു; അവൾക്ക് ഏറ്റവും ഇഷ്ടം അതാണ്

കുട്ടിക്കാലം തൊട്ടേ ഞാൻ പുറത്തു പോകുമ്പോൾ പുള്ളിക്കാരി ഓർഡർ ഇടാറുണ്ട്, തിരിച്ചു വരുമ്പോൾ ഇതൊക്കെ വാങ്ങി വരണമെന്ന്. പുറത്തു പോയി വരുമ്പോൾ അതൊക്കെ വാങ്ങി വന്നേ പറ്റു. അവളിപ്പോൾ ചെറുതായി കുക്കിങ് ഒക്കെ ചെയ്യും. ന്യൂഡിൽസ് ഒക്കെ ഉണ്ടാക്കി തരാറുണ്ട്. ചിക്കൻ ബിരിയാണിയോട് പുള്ളിക്കാരിക്ക് പ്രത്യേക താൽപര്യമാണ്. ഇവളുടെ ഇഷ്ടം കൂടി വന്നപ്പോൾ അതിനെക്കുറിച്ച ഭാര്യ ഗവേഷണം നടത്തുകയും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ഞങ്ങൾ വീട്ടിൽ ട്രൈ ചെയ്യാറുണ്ട്. ചിലതൊക്കെ പുറത്തുനിന്നു വാങ്ങിക്കൊടുക്കാറുണ്ട്. പുള്ളിക്കാരിയുടെ ഇഷ്ടത്തിനനുസരിച്ചാണ് എല്ലാം വാങ്ങിക്കൊടുക്കുന്നത്, പ്രത്യേകിച്ചും ഫുഡ്. 

fathers-day-special-interview-with-guiness-pakru4
ഗിന്നസ് പക്രുവും ദീപ്തയും

വർഷത്തിൽ ഒരിക്കൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ടൂർ പോകും. കൂടുതലും ഇന്ത്യയ്ക്കകത്താണ് യാത്രകൾ ചെയ്തത്. കാണാനിഷ്ടമുള്ള സ്ഥലങ്ങൾ നേരത്തേ പ്ലാൻ ചെയ്യും. ഇത്തവണ എന്തായാലും വെക്കേഷന് എങ്ങും പോകാൻ പറ്റിയില്ല. കുഞ്ഞ് ഉണ്ടായതുകൊണ്ട് ഇത്തവണത്തെ പ്ലാനിങ് കംപ്ലീറ്റ് മാറ്റി വച്ചിരിക്കുകയാണ്. അടുത്ത ടൂർ ഇന്ത്യക്കു പുറത്തേക്ക് പോകാനാണ് പ്ലാൻ. വർഷത്തിൽ ഒരിക്കലെങ്കിലും യാത്ര നിർബന്ധമാണ്. 

അച്ഛനെന്ന നിലയിൽ മക്കൾക്കു വേണ്ടി പ്രത്യേകിച്ച് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നിയിട്ടില്ല. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെ ചെയ്യണം. മക്കൾക്ക് ഓരോ വയസ്സ് കൂടുമ്പോഴും റെസ്പോൺസിബിൾ ഫാദറായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള നല്ല തീരുമാനങ്ങളും അവരുടെ ഭാവിക്കുവേണ്ട കാര്യങ്ങളുമൊക്കെ ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം. അതിനുള്ള അനുഗ്രഹം ദൈവം തരട്ടെ എന്നു മാത്രമാണ് പ്രാർഥന. എല്ലാ പിതാക്കന്മാർക്കും ഈ ദിവസത്തിന്റെ ആശംസകൾ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com