ADVERTISEMENT

നമുക്ക് ചുറ്റുമുള്ളവരുടെ ചിരിയ്ക്ക് ചെറുതായെങ്കിലുമൊക്കെ കാരണമാകുക. അത് വല്ലാത്തൊരു ഊർജമാണ്. ജീവിതത്തിൽ അതുപോലെ താൻ സന്തോഷിച്ച ഒരു നിമിഷത്തെ പറ്റി സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. മണിപ്പുരിലെ സംഘർഷത്തിനിടെ ഒറ്റപ്പെട്ടുപോയ ജീവനക്കാരിയുടെ അമ്മയെയും സഹോദരിയെയും കേരളത്തിലെത്തിച്ചതിന്റെ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചത്. കൊച്ചിയിലെ റസ്റ്ററന്റ് ഷെഫ് പിള്ളയിൽ (ആർസിപി) അവർക്ക് ജോലി നൽകിയതിന്റെ സന്തോഷവും പങ്കുവച്ചു. 

Read More: ഇന്ത്യയുടെ നോവായി മണിപ്പൂർ, മുഖചിത്രത്തിലൂടെ വേദന പകർത്തി കലാകാരി

ഊർജസ്വലതയോടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സുസ്മിതയുടെ മുഖത്തെ ചിരി മാഞ്ഞപ്പോഴാണ് മാനേജർ അവളോട് കാര്യം അന്വേഷിച്ചത്. ‘എന്റെ അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റയ്ക്കാണ്. എന്ത് ചെയ്യണമെന്നറിയില്ല’. എന്ന സുസ്മിതയുടെ മറുപടിയിൽ നിന്നാണ് അവളുടെ കുടുംബത്തെ കേരളത്തിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് ഷെഫ് പിള്ള കുറിപ്പില്‍ പറഞ്ഞു. അവർക്ക് തന്റെ സ്ഥാപനത്തിൽ ജോലി നല്‍കിയെന്നും ഇന്ന് അവർ മൂന്നുപേരും സന്തോഷത്തോടെ ജീവിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം
ചില ചിരികൾക്ക് എന്ത് ഭംഗിയാണ്... ചുറ്റുമുള്ളവരുടെ ഹൃദയം നിറയ്ക്കുന്ന ചിരികൾ.. ഈ ഫോട്ടോയിൽ കാണുന്നവരുടെ മനസ്സ് നിറഞ്ഞ ചിരിക്ക് ഒരു വലിയ കഥ പറയാനുണ്ട്. ഇത് ആർസിപി കൊച്ചിയിലെ സർവീസ് ടീമായ സുസ്മിതയും അവരുടെ കുടുംബവുമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളായി സുസ്മിത ആർസിപിയുടെ ഭാഗമാണ്. മൂന്ന് തവണ ‘ബെസ്റ്റ് എംപ്ലോയി’ അവാർഡ് സ്വന്തമാക്കിയ മിടുക്കി. സ്വദേശം മണിപ്പൂർ. മുഖത്ത്, സദാ ഒരു പുഞ്ചിരി സൂക്ഷിക്കുന്ന, ഊർജ്ജസ്വലതയോടെ തന്റെ ജോലികൾ ഒക്കെയും ചെയ്തുതീർക്കുന്ന പെൺകുട്ടി. എന്നാൽ കുറച്ചുദിവസങ്ങൾ മുൻപ് ആ ചിരിക്ക് മങ്ങലേറ്റതായി തോന്നിയപ്പോഴാണ് ആർസിപി കൊച്ചിയിലെ ജനറൽ മാനേജർ ചാൾസ്, സുസ്മിതയോട് വിവരം തിരക്കിയത്.

"എന്റെ അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റയ്ക്കാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല." മണിപ്പുരിലെ അശാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ചോർത്തുള്ള സുസ്മിതയുടെ ദുഃഖം നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. സുസ്മിതയുടെ വരുമാനത്തിലായിരുന്നു ആ കുടുംബം ജീവിച്ചുപോന്നത്.

ചാൾസ് ഈ വിവരം എന്നെ അറിയിച്ചു. സുസ്മിതയുടെ കുടുംബത്തെ ഇവിടെ എത്തിക്കുക എന്നതായിരുന്നു ഞങ്ങൾ കണ്ടെത്തിയ പോംവഴി. അങ്ങനെ, അധികം വൈകാതെ ഇരുവരെയും കൊച്ചിയിൽ എത്തിക്കുകയും വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. അവർക്ക് മണിപ്പൂരി അല്ലാതെ മറ്റൊരു ഭാഷയും വശമില്ലായിരുന്നു.  എങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ അവർ തയ്യാറായില്ല. ഇരുവരും ആർസിപിയിൽ എത്തി. സുസ്മിതയുടെ അമ്മ ഇമ്പേച്ച ദേവി ഹെൽപ്പിങ് അസിസ്റ്റന്റ് ആയും സഹോദരി സർഫി ദേവി, ഷെഫ് ട്രെയിനിയായും ആർസിപിയുടെ ഭാഗമായി. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ജോലികളെല്ലാം അവർ പഠിച്ചെടുത്തു.  ഇപ്പോൾ ഭാഷയൊന്നും അവർക്കൊരു തടസ്സമേയല്ല.

ഇന്ന് ആർസിപി എന്ന കുടുംബത്തിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കുന്നു. അവർ ആഗ്രഹിക്കുന്നിടത്തോളം കാലം ആർസിപിയുടെ ഭാഗമായി തുടരാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. ആ നിമിഷം അവരുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് അപ്പുറം മറ്റെന്ത് വേണം. ചില ചിരികൾ അങ്ങനെയാണ് ....കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും. ആ പുഞ്ചിരിക്ക് നമ്മൾ കാരണക്കാരായിത്തീർന്നാൽ അതിലും വലിയ സന്തോഷം മറ്റൊന്നുമില്ല. നിങ്ങളിന്ന് ആരെയാണ് ഒരു പുഞ്ചിരി കൊണ്ടെങ്കിലും സന്തോഷിപ്പിക്കാൻ പോകുന്നത്..?

Content Highlights: Chef Suresh Pillai | Manipur | Family | Life | Lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com