ADVERTISEMENT

ദേഹത്തു മുഴുവൻ പുലിയുടെ നിറത്തിൽ ചായം പുരട്ടി ആർത്തുവിളിച്ച് തെരുവിലൂടെ നടന്നു നീങ്ങുക. ഒരു തവണയെങ്കിലും പുലികളി കണ്ടവർക്കെല്ലാം ആ ആവേശം വല്ലാതങ്ങ് പിടിക്കും. ഒരിക്കലെങ്കിലും അതിന്റെ ഭാഗമാകണമെന്ന് തോന്നും. വർഷങ്ങളായി പുലികളിയെ അടുത്തറിഞ്ഞവരാണെങ്കിൽ അവർക്ക് ആവേശം അൽപ്പം കൂടുതലായിരിക്കും. ചാലക്കുടി സ്വദേശി നിമിഷ ബിജോയ്ക്കും പുലികളി  വർഷങ്ങളായി മനസ്സിൽ മായാതെ കിടക്കുന്ന ഒരാവേശമാണ്. 4 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇത്തവണ നിമിഷ തന്റെ ഇഷ്ടവേഷത്തിൽ തൃശ്ശൂരിലെ മറ്റു പുലികളോടൊപ്പം ആടി തിമിർത്തു. പുലിയായി വേഷമിട്ടപ്പോൾ എന്തെന്നില്ലാത്ത ഊർജവും സന്തോഷവുമാണ് നിമിഷയ്ക്കുണ്ടായത്. തെരുവിലൂടെ പുലിയായി നീങ്ങിയ നിമിഷയെ ആദ്യമായല്ല മലയാളി കാണുന്നത്. ഫോട്ടോഷൂട്ടുകളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലൂടെയുമെല്ലാം ഇതിനു മുമ്പും നിമിഷ മലയാളികൾക്ക് മുന്നിൽ എത്തിയതാണ്. മോഡലിങ്ങും അഭിനയവും നൃത്തവുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന നിമിഷ പുലിയായി വേഷമിടാൻ പറ്റിയതും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായാണ് കാണുന്നത്. ഒപ്പം ഒരു വലിയ ആഗ്രഹത്തിന്റെ സാഫല്യമായും. ജീവിത വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവക്കുകയാണ് നിമിഷ. 

Read More: അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക, കാലിൽ വീണ് അനുഗ്രഹം വാങ്ങി ദമ്പതികൾ; വിഡിയോ വൈറലായതോടെ വിമർശനം

ദേഹം മുഴുവൻ ചായം തേച്ച് ആർത്തുവിളിക്കുന്നത് ആവേശമാണ്
4 വർഷമായി നിമിഷ പുലികളി കാണുന്നുണ്ട്. അവസരങ്ങൾ കിട്ടുമ്പോഴെല്ലാം പലയിടത്തു നിന്നും പുലികളി കണ്ടു. അന്നെപ്പെഴോ മനസ്സിൽ കയറി കൂടിയ ആഗ്രഹമാണ് ആ പുലിക്കൂട്ടത്തിൽ ഒരാളായി മാറുക എന്നത്. ടെറസിന്റെ മുകളിൽ നിന്നും റോഡിന് വശത്തു നിന്നുമെല്ലാം കണ്ട ആ പുലിയായി മാറാനൊന്നു ശ്രമിക്കുക. ആഗ്രഹം വല്ലാതങ്ങ് കൂടിയപ്പോഴാണ് നിമിഷ സുഹൃത്തിനോട് ഇക്കാര്യം പറയുന്നത്. സുഹൃത്തു വഴിയാണ് സ്വപ്ന നിമിഷത്തിലേക്ക് നിമിഷ ആർപ്പുവിളിച്ചെത്തിയത്. ‘ എന്റെ സുഹൃത്ത് ദിയയാണ് വര്‍ഷങ്ങളായി പുലികളി ചെയ്യുന്ന രതീഷേട്ടന്റെ നമ്പർ തന്നത്. പുള്ളിയെ വിളിച്ച് പുലികളി കളിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവിധ സഹായങ്ങളും ചെയ്തു തന്നു. ആദ്യം അയ്യന്തോൾ ടീമിന്റെ ഭാഗമായാണ് എത്തിയതെങ്കിലും പിന്നീട് അവർ സ്ത്രീകളെ വച്ച് പുലികളി ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പിന്നാലെയാണ് പൂങ്കുന്നം സീതാറാം ടീമിന്റെ ഭാഗമായത്. പുലികളിയുടെ കൊട്ടും മേളവുമെല്ലാമാണ് എന്നെ പുലികളിയിലേക്ക് ആകർഷിച്ചത്. 

Nimisha
നിമിഷ പുലികളി വേഷത്തിൽ, Image Credits: Instagram/nimisha.bijo_official

എങ്ങനെയാണ് അതിന്റെ കോസ്റ്റ്യൂമൊക്കെ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. ഒരു ബനിയൻ ഇട്ടതിന് ശേഷമാണ് ദേഹം മുഴുവൻ പെയിന്റടിച്ചത്. ചായം പുരട്ടി ഞാൻ പുലിയായി മാറുന്ന ആ നിമിഷമൊക്കെ ഏറെ സന്തോഷമായിരുന്നു. ആഗ്രഹവും സ്വപ്നവുമൊക്കെ സാക്ഷാത്കരിക്കുമ്പോൾ കിട്ടുന്ന വല്ലാത്തൊരു ഫീലായിരുന്നു അപ്പോൾ. പുലിയായി ഒരുങ്ങിയപ്പോള്‍ തന്നെ മറ്റുള്ളവരുടെ കൂടെ റോഡിലൂടെ ആർത്തുവിളിച്ച് നീങ്ങാൻ ആഗ്രഹിച്ചതാണ്. പക്ഷേ, നല്ല ആൾത്തിരക്കുള്ളതു കാരണം വണ്ടയിലാണ് ആദ്യം പോയത്. പിന്നീട് ഏതാണ്ട് അവസാനം ആകാറായപ്പോഴാണ് വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയത്. പക്ഷേ, ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. വണ്ടിയിൽ നിന്നും റോഡിൽ നിന്നുമെല്ലാം ഞാന്‍ നൃത്തം ചെയ്താഘോഷിച്ചു’. 

Nimisha
നിമിഷ ബിജോ, Image Credits: Instagram/nimisha.bijo_official

ഇതൊന്നും പലർക്കും പിടിച്ചിട്ടില്ല
‘ഞാൻ പുലികളിക്ക് ഇറങ്ങിയപ്പോൾ പലരും അഭിനന്ദിച്ചിരുന്നു. കേരളത്തിന്റെ പുറത്തു നിന്നുവരെ പലരും വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്നാൽ എന്റെ സ്വന്തം നാട്ടുകാരൊന്നും എന്നോട് ഇതുവരെ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. നന്നായി എന്നോ മോശമായി എന്നോ ഒന്നും അവർ പറഞ്ഞിട്ടില്ല. വിഡിയോയും ഫൊട്ടോയുമൊക്കെ പ്രചരിച്ചതോടെ പലരും വിളിച്ചെങ്കിലും ചിലർക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ല. എന്റെ പല വിഡിയോയ്ക്ക് താഴെയും പല തരത്തിലുള്ള കമന്റുകളുമുണ്ട്. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, വീട്ടിൽ എങ്ങാനും ഇരുന്നൂടെ എന്നൊക്കെ പലരും ചോദിച്ചു. നിങ്ങൾ നാണമില്ലേ എന്നുവരെ ആൾക്കാർ ചോദിച്ചിട്ടുണ്ട്. എന്നാൽ ഞാൻ അതൊന്നും കാര്യമാക്കാറേയില്ല. ഞാൻ വിമർശകരുടെയൊന്നും വാക്കു കേട്ടിട്ടല്ലല്ലോ പുലികളിക്ക് ഇറങ്ങിയത് പിന്നെ ഞാൻ ഇതൊക്കെ എന്തിന് കാര്യമാക്കണം എന്നു മാത്രമേ ചിന്തിക്കുന്നുള്ളു’. 

Nimisha
നിമിഷ ബിജോ, Image Credits: Instagram/nimisha.bijo_official

ഇഷ്ടത്തിന് പിന്നാലെ പോയത് അമ്മയായ ശേഷം
കുഞ്ഞുനാൾ മുതൽ നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടമായിരുന്നു നിമിഷയ്ക്ക്. വിവാഹത്തിന് ശേഷം 2 കുട്ടികളുടെ അമ്മയായ ശേഷമാണ് വീണ്ടും നൃത്തം പഠിക്കാൻ തുടങ്ങിയത്. കോട്ടയം സ്വദേശിയാണ് നിമിഷ ചാലക്കുടിയിൽ എത്തിയതിന് ശേഷമാണ് ചിട്ടയോടെ നൃത്തം പഠിക്കാൻ തുടങ്ങിയത്. കുട്ടികള്‍ പഠിക്കുന്ന സ്കൂളിൽ വച്ച് കുട്ടികൾക്ക് നൃത്തം പഠിപ്പിച്ചു കൊടുത്തതിന് പിന്നാലെയാണ് പലരും നിമിഷ നല്ലൊരു നർത്തകിയാണെന്ന് അറിഞ്ഞത്. അതിനു പിന്നാലെയാണ് ഭർത്താവ് ചിട്ടയായി നൃത്തം പഠിക്കണമെന്ന് നിമിഷയോട് പറയുന്നത്. നൃത്ത പഠനം വീണ്ടും തുടങ്ങിയതോടെയാണ് സീരിയലുകളിലേക്ക് എത്തുന്നത്. ‘അഭിനയിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. നൃത്തത്തോടൊപ്പം അഭിനയവും ഒരുപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹിച്ചത്. ടിക്ടോക്ക് വിഡിയോകളാണ് ആദ്യം ചെയ്തു തുടങ്ങിയത്. കലാഭവൻ മണി ചേട്ടന്റെ പാട്ടുകളാണ് കൂടുതലായി വിഡിയോ ചെയ്തത്. ആളുകൾക്ക് അതെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. അപ്പോഴാണ് ടിക്ടോക്ക് ബാൻ ചെയ്യുന്നത്. പിന്നീട് ഇൻസ്റ്റഗ്രാമിലേക്ക് മാറി. കൂടുതൽ വിഡിയോകൾ ചെയ്യാൻ തുടങ്ങി. അങ്ങനെ ആളുകൾ കൂടുതലായി അറിയാൻ തുടങ്ങി. സമൂഹ മാധ്യമത്തിലൊക്കെ ഒരുപാട് റീച്ച് ഉണ്ടായി. പിന്നാലെയാണ് ആൽബത്തിലും സീരിയലുകളിലുമൊക്കെ എത്തിയത്. ‘പ്രീസ്റ്റിലും, പത്തൊമ്പതാം നൂറ്റാണ്ടിലും’ അഭിനയിച്ചിട്ടുണ്ട്. 

ഫോട്ടോഷൂട്ടുകൾ വിമർശനങ്ങൾ വാരിക്കൂട്ടി
സീരിയലിലും സിനിമയിലുമെല്ലാം എത്തിയെങ്കിലും നിമിഷ സോഷ്യൽ ലോകത്ത് അറിയപ്പെട്ടത് ഫോട്ടോഷൂട്ടുകളിലൂടെയാണ്. നിമിഷയുടെ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും വിമർശനങ്ങളേറ്റു വാങ്ങി. ബോൾഡ്, ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിൽ പലതും ആരാധകർക്ക് അത്രപിടിച്ചില്ല. ഇതിനിടയിൽ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതും വിവാദമായിരുന്നു. എന്നാൽ വിമർശനങ്ങൾക്കൊന്നും ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്നാണ് നിമിഷ കരുതാറുള്ളത്. നമ്മുടെ ജീവിതം നമുക്കിഷ്ടപ്പെട്ടപോലെ ജീവിക്കാനാണ് നിമിഷയ്ക്കിഷ്ടം. 

Nimisha
നിമിഷ കുടുംബത്തോടൊപ്പം, Image Credits: Instagram/nimisha.bijo_official

ഒരു പെണ്ണിന് നേടാന്‍ പറ്റുന്നതെല്ലാം ഞാൻ നേടും
‘വിമർശനം കേട്ട് ഒന്നും ചെയ്യാതിരുന്നാൽ ഞാൻ ഇന്ന് കുട്ടികളെയും നോക്കി വീട്ടിൽ ചുമ്മാതിരിക്കണം. ഒരു പെണ്ണിന് കല്യാണം കഴിഞ്ഞാലും കുടുംബസ്ഥയായാലും എന്തെല്ലാം നേടാൻ കഴിയുമോ അതൊക്കെ ഞാൻ നേടും. അതെനിക്ക് സാധിക്കും. ഒരു പെണ്ണിന് എന്തൊക്കെ നേടാൻ പറ്റുമെന്ന് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കണം. അതെന്റെയൊരു വാശിയാണ്. ഞാൻ ഇടുന്ന കോസ്റ്റ്യൂം കുറഞ്ഞുപോയെന്ന് ഇന്നാരെങ്കിലും കമന്റ് ചെയ്താൽ അടുത്ത ദിവസം അതു കുറയ്ക്കാനേ ഞാൻ നോക്കൂ. എന്തിനാണ് എല്ലാവരും ഇങ്ങനെ മറ്റുള്ളവരുടെ കാര്യം നോക്കുന്നത്. സ്വന്തം കാര്യം നോക്കി ഇരുന്നാൽ പോരെ. എന്റെ പല ചിത്രങ്ങളും കണ്ട് പലരും അശ്ലീല കമന്റുകൾ ഇട്ടിട്ടുണ്ട്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയാൽ പോലും പലർക്കും അത് സെക്സാണ്. ഒരു പെണ്ണിന്റെ ശരീരത്തിന്റെ ഭാഗം പുറത്തു കണ്ടാൽ എന്തിന് അതിൽ സെക്സ് കൊണ്ടുവരണം. കേട്ട് കേട്ട് ഇപ്പോൾ ഞാൻ നെഗറ്റീവ് കമന്റൊന്നും ശ്രദ്ധിക്കാതായി. പലപ്പോഴും നെഗറ്റീവ് കമന്റുകൾ വരുമ്പോൾ വായിക്കുന്നത് ഭർത്താവാണ്. എന്റെ അച്ഛനോട് പലരും എന്നെ പറ്റിയൊക്കെ പറയാറുണ്ട്. അവളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ പലരും പറയും. അച്ഛൻ അവരോട് പറയാറുള്ളത് അത് അവളുടെ ഇഷ്ടമല്ലേ എന്നാണ്. എന്റെ മക്കളടക്കം എല്ലാവരും എനിക്ക് ഒരുപാട് സപ്പോർട്ട് ആണ്. അതുതന്നെയാണ് എന്റെ ബലം. ഇനി എന്തു വന്നാലും നേരിടാൻ എന്നെ പ്രേരിപ്പിക്കുന്നതും ആ സപ്പോർട്ടാണ്’. ധൈര്യത്തോടെ നിമിഷ പറ‍ഞ്ഞു. 

Content Highlights: Nimisha Bijo | Pulikali | Life Story | Life | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com