ഇന്നും ലിനിയെ ഓർക്കുന്നു, ജീവിതത്തെ പേടിപ്പെടുത്തിയ ദിവസങ്ങളാണത്; നിപ്പകാലം ഒരിക്കലും മറക്കില്ലെന്ന് സജീഷ്

HIGHLIGHTS
  • നിപ്പ എന്നു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ നോവാണ് ആരോഗ്യപ്രവർത്തകയായിരുന്ന ലിനി
  • ഒരു നിപ്പക്കാലം കൂടി വരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ലിനിയുടെ ഭർത്താവ് പറയുന്നത്. അന്നത്തെ നിപ്പകാലം ഓർത്തെടുക്കുകയാണ് സജീഷ്
lini-sajesh
ലിനിയും സജീഷും കുട്ടികളും, ചിത്രം: മനോരമ
SHARE

നിപ്പയുടെ ഭീതിയിലാണ് ഇന്ന് കേരളം. കോഴിക്കോട് ജില്ലയിൽ മൂന്നാമതും നിപ്പ പിടിപെട്ടെങ്കിലും ഇന്ന് നമുക്ക് ആ രോഗത്തെ അറിയാം. എന്തെല്ലാം മുൻകരുതലെടുക്കണമെന്നും എങ്ങനെ സജ്ജമാകണമെന്നും മുൻ മാതൃകകളിൽ നിന്ന് കേരളം പഠിച്ചതാണ്. എന്നാൽ 2018ൽ ആദ്യമായി കോഴിക്കോട് ജില്ലയിലെ സൂപ്പിക്കട എന്ന പ്രദേശത്തെ നിപ്പ പിടിമുറുക്കിയപ്പോൾ മലയാളി ഏറെ ഭയപ്പെട്ടു. അന്ന് മറ്റൊരു ജില്ലയിലേക്കും വ്യാപിക്കാതെ അസുഖത്തെ ഇല്ലാതാക്കാൻ കേരളത്തിനായെങ്കിലും 17 ജീവനുകൾ പൊലിഞ്ഞു. നിപ്പ എന്നു കേൾക്കുമ്പോൾ തന്നെ എന്നും മലയാളിയുടെ നോവാണ് ആരോഗ്യപ്രവർത്തകയായിരുന്ന ലിനി. ലിനിയെപറ്റി ചിന്തിക്കാതെ ഒരു നിപ്പകാലവും മലയാളിക്കില്ലെന്നു തന്നെ പറയാം. 

രോഗബാധിതയായി മരണത്തെ മുന്നിൽ കണ്ടിരുന്ന ലിനി എഴുതിയ കത്തും ലിനിയുടെ കുടുംബവുമെല്ലാം മലയാളിക്ക് പരിചിതമാണ്. നിപ്പ വീണ്ടും കോഴിക്കോടിനെ പിടിമുറുക്കുമ്പോൾ ഭയത്തോടൊപ്പം ലിനിയുടെ ഓർമകളും വീണ്ടെടുക്കകയാണ് ഭർത്താവ് സജീഷ്. അന്ന് പേരാമ്പ്രയിലായിരുന്നു താമസമെങ്കിൽ ഇന്ന് സജീഷും കുട്ടികളും വടകരയിലാണ് താമസം. വീണ്ടും നിപ്പ പടർന്ന സ്ഥലത്തിന് അടുത്ത്. ഒരു നിപ്പക്കാലം കൂടി വരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് സജീഷ് പറയുന്നത്. അന്നത്തെ നിപ്പകാലം ഓർത്തെടുക്കുകയാണ് സജീഷ്. 

∙പേടിപ്പെടുത്തുന്നതാണ് അന്നത്തെ ഓർമകൾ
ഒരിക്കലും നിപ്പയെ എനിക്കോ എന്റെ കുടുംബത്തിനോ മറക്കാൻ കഴിയില്ല. എന്നും പേടി മാത്രമാണ് ആ ദിവസങ്ങളെ പറ്റി ചിന്തിക്കുമ്പോൾ. ഇതു മൂന്നാം തവണയാണ് കോഴിക്കോട് നിപ്പ എത്തുന്നത്. സ്വന്തം നാട്ടിൽ തന്നെ വീണ്ടും നിപ്പ എത്തുമ്പോൾ കൂടുതൽ ജാഗ്രത ഉണ്ടായേ പറ്റു. ഞാൻ നാട്ടിൽ എത്തിയപ്പോഴാണ് നിപ്പയെ പറ്റി അറിയുന്നത്. അന്നത്തെ അവസ്ഥയെല്ലാം അതിഭയങ്കരമായിരുന്നു. മെയ് 21ന് അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് നഗരം മുഴുവൻ അടച്ചിട്ട അവസ്ഥയായിരുന്നു. അന്നിത് എന്താണെന്ന് പോലും അറിയില്ലായിരുന്നു. വായുവിലൂടെ രോഗം പകരുമോ, എന്താണ് അവസ്ഥ, ഒന്നും അറിയില്ലായിരുന്നു. പേടിച്ച് പേടിച്ചാണ് എല്ലാവരും ജീവിച്ചത്. ലിനിക്ക് കൂടി അസുഖം പിടിപെട്ടു എന്നറിഞ്ഞതോടെ ഉണ്ടായിരുന്ന പേടി കൂടി. ഇനി എന്തുചെയ്യും എങ്ങനെ ഇതിനെ അതിജീവിക്കും, മുഴുവൻ ആളുകൾക്കും അസുഖം പടരുമോ എന്നൊക്കെയായിരുന്നു അന്നത്തെ പേടി. ആളുകൾക്കൊക്കെ അന്ന് ഞങ്ങളുടെ അടുത്തേക്ക് വരാനൊക്കെ പേടിയായിരുന്നു.  ലിനി മരിച്ച സമയത്ത് ക്രിമേഷൻ കഴിഞ്ഞ് വന്നപ്പോഴും ആളുകളൊന്നും അടുത്തേക്ക് വരുന്നില്ല. എല്ലാവർക്കും പേടിയാണ്. എങ്ങനെ അസുഖം വരുമെന്ന് പോലും അന്ന് അറിയില്ലല്ലോ. 

lini-sajesh1
ലിനിയുടെ ഫൊട്ടോയ്ക്കരികിൽ സജീഷും കുട്ടികളും, ചിത്രം: മനോരമ

∙ലിനിയുടെ കരുതലാണ് ഞങ്ങളെ രക്ഷിച്ചത്
ലിനിയുടെ മരണത്തിന് ശേഷം നിപ്പ സെല്ലിൽ നിന്നെല്ലാം ഒരുപാട് തവണ വിളിക്കുമായിരുന്നു. കൂടെയുള്ളവര്‍, കണ്ടവർ എല്ലാവരുടെ വിവരവും ശേഖരിച്ചിരുന്നു. നമ്മൾ വഴി ഇനി വേറെ ആർക്കെങ്കിലും അസുഖം വരുമോ എന്ന ടെൻഷൻ അന്ന് നന്നായി ഉണ്ടായിരുന്നു. എന്നാൽ ലിനി അന്ന് ഒരുപാട് കരുതിയിരുന്നു. അവൾക്ക് അസുഖം വന്നെങ്കിലും അവൾ വഴി മറ്റൊരാൾക്കും രോഗം പകരാതിരിക്കാൻ കൂടുതൽ ശ്രദ്ധിച്ചു. ലിനി ഇടപഴകിയ ഓരോ ആളുകളെയും ലിസ്റ്റ് വച്ച് ഇൻക്യുബേഷൻ പിരീഡ് കഴിയുന്നതും നോക്കി നിന്നു. കലണ്ടറിൽ ദിവസം മാർക്ക് ചെയ്ത് ഓരോ ആളുകളെയും നിരീക്ഷിച്ചു പോന്നു. പക്ഷേ, ലിനിയുടെ കരുതൽ ഭയപ്പാട് കുറച്ചു. അവൾ വഴി രോഗം ആരിലേക്കും പടർന്നില്ല. അന്നത്തെ ആ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു ഭയമാണ്. അന്ന് രോഗം സ്ഥരീകരിക്കാൻ തന്നെ കൂടുതൽ സമയം വേണ്ടി വന്നു. പക്ഷേ, ഇന്ന് അങ്ങനെയല്ല. ഇന്ന് നമ്മുടെ സിസ്റ്റം കൂടുതൽ സജ്ജമായതു കൊണ്ട് പെട്ടെന്ന് സഥിരീകരിക്കാൻ സാധിക്കുന്നു എന്നത് ആശ്വസമാണ്. 

∙ജാഗ്രത ആവശ്യമാണ്, കുട്ടികൾക്കൊക്കെ അറിയാം
ഞാൻ ഇപ്പോൾ താമസിക്കുന്നത് വടകരയിലാണ്. ആദ്യ നിപ്പ തന്നെ ജീവിതത്തിൽ ഏറെ ദുഃഖമുണ്ടാക്കിയതാണ്. ഇനിയും ഒരു ദുരന്തം താങ്ങാനാകില്ല. ഇന്ന് താമസിക്കുന്നത് നിപ്പ ബാധിച്ച സ്ഥലത്തിന് വളരെ അടുത്താണ്. അതുകൊണ്ട് തന്നെ എല്ലാവിധ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. കുട്ടികളോടൊക്കെ കൂടുതൽ ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാനും നന്നായി കൈ കഴുകാനുമെല്ലാം എപ്പോഴും പറയാറുണ്ട്. ഉള്ളിന്റെ ഉള്ളിൽ എന്നും നിപ്പ ഭീതി ഉള്ളതുകൊണ്ട് കൂടുതൽ പേടിയാണ്. അവർക്കും ഇന്ന് അറിയാം. എന്താണ് നിപ്പ എന്ന്. അതുകൊണ്ട് തന്നെ അവരും അതിനെ അതുപോലെ കരുതുന്നുണ്ട്. 

Read More: ‘അദ്ദേഹവുമായി കോൺടാക്റ്റുണ്ട്, പ്രണയം തകർന്നത് മാത്രമല്ല, എനിക്ക് പേടിയുണ്ട്’; വിവാഹത്തെപറ്റി നന്ദിനി

നിപ്പ എന്നു കേൾക്കുമ്പോൾ ലിനിയെയും അന്നത്തെ ആ ഒരു അവസ്ഥയുമാണ് എല്ലാവരുടെയും മനസ്സിൽ. ചിലപ്പോൾ ഇന്നും ഞങ്ങളൊക്കെ ജീവനോടെ നിൽക്കുന്നത് അന്ന് ലിനി ചെയ്ത കരുതൽ കൊണ്ടാവാം. കാരണം അന്ന് ഒരുപാട് പേർ മരണപ്പെട്ടെങ്കിലും ഞങ്ങളുടെ കുടുംബത്തിൽ ആർക്കും അസുഖം വന്നില്ല. ഇന്ന് ഞാനും ലിനിയെ ഓർക്കുന്നുണ്ട്. ഞാൻ ലിനിയുടെ ഭർത്താവെന്ന് പറയുമ്പോൾ പോലും നിപ്പ എന്നതാണ് എല്ലാവരും ഓർക്കുന്നത്. 

ജീവിതത്തില്‍ ഏറെ സങ്കടമുള്ള ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ദിവസങ്ങളാണ് സജീഷിനും കുട്ടികൾക്കും നിപ്പ. ഇനിയും ഇതുപോലൊരു കുടുംബം അനുഭവിക്കരുത്, ആർക്കും ഇനി അസുഖം വരാതിരിക്കട്ടെ എന്നു മാത്രമാണ് സജീഷിന് പറയാനുള്ളത്. നിപ്പയെ അതിജീവിക്കും വരെ ജാഗ്രത തുടരണമെന്നും സജീഷ് പറയുന്നു. 

Content Highlights: Sister Lini | Lini | Sajesh | Nipah | Lifestyle | Life | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS