ADVERTISEMENT

അടുത്തിടെയാണ് സീരിയൽ താരം രഞ്ജുഷ ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ, പുറത്തു വരുന്ന വാർത്തകൾ ശരിയല്ലെന്നും മരണത്തിനു മുൻപ് നടന്ന കാര്യങ്ങൾ എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ.

‘താരോത്സവം നടക്കുന്ന സമയത്താണ് രഞ്ജുഷയുമായി പരിചയപ്പെടുന്നത്. ഈ വിഷയത്തിൽ മൗനം പാലിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ രഞ്ജുഷയുടെ മരണം കൊണ്ട് യൂട്യൂബ് ചാനലുകൾ ആറാടുകയാണ്. അവർ തന്നെ മെനഞ്ഞെടുത്ത പല കഥകളുമാണ് നിറയുന്നത്. രഞ്ജുഷയുമായി ബന്ധപ്പെട്ടവരും ആദരാഞ്ജലി ഇട്ടവർക്കുമെല്ലാം പ്രശ്നമാണ്. കാര്യം അറിയാതെയാണ് പല യൂട്യൂബ് ചാനലുകളും കാര്യം പറയുന്നത്. പലതും പറഞ്ഞ് രഞ്ജുഷയുടെ സഹപ്രവർത്തകരെയെല്ലാം പ്രതികൂട്ടിൽ നിർത്തുകയാണ്. 

രഞ്ജുഷയും രഞ്ജുഷയുടെ പങ്കാളിയും സീരിയൽ സംവിധായകനുമായ മനോജ് ശ്രീകലവുമായി എനിക്ക് വലിയ ആത്മബന്ധമൊന്നുമില്ല. ഒരു സീരിയൽ ലൊക്കേഷനിൽ വച്ചാണ് ഇരുവരും തമ്മിൽ സ്നേഹബന്ധമുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അറിയുന്നത്. അന്നു രണ്ടുപേരും വിവാഹമോചനം നേടിയിരുന്നില്ല. അന്ന് ഞാൻ അത് ബീനയോട് പറഞ്ഞിരുന്നു. പിന്നീട് ബീന രഞ്ജുഷയോട് അത് ചോദിച്ചു. അന്ന് അങ്ങനൊരു ബന്ധമില്ലെന്നാണ് രഞ്ജുഷയും പിന്നീട് മനോജും പറഞ്ഞത്. പിന്നീട് ‍ഞങ്ങള്‍ അതിനെപറ്റിയൊന്നും ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. 

മരണത്തിന് ശേഷം ഞാൻ മനോഷ് ശ്രീകലവുമായി ബന്ധപ്പെട്ടിരുന്നു. രഞ്ജുഷയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് അവർ തമ്മിൽ എന്തോ പ്രശ്നങ്ങളുണ്ടായിരുന്നു. രഞ്ജുഷയുടെ പിറന്നാൾ ദിവസം രാവിലെ അവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. രാവിലെ മനോജ് ആശംസ അറിയിക്കാൻ മറന്നു പോയി. പിന്നെ അതിന് സോറി പറഞ്ഞിരുന്നു. ‌പിന്നെ രണ്ടുപേരും തമ്മിൽ ചില വഴക്ക് ഉണ്ടായി. ഷൂട്ടിങ്ങ് തിരക്കിനെ തുടര്‍ന്ന് മനോജ് ലൊക്കേഷനിലേക്ക് പോവുകയും ചെയ്തു. പോകുന്ന വഴിയിലും ഫോണ്‍ വിളിച്ച് വഴക്ക് നടന്നു. പിന്നീട് ചിത്രീകരണ തിരക്കിലായതിന് ശേഷം അദ്ദേഹം ഫോണ്‍ നോക്കിയില്ലെന്നാണ് പറയുന്നത്. കുറച്ച് സമയത്തിന് ശേഷം തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയായി. ഇതോടെ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊണ്ട് വിളിപ്പിച്ചു. രക്ഷയില്ലെന്ന് കണ്ടതോടെയാണ് മനോജ് ഫ്ലാറ്റിലേക്ക് പോകുന്നതും അവിടെ ചെന്ന് ബാല്‍ക്കണിയിലൂടെ കയറി നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടതും. ഇതാണ് മനോജ് എന്നോട് പറഞ്ഞത്’– മനോജ് കുമാർ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. 

‘രഞ്ജുഷയെ അവസാനമായി കാണാന്‍ പോയപ്പോള്‍ എനിക്ക് സങ്കടമല്ല, അമര്‍ഷമാണ് തോന്നിയത്. ഞാൻ തകർന്നു പോയത് രഞ്ജുഷയുടെ മകളെ കണ്ടപ്പോഴാണ്. ആ കുഞ്ഞിനെ കണ്ടപ്പോൾ എന്റെ കുഞ്ഞിനെയാണ് ഓർമ വന്നത്. അവളുടെ അച്ഛൻ അമ്മയെ ഒക്കെ കണ്ടപ്പോൾ സങ്കടം തോന്നി. അതെന്നെ തകർത്തു. അഹങ്കാരം കൊണ്ടാണ് അത് ചെയ്യുന്നത്. ആത്മഹത്യയെ കുറ്റം പറയില്ല. ഒരു വഴിയുമില്ലാതെ ആത്മഹത്യ ചെയ്യുന്നവരെ കുറ്റം പറയില്ല. പക്ഷേ, രഞ്ജുഷയ്ക്ക് സാമ്പത്തികമായ മറ്റൊരു പ്രശ്നവുമുണ്ടായിരുന്നില്ല. ആ കുഞ്ഞിനെ ഓർക്കാതെ ആരോടോ ഉള്ള ദേഷ്യം കൊണ്ടാണ് പോയത്. രഞ്ജുഷയുടെ മരണത്തിന് ഉത്തരവാദി രഞ്ജുഷ തന്നെയാണ്. മനോജിനെ എല്ലാരും സംരക്ഷിന്നുവെന്നു പലരും പറയുന്നു. അങ്ങനെ ഒന്നുമില്ല. കേസെല്ലാം അതിന്റേതായ രീതിയിൽ നടക്കുന്നുണ്ട്. 

ഞാൻ ഇതെല്ലാം പറഞ്ഞതുകൊണ്ട് പലർക്കും എന്നോട് ദേഷ്യം തോന്നാം. എന്നിരുന്നാലും പറയാനുള്ളത് ഞാന്‍ പറയുകയാണ്. എപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഒരു അച്ചടക്കം വേണം. അതാണ് നമ്മുടെ ജീവിതം തകര്‍ക്കുന്നത്. പണത്തിനോടും കാമത്തിനോടും ആര്‍ത്തി പിടിച്ച് നാം പോകരുത്. നമുക്ക് അവകാശപ്പെടാത്ത സ്‌നേഹം പിടിച്ച് വാങ്ങാനോ തട്ടിയെടുക്കാനോ പോകരുത്. അങ്ങനെ പോയാല്‍ നമ്മളെ അവസാനം കാത്തിരിക്കുന്നത് ദുരന്തം മാത്രമായിരിക്കും’– മനോജ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com