ADVERTISEMENT

ആലുവയിലെ ഒരു പെൺകുഞ്ഞ് ഇക്കഴിഞ്ഞ ദിവസം മരിച്ചു. അല്ല, അതൊരു കൊലപാതകമായിരുന്നു. അവൾ മറ്റൊരു മതത്തിൽ നിന്നുള്ള പയ്യനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം പിതാവ് വിഷം നിർബന്ധിച്ചു നൽകുകയായിരുന്നു എന്നറിയുമ്പോഴാണ് അതിലെ ക്രൂരത മനസ്സിലാവുക. കമ്പിവടി കൊണ്ട് അടിച്ച ശേഷമാണ് പെൺകുട്ടിക്കു വിഷം നൽകിയത്. അങ്ങനെ ദുരഭിമാനക്കൊലയ്ക്ക് വീണ്ടുമൊരു ഇര കൂടി. ഇനിയും എത്ര മരണങ്ങളാണ് നടക്കാനുള്ളത്?

ദുരഭിമാനം വല്ലാത്തൊരു വിഷവിത്താണ്. അത് എല്ലാ രീതിയിലും മനുഷ്യനെ ബാധിക്കുന്നതുമാണ്. അഭിമാനത്തെ ബാധിക്കുന്നതെന്തും ദുരഭിമാനമായി കാണുന്നവരാണ് മിക്കവരും. ക്ഷമിക്കാനുള്ള സാധ്യതകൾ ഉണ്ടായിട്ടും ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു നിമിത്തം അതിനെ ഇല്ലാതാക്കുകയാണ് ഇത്തരക്കാർ ചെയ്യുക. പ്രധാനമായും ജാതിയാണ് പ്രശ്നം. തങ്ങൾക്ക് അനഭിമതരായ ജാതിയിലുള്ളവരെ സ്വന്തം കുടുംബത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത തലമുറ ഇപ്പോഴും ഇവിടെയുണ്ട്. മറ്റൊരു മതം ആയാലോ ജാതി ആയാലോ സമൂഹവും കുടുംബത്തിലുള്ള മറ്റുള്ളവരും എന്തു പറയും എന്നുള്ള ഉത്കണ്ഠയിൽനിന്ന് അവരുടെ പക തുടങ്ങുന്നു. ‘ഇത്രയും നാൾ സമൂഹത്തിൽ തലയുയർത്തി ജീവിച്ചു. എന്നാൽ താഴ്ന്ന ജാതിയിൽനിന്ന് ഒരാൾ കുടുംബത്തിലേക്കു വന്നാൽ പിന്നെ എന്താണ് സൽപ്പേരിന്റെ അവസ്ഥ?’ എന്ന ചോദ്യം ബുദ്ധിമുട്ടുണ്ടാക്കിത്തുടങ്ങും. ഇതുതന്നെയാണ് ആലുവയിലും സംഭവിച്ചത്, പലയിടങ്ങളിലും സംഭവിച്ചിട്ടുള്ളതും. ഇതിനിടയിൽ സ്വന്തം കുഞ്ഞുങ്ങളുടെ ഇഷ്ടമോ മനസ്സോ ഒന്നും വിഷയമല്ല, അവരുടെ സമാധാനവും സന്തോഷവും പ്രശ്നമല്ല. നാണക്കേടു മാത്രമാണ് വിഷയം. ഇത്തരത്തിൽ നാണക്കേടിൽ മുങ്ങി ഭർതൃവീട്ടിൽ മരിച്ച എത്ര പെൺകുട്ടികളാണ് വാർത്തകളിൽ നിറഞ്ഞത്? നാണക്കേട് എന്നത് എല്ലായ്പ്പോഴും പെൺകുട്ടികൾ ഉള്ള വീടുകളിൽ മാത്രമാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ അഭിമാനം ഉയർത്തിപ്പിടിക്കേണ്ടവരാണ് പെൺകുട്ടികൾ എന്ന സമൂഹത്തിന്റെ ചിന്ത.

കഴിഞ്ഞ ആറു വർഷത്തിനിടെ ആലുവയിൽ നടന്നത് കേരളത്തിലെ ‌അഞ്ചാമത്തെ ദുരഭിമാനക്കൊലപാതകമാണ്. സ്ത്രീധനം ചോദിച്ചു ക്രൂശിക്കുന്ന ഭർതൃ വീടുകളിൽനിന്ന് പെൺകുട്ടികളെ തിരിച്ചു വിളിക്കാതെ എത്ര മാതാപിതാക്കൾ ദുരഭിമാനം കൊണ്ട് അവരെ കൊലയ്ക്കുകൊടുത്തു? എത്ര പേരെ നരകത്തിൽ ഇട്ടു കൊടുത്തു? ഇതിനിയും കുറയാൻ പോകുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം. ഇനിയും ഇത്തരം വാർത്തകൾ കേട്ട് സമൂഹത്തോട് കലഹിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. എന്നെങ്കിലുമൊരിക്കൽ കാലം മായ്ക്കാം ദുരഭിമാന ചിന്തകളെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com