‘ലെനയ്ക്ക് മാനസികപ്രശ്നം’, അനിതയ്ക്ക് കാൻസർ; രണ്ടുപേരും പറയുന്നു: ഈ ലോകം സത്യമല്ല
Mail This Article
നല്ല അഭിനേത്രി എന്ന നിലയിൽ എന്നേ അംഗീകരിക്കപ്പെട്ടയാളാണ് ലെന. എന്നാൽ ഇപ്പോൾ, അത്ര പെട്ടെന്നു മനസ്സിലാകുന്ന കാര്യങ്ങളല്ല ലെന പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ കാണുന്ന പ്രപഞ്ചം തന്നെയാണ് ഞാൻ എന്നും ആർക്കും സ്വന്തമായി മനസ്സ് ഇല്ലെന്നും ലെന പറയുമ്പോൾ, കേൾക്കുന്നവർ അമ്പരക്കുന്നു, ലെനയ്ക്ക് എന്തോ മാനസികപ്രശ്നം ഉണ്ടോ എന്നു സംശയിക്കുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ തനിക്കുണ്ടായ ആത്മീയ അനുഭവത്തെക്കുറിച്ചും അതിനു ശേഷം വർഷങ്ങളോളം സൈക്യാട്രിക് മെഡിസിൻ എടുക്കേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം ലെന മാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്. ഒപ്പം ജീവിതത്തെക്കുറിച്ചുള്ള തന്റെ അസാധാരണമായ അനുഭവങ്ങളും അറിവുകളും വിവരിക്കുന്ന ‘ആൻ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകവും ലെനയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
മുജ്ജൻമങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും കഴിഞ്ഞ ജൻമം താൻ ഒരു ബുദ്ധസന്യാസി ആയിരുന്നെന്നുമാണ് ലെന പറയുന്നത്. മനഃശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട് അവർ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും ഇടയിട്ടു. എന്തായാലും സമൂഹമാധ്യമങ്ങളിൽ ലെനയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ നടക്കുകയാണ്. ലെന പറയുന്ന കാര്യങ്ങളൊന്നും, അവർ പറയുന്നത് പോലെ ലോകം ആദ്യമായി കേൾക്കുന്നതല്ല. എത്രയോ മഹാത്മാക്കൾ പറഞ്ഞുപോയ കാര്യങ്ങളാണ് വളരെ സരസമായി അവർ വിവരിക്കുന്നത്. പക്ഷേ ഇത്തരം കാര്യങ്ങൾ പറയുന്നവർക്ക് ഒരു നിശ്ചിത പ്ലാറ്റ്ഫോം വേണമെന്ന സമൂഹത്തിന്റെ നിർബന്ധബുദ്ധിയായിരിക്കും ലെനയ്ക്ക് നേരെയുള്ള വിമർശനങ്ങൾക്കു പിന്നിൽ. പക്ഷേ ലെന മാത്രമല്ല വ്യത്യസ്തമായ ഒരു മേഖലയിൽ നിന്നുകൊണ്ട് ഫിലോസഫി പറയുന്നത്. ലെന പറയുന്നത് മനസ്സിലാകണമെങ്കിൽ അനിത മുർജനി എന്ന ഇന്ത്യൻ വംശജയെക്കുറിച്ചു കൂടി കേൾക്കണം.
കേരളത്തിൽ ലെന, ഹോങ്കോങ്ങിൽ അനിത
സിംഗപ്പൂരിൽ ജനിച്ച് ഹോങ്കോങ്ങിൽ വളർന്ന ഇന്ത്യൻ വംശജയാണ് അനിത മൂർജനി. അനിതയുടെ കഥ ഇങ്ങനെ:
കോർപറേറ്റ് മേഖലയിൽ ഓടിനടന്ന് ജോലിയെടുക്കുന്നതിനിടെ 2002 ലാണ് അനിതയ്ക്ക് ലിംഫോമ സ്ഥിരീകരിച്ചത്. രോഗം ഏറ്റവും തീവ്രമായ നാലാംഘട്ടത്തിലെത്തിയെന്നും ഇനി മരണം കാത്തിരിക്കുകയേ വേണ്ടൂ എന്നും ഡോകടർമാർ വിധിയെഴുതിയ കേസ്. 2006 ഫെബ്രുവരി 2 ന് പുലർച്ചെ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ മണിക്കൂറുകൾ മാത്രമാണ് ആയുസ്സ് വിധിച്ചത്. ആ അവസ്ഥയിൽ നിന്നാണ് അനിത മറ്റൊരു തലത്തിലേക്ക് പ്രവേശിച്ചത്. തന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഡോക്ർമാർ അവരുടെ മുറികളിൽ നടത്തുന്ന ചർച്ചകൾ അനിത കേൾക്കുന്നുണ്ട്. മരിക്കും മുമ്പു തന്നെ കാണാൻ പുറപ്പെടാനൊരുങ്ങി ഡൽഹി ഇന്റർനാഷനൽ എയർപോർട്ടിൽ നിൽക്കുന്ന സഹോദരനെയും അനിത വ്യക്തമായി കാണുന്നുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മറ്റൊരു ലോകമായിരുന്നു അത്. ഭൂമിയിലെ തന്റെ ജീവിതത്തെയും ലക്ഷ്യത്തെയും കുറിച്ച് വലിയ വ്യക്തതയും ധാരണയും അവിടെനിന്നു ലഭിച്ചു എന്നാണ് അവർ പറയുന്നത്. ജീവിതത്തിലേക്ക് മടങ്ങണോ വേണ്ടയോ എന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നു. ത്രിമാനമെന്നു കരുതുന്ന ഈ ലോകം അതിലും എത്രയോ അപ്പുറമാണെന്ന് വ്യക്തമായത് അപ്പോഴായിരുന്നു. ജീവിതത്തിലേക്കു മടങ്ങിവരാൻ തീരുമാനിച്ച അനിത ദിവസങ്ങൾക്കുള്ളിൽ അപകടാവസ്ഥ തരണം ചെയ്തു. മാസങ്ങൾക്കുള്ളിൽ രോഗത്തിൽനിന്ന് പൂർണമുക്തി നേടി. അദ്ഭുതകമായ ആ തിരിച്ചുവരവിനെ വിവരിക്കാൻ അവരെ ചികിത്സിച്ച ഒരു ഡോക്ടർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. സമയത്തിനും കാലത്തിനും അപ്പുറമുള്ള ഒരു സഞ്ചാരമായാണ് അനിത ആ അനുഭവത്തെ പിന്നീടുള്ള അഭിമുഖങ്ങളിൽ വിശദീകരിക്കുന്നത്. ബോധത്തിന്റെ ആ തലങ്ങളിലെത്തിയപ്പോൾ പത്തു വർഷം മുമ്പ് മരിച്ച തന്റെ പിതാവിന്റെയും കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരു പ്രിയ സുഹൃത്തിന്റെയും സാന്നിധ്യം അനുഭവിച്ചതായും അവർ വിശദീകരിക്കുന്നു.
രോഗമുക്തയായ അനിതയുടെ രണ്ടാംജീവിതം
മരണത്തിന്റെ നേർക്കാഴ്ചയും അതിനെക്കുറിച്ച് ആഴത്തിലുള്ള ധാരണയുമുണ്ടായാൽ മനസ്സിലാകും ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് ഓരോരുത്തരും കരുതുന്നതിനൊന്നും ഒരു പ്രാധാന്യവുമില്ലെന്ന്. അവനവൻ ആയി ജീവിക്കാതെ സമ്മർദങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുന്നതിന്റെ അപകടം കൂടിയാണ് ആ അനുഭവം അനിതയ്ക്ക് സമ്മാനിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളെപ്പോലും അതിജീവിക്കാനുള്ള ആന്തരിക ശക്തിയും വിവേകവും ഓരോരുത്തർക്കുമുണ്ടെന്നാണ് അനിത പറയുന്നത്. നന്നായി ജീവിച്ച്, അഭിനിവേശങ്ങൾ കണ്ടെത്തി ഭയങ്ങളെ മറികടന്ന്, ശുദ്ധമായ സന്തോഷത്തിന്റെ ഒരു സ്ഥലത്തുനിന്ന് ജീവിക്കാൻ അനിത മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ്. കാലവും സമയവുമില്ലാത്ത ആ യാഥാർഥ്യത്തെ വ്യക്തമായി, ലളിതമായി അനിത മൂർജനി വിവരിക്കുന്നതു കേൾക്കാൻ പതിനായിരക്കണക്കിനാളുകളാണ് ഇപ്പോൾ കാത്തുനിൽക്കുന്നത്. ഭൂമിയിലെ ജീവിതത്തിന്റെ ഉദ്ദേശ്യം, നിലവിലെ വിശ്വാസങ്ങൾ, ജീവിതരീതി തുടങ്ങിയവയെക്കുറിച്ചുള്ള യഥാർഥ അവബോധം സൃഷ്ടിക്കാനാണ് താൻ മിച്ചുകൊണ്ടിരിക്കുന്നതെന്ന് അനിത പറയുന്നു.
ബെസ്റ്റ് സെല്ലറായി ഡൈയിങ് ടു ബി മീ
തീവ്രമായ രോഗത്തിൽനിന്നും മരണാസന്നമായ അനുഭവത്തിൽനിന്നും ജീവിതത്തിലേക്കു തിരികെ വന്ന അനിത തന്റെ ഇന്ദ്രീയാതീത അനുഭവങ്ങളെക്കുറിച്ചും ജീവിത കാഴ്ച്ചപ്പാടിനെക്കുറിച്ചും തന്നെക്കുറിച്ചുമെല്ലാം വിശദമായി എഴുതി. ‘ഡൈയിങ് ടു ബി മീ’ എന്ന ആത്മകഥ 2015 ഏപ്രിൽ 15 ന്, ഡെഡ്‌ലൈൻ ഹോളിവുഡ് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകമായി. താൻ അറിഞ്ഞതും അനുഭവിച്ചതും മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന ആഗ്രഹം തിരികെ ശരീരത്തിലേക്ക് എത്താൻ കാരണമായതായി പുസ്തകത്തിന്റെ ആമുഖത്തിൽ അനിത മൂർജനി പറയുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോൾ ഇന്ത്യക്കാരി എന്ന നിലയിൽ സാംസ്കാരികമായും മതപരവുമായി അനുഭവിക്കേണ്ടിവന്ന വിവേചനവും ഒറ്റപ്പെടലും മാരകമായ രോഗവും അതിജീവനവുമൊക്കെ ഈ പുസ്തകത്തിലുണ്ട്. മറ്റെന്തെങ്കിലുമോ മറ്റാരെങ്കിലുമോ ആകാൻ ശ്രമിക്കുന്നത് യഥാർഥ സ്വത്വത്തെ നഷ്ടപ്പെടുത്തുന്നതാണ്. ഞാൻ ആരാണെന്നു മനസ്സിലാക്കാൻ ഏറ്റവും വലിയ തടസമാകുന്നത് മറ്റൊരാളായി ജീവിക്കാൻ ശ്രമിക്കുമ്പോഴാണെന്നും അനിത മൂർജനി ലോകത്തോട് പറയുന്നു.
അനിത മൂർജനിക്ക് പ്രഭാഷണങ്ങൾക്കും ക്ലാസുകൾക്കുമായി ലോകമെമ്പാടുംനിന്ന് ക്ഷണം ലഭിക്കുന്നുണ്ട്. ആത്മീയ വിശ്വാസങ്ങളുടെ മനഃശാസ്ത്രം, മരണം, ജീവിതം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായി സംസാരിക്കാൻ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് അവർ ക്ഷണിക്കപ്പെടുന്നത്. ഹോങ്കോങ് സർവകലാശാലയിലെ ബിഹേവിയറൽ സയൻസസിൽ പതിവായി ക്ലാസെടുക്കുന്നുണ്ട് അവരിപ്പോൾ. ജീവിതത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളെ പോലും അതിജീവിക്കാൻ കഴിയുന്ന ആന്തരിക ശക്തിയും വിവേകവും നമുക്കെല്ലാവർക്കും ഉണ്ടെന്ന സത്യം അനിത ഉൾക്കൊള്ളുന്നു. താൻ തന്നെ അതിന്റെ ജീവിക്കുന്ന തെളിവാണെന്ന് കാണിച്ചുകൊടുക്കുന്നു.
മനുഷ്യന്റെ അപാരമായ ശക്തിയും സാധ്യതയും വിശദീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ലെനയും അനിതയും വ്യക്തമാക്കുന്നുണ്ട്. ഇവർ പരസ്പരം കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ കാണുന്ന ലോകത്തിന് അപ്പുറമെന്തൊക്കെയോ ഉണ്ടെന്ന് ചിന്തിക്കുന്നവരോടാണ് സംസാരിക്കാനുള്ളതെന്ന് ഇവർക്കറിയാം. തങ്ങൾ പറയുന്നത് എല്ലാവരും ഏറ്റെടുക്കണമെന്ന നിർബന്ധം രണ്ടുപേർക്കുമില്ല.
ഭാരതീയ ദർശനശാസ്ത്രങ്ങൾ പറയുന്നത് ഇങ്ങനെ
ഈ ലോകം എന്നത് പലർക്കും പലതാണ്. നേരിട്ടു മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് സത്യമെന്നു കരുതുന്നവരുണ്ട്. നീളം, വീതി, ഉയരം എന്നിവയുടെ അടിസ്ഥാനത്തിൽ ഭൗതികശാസ്ത്രം കൽപിക്കുന്നത് 3 ഡൈമൻഷനാണ്. പിന്നീട് അതിന്റെ കൂടെ സമയം കൂട്ടിചേർക്കപ്പെട്ടപ്പോൾ അത് 4 ഡൈമൻഷനിലേക്ക് മാറി. ആ തലത്തിൽ നിന്നുള്ള പ്രപഞ്ചവീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. പക്ഷേ ഭാരതത്തിന്റെ അധ്യാത്മിക പാരമ്പര്യത്തിൽ പ്രപഞ്ചം അളക്കാനാകാത്തതാണ്, അതിനാൽ അതിനു ഡൈമൻഷനില്ല. അതേസമയം മനസ്സ്സു സൃഷ്ടിക്കുന്ന വിവിധ ഡൈമൻഷനുകളിൽ പ്രപഞ്ചത്തിന് വ്യത്യസ്ത മാനങ്ങൾ കൽപ്പിക്കാനുമാകും.
മനസ്സ് എന്നു കേൾക്കുമ്പോൾ ഓരോരുത്തർക്കും പ്രത്യകമായുള്ള ഒന്നാണെന്ന് തോന്നുമെങ്കിലും മനസ്സ് വ്യക്തിഗതമല്ല എന്നാണ് സാംഖ്യദർശനം പോലുള്ളവ വ്യക്തമാക്കുന്നത്. പ്രകൃതിയുടെ ഭാഗമാണ് ഇവിടെ മനസ്സ്. വ്യത്യസ്ത തലങ്ങളുള്ള മനസ്സ് വ്യത്യസ്ത അനുഭവങ്ങൾക്കുള്ള സാധ്യതയാണ് നൽകുന്നത്. സാധാരണ മനുഷ്യന്റെ ബോധമനസ്സ് വ്യക്തിയുടെ അനുഭവങ്ങൾ മാത്രം സമ്മാനിക്കുമ്പോൾ കൂടുതൽ ഏകാഗ്രമായി മനസ്സിന്റെ ആഴത്തിലുള്ള തലങ്ങളിലേക്ക് കടക്കുന്നവർക്ക് സമാന അനുഭവങ്ങളുണ്ടായെന്നു വരാം. അത് മനസ്സിന്റെ വ്യാപ്തി കൂടുന്നു എന്നതിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. മനസ്സിന്റെ അടിത്തട്ടിലേക്ക് കൂടുതൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും പഴയ അനുഭവങ്ങളുടെ ഓർമകളിലേക്കും കടക്കാം. അത് കഴിഞ്ഞുപോയ ജൻമങ്ങളെക്കുറിച്ചുള്ളത് വരെയാകാം. അത്തരത്തിലുള്ള അനുഭവങ്ങളുടെ ശേഖരമുള്ളതിനാലാകാം ചില സ്വപ്നങ്ങളും വ്യക്തികളുമൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നത്. പതഞ്ജലിയുടെ യോഗദർശനം പോലുള്ള ഗ്രന്ഥങ്ങൾ, മനസ്സ് ഏകാഗ്രമാകുമ്പോൾ കൈവരിക്കാനാകുന്ന സിദ്ധികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതായത് ഏകാഗ്രമായ മനസ്സ് അപൂർവമായ അനുഭവങ്ങളിലേക്ക് വ്യക്തിയെ നയിക്കുന്നു. ഇത് ഭൗതികജീവിതത്തിലും സംഭവിക്കും. ഏതെങ്കിലും വിഷയത്തിലുള്ള നിരന്തരമായ ധ്യാനവും ശ്രദ്ധയുമാണ് ശാസ്ത്രജ്ഞൻമാരെ പല കണ്ടുപിടിത്തങ്ങളിലേക്കും എത്തിക്കുന്നതെന്ന് ഓർക്കുക.
മനസ്സിന്റെ ഈ വ്യത്യസ്ത തലങ്ങളെ ആധുനിക മനഃശാസ്ത്രം ഗൗനിക്കുന്നില്ല. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ പഠനങ്ങളാണ് പരക്കെ അംഗീകരിക്കപ്പെടുന്നത്. ഇദ് (Id), ഈഗോ(Igo), സൂപ്പർ ഈഗോ (Super Igo) എന്നിങ്ങനെ മനസ്സിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് ഫ്രോയ്ഡ് പറയുന്നുണ്ട്. ഒരു പടികൂടി കടന്ന് കളക്ടീവ് അൺകോൺഷ്യസിനെക്കുറിച്ച് പറഞ്ഞത് കാൾ യുങ് മാത്രമാണ്. പക്ഷേ അതിനുമപ്പുറത്ത്ു നിന്നാണ് ഭാരതീയ ദർശനം മനസ്സിനെ വിശദീകരിക്കുന്നത്. പിന്നീടു വന്ന തത്വചിന്തകരായ ഓഷോയെപ്പോലുള്ളവർ മനസ്സിന്റെ പ്രത്യേകതകളെ കുറച്ചുകൂടി ലളിതമായി പരിചയപ്പെടുത്തി. മനസ്സ് എന്നത് ഈ ലോകം തന്നെയാണെന്നും പരമമായ ബോധത്തിന്റെ അനുഭവമില്ലായ്മയാണ് അതെന്നും ഓഷോ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
ലെനയുടെയും അനിതയുടെയും വാക്കുകളുടെ പൊരുൾ
ഈ ദാർശനികതത്വങ്ങളിൽ നിന്നുകൊണ്ട് ലെനയും അനിത മൂർജനിയും പറയുന്നതു വീണ്ടും കേൾക്കുമ്പോൾ, ആദ്യം കേട്ട തലം മാറും. മനസ്സ് നിങ്ങളുടേതല്ല എന്ന് ലെന പറഞ്ഞതിന്റെയും ത്രിമാനതയ്ക്ക് അപ്പുറമുള്ള തലങ്ങൾ എന്ന് അനിത മൂർജനി പറഞ്ഞതിന്റെയും ദാർശനിക തലങ്ങൾ വ്യക്തമാകും. ഇക്കാര്യങ്ങളൊന്നും കേട്ടിട്ടില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന് അവർ പറയുന്നത് മനസ്സിലായെന്നു വരില്ല. അവർ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്തെന്നു വരും. കാരണം ബോധമനസ്സിന്റെ തലത്തിൽ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മനസ്സ് വ്യക്തികളുടേതാണ്. അവിടെ വിശാലതയല്ല, ഞാൻ എന്നും എന്റേതെന്നുമുള്ള ഈഗോയ്ക്കുള്ള തലമാണത്. ആ ഈഗോയാണ് തെറ്റെന്നും ശരിയെന്നും എപ്പോഴും വിരൽ ചൂണ്ടാൻ മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.
(ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരം)