ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് ദീപ്തി സീതത്തോട്. സാമൂഹ്യപ്രവർത്തകയായ ദീപ്തി വ്ലോഗിങ്ങിലൂടെ ലഭിക്കുന്ന പണം ആദിവാസികളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ദീപ്തി ഏതാനും മാസങ്ങൾക്കു മുമ്പാണ് ഭർത്താവുമായി വേർപിരിയുന്നെന്ന കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചത്. അമിത മദ്യപാനവും ശാരീരികമായ ഉപദ്രവങ്ങളും കാരണമാണ് അത്തരത്തിലൊരു തീരുമാനമെന്ന് ദീപ്തി പറഞ്ഞിരുന്നു. വേർപിരിയാൻ തീരുമാനിച്ചതിന് ശേഷവും ഭർത്താവ് ഭീഷണിയുമായി വരുകയാണെന്നാണ് ദീപ്തി ഇപ്പോൾ ആരോപിക്കുന്നത്.

'രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ല. എന്നാൽ എന്നെ കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ് ഓരോദിവസവും. ആഴ്ചയിൽ ഒന്നു രണ്ട് തവണ വിളിക്കും. എപ്പോഴും മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. നവംബർ 20ന് ആയിരുന്നു എന്റെ പിറന്നാൾ. അന്നും എന്നെ ഭീഷണിപ്പെടുത്തുമെന്ന് പറഞ്ഞു. എന്നെ വെട്ടുന്നതോ കുത്തുന്നതോ ഒന്നും വിഷയമല്ല. വീട്ടുകാരെ ഓർത്തിട്ടാണ് ഭയം. പതിനെട്ടാം തീയതി അയാളുടെ വണ്ടി ഇങ്ങോട്ടേയ്ക്ക് വരുന്നതായി കണ്ടുവെന്ന് ഒരാൾ പറഞ്ഞിരുന്നു. അതുകൊണ്ട് 19ന് തന്നെ ഞാൻ ഒരു ഹോം സ്റ്റേയിലേക്ക് താമസം മാറ്റി. ജനിച്ച ദിവസം നാട്ടിൽ ഉണ്ടായിട്ട് പോലും അച്ഛനെയും അമ്മയെയും കാണാതെ കഴിയേണ്ടി വന്നു. അവരൊക്കെ വിഷമിച്ചിട്ടുണ്ടാകും. 

അന്ന് അയാൾ വീട്ടിൽ വന്നിട്ടുണ്ടാകാം. ഞാൻ ഇല്ലെന്ന് മനസിലാക്കി തിരികെ പോയതാകാം. എപ്പോഴും വിളിച്ച് ഭീഷണിയാണ്. ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നത് എന്ന് ആളുകൾ ചോദിച്ചേക്കാം. പക്ഷെ എനിക്ക് പറയണം. കാരണം ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനാമായിരുന്നു വിവാഹമോചനം. എന്റെ തീരുമാനത്തിന് പിന്നാലെ ഒരുപാട് പേർ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്. അതായത് മക്കളും കൊച്ചുമക്കളും ആയശേഷം ഡിവോഴ്സ് എന്ന തീരുമാനം എടുത്തവരുണ്ട്. 

അയാൾ ഈ വിഡിയോ കാണുന്നുണ്ടാകും. എപ്പോൾ ഫോൺ വിളിച്ചാലും അങ്ങോട്ട് ഒന്നും പറയാൻ അദ്ദേഹം സമ്മതിക്കില്ല. ഇങ്ങോട്ട് വിളിച്ച് വധഭീഷണിയുയർത്തുകയാണ്. നിന്നെ ഞാൻ ഒറ്റപ്പെടുത്തും, നിന്നെ ആരെല്ലാമാണ് സപ്പോർട്ട് ചെയ്യുന്നത് അവരെയൊക്കെ തീർത്തു കളയും എന്നൊക്കെയാണ് പറയുന്നത്. എനിക്ക് പേടിയൊന്നുമില്ല, പക്ഷേ വലിയ എന്തോ പ്രശ്നം വരാൻ പോകുന്നെന്ന തോന്നൽ. കേസ് കൊടുക്കാനൊന്നും താല്‍പര്യമില്ല. അതിൽ എനിക്ക് വിശ്വാസവുമില്ല. 

പല തവണ അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടുണ്ട്. പലരും ക്ഷമിക്ക്, നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചു കൂടെ എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ പണ്ടൊരിക്കൽ അയാൾ രാത്രി കാലിൽ ഷൂസിട്ട് എന്റെ നെഞ്ചത്ത് ചവിട്ടി അരച്ചു. പിന്നെ കുറനാളത്തേക്ക് ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ഇപ്പോഴും അതിന്റെ പ്രശ്നമുണ്ട്. ഒരിക്കൽ കത്രിക വച്ച് എന്റെ കഴുത്തിൽ മുറുക്കി, അപ്പോൾ അമ്മ വന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതെല്ലാം ഞാൻ ആരുടെ അടുത്ത് പറയാതിരുന്നത് സാമ്പത്തിക ബാധ്യത ഉള്ളപ്പോൾ പറയണ്ട എന്നു കരുതി. ഞങ്ങളെ യോജിപ്പിക്കണം എന്ന് പറയുന്നവരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. എനിക്ക് പറ്റില്ല. ഞാനാണ് അനുഭവിച്ചതെല്ലാം. 

ഇതുവരെയും പുള്ളിയെ പറ്റിയുള്ള ചിത്രങ്ങളോ മറ്റ് കാര്യങ്ങളോ ഒന്നും ഞാൻ ഇവിടെ ഷെയർ ചെയ്തിട്ടില്ല. ഇനിയും എന്നെ ഉപദ്രവിച്ചാൽ ഞാൻ അതെല്ലാം പരസ്യപ്പെടുത്തും. കൂടാതെ എനിക്ക് നേരയുണ്ടായ ഉപദ്രവങ്ങളും വെളിപ്പെടുത്തും. പുള്ളി പറയുന്നത് ഞാൻ പുള്ളിയുടെ കൂടെ ചെല്ലണം, എന്നാൽ മദ്യപാനവും മറ്റുള്ള കാര്യങ്ങളുമെല്ലാം നിർത്താം എന്നാണ്. അതിന് ഞാനില്ല. മരണം കാത്തിരിക്കുന്ന ഞാൻ എന്തിന് അങ്ങോട്ട് ചെന്നിട്ട് മരിക്കണം’–ദീപ്തി വിഡിയോയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com