‘ഇത് അച്ഛൻ തയാറാക്കുന്ന അവസാന ടിഫിനാകും’, മകളുടെ വിഡിയോയിലൂടെ താരമായി; ഇന്ന് സൂപ്പർ ഷെഫ്
Mail This Article
മക്കൾക്ക് ദിവസവും ഉച്ചഭക്ഷണ ബോക്സുകൾ ചെയ്തു കൊടുക്കാനുള്ള ഒരു അച്ഛന്റെ ഇഷ്ടം അദ്ദേഹത്തെ പ്രമുഖ പാചക വിദഗ്ധനാക്കിയിരിക്കുകയാണ്. ടിഫിൻ പ്രിപ്പറേഷൻ തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും ഹരീഷ് ക്ലോസ്പേട്ട് എന്ന അച്ഛനെ ലോകമറിയിച്ചതും അദ്ദേഹത്തിന്റെ പെൺമക്കൾ തന്നെയാണ്. തന്റെ പെൺമക്കൾക്കായി ടിഫിനുകൾ ഉണ്ടാക്കാൻ തുടങ്ങിയ ‘ഹാരിസ് ലഞ്ച്ബോക്സ്’ എന്ന ഇൻസ്റ്റാഗ്രാം പേജ് ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി സൂപ്പർ ഹിറ്റാണ്. പുരുഷന്മാർ എന്തുകൊണ്ട് പാചകം ചെയ്യണം എന്നതിനെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് സ്റ്റാറായി മാറിയിരിക്കുന്നുകയാണ് ഹരീഷ്.
1992ൽ വിവാഹിതരായ രശ്മിയും ഹരീഷ് ക്ലോസ്പറ്റും സിംഗപ്പൂരിൽ ജീവിതം ആരംഭിച്ചു. ഇരുവർക്കും ജോലിയുണ്ടായിരുന്നതിനാൽ വീട്ടിലെ പാചകം രണ്ടുപേരും ചെയ്യുമായിരുന്നു. ഭാര്യക്ക് ജോലി കൂടുതലുള്ള ദിവസം ഹരീഷ് തന്നെയാണ് വീട്ടിലെ പാചകം നോക്കുന്നത്. പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. പെൺമക്കളായ വിഭ, ഇഷ എന്നിവർ ജനിച്ചതിന് ശേഷവും ഇത് തുടർന്നു. പെൺകുട്ടികളെ നോക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന 'കുടുംബ പുരുഷൻ' ഹരീഷിൽ ഉയർന്നുവരുന്നത് രശ്മി കണ്ടു. എപ്പോഴും വ്യത്യസ്തങ്ങളായ പാത്രങ്ങളും ചട്ടികളും വാങ്ങാനാണ് ഹരീഷിന് താല്പര്യം.
ആദ്യമൊക്കെ ചോറും സാമ്പാറും രസവും പച്ചക്കറിയും ഒക്കെയായിരുന്നു കുട്ടികൾക്ക് ഉച്ചഭക്ഷണമായി കൊടുത്തു വിട്ടിരുന്നത്. എന്നാൽ അതിൽ പകുതിയിൽ അധികവും തിരിച്ചു വീട്ടിൽ എത്താൻ തുടങ്ങിയപ്പോഴാണ് അച്ഛന്റെ ഉള്ളിലെ പാചകക്കാരൻ ഉണർന്നത്. ഭക്ഷണം രസകരമാക്കാൻ, കുട്ടികൾക്ക് ഇഷ്ടപ്പെട്ട പാസ്തയും പനീറും എല്ലാം വ്യത്യസ്ത രീതിയിൽ പാകപ്പെടുത്തി കൊടുത്തു വിടാൻ തുടങ്ങിയതോടെ ടിഫിൻ ബോക്സുകൾ കാലിയായി മടങ്ങിവന്നു. അച്ഛനുമായുള്ള ഓർമകൾ പലതും അടുക്കളയിലാണ് ഉണ്ടായിട്ടുള്ളതെന്ന് മകൾ ഇഷ പറയുന്നു.
കോളജിലെ അവസാന ആഴ്ചയിൽ, ഇഷയ്ക്ക് മനസ്സിലായി, ഒരുപക്ഷേ ഇത് അവളുടെ അച്ഛൻ അവൾക്കായി തന്റെ രുചികരമായ ഭക്ഷണം പാകം ചെയ്യുന്ന അവസാന ദിവസങ്ങളായിരിക്കുമെന്ന്. തന്റെ പിതാവിന്റെ അത്ഭുതകരമായ പാചക വൈദഗ്ദ്യം ലോകവുമായി പങ്കിടാൻ ആഗ്രഹിച്ച ആ പെൺകുട്ടി അച്ഛൻ ഒരു ലഞ്ച് ബോക്സ് ഉണ്ടാക്കുന്നതിന്റെ വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ റീലിട്ടു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ ഒരൊറ്റ വിഡിയോ പതിനായിരത്തിലധികം പേർ കണ്ടു. അങ്ങനെ 'ഹാരിസ് ലഞ്ച് ബോക്‌സിന്റെ' യാത്ര ആരംഭിച്ചു, അത് മാസ്റ്റർഷെഫ് ഇന്ത്യയ്‌ക്കായി തെരഞ്ഞെടുക്കപ്പെട്ട 58 കാരനായ മനുഷ്യനിലേക്കുള്ള ഒരു ചവിട്ടുപടിയായിരുന്നു.
രസത്തിനായി തുടങ്ങിയതാണെങ്കിലും ഹരീഷിന്റെ ലഞ്ച് ബോക്സ് റീലുകൾ മിക്ക വീടുകളിലും അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ പരിഹാരമാണിന്ന്. അടുത്ത ദിവസത്തെ ലഞ്ച് ബോക്സിനായി എന്താണ് ഉണ്ടാക്കേണ്ടത്, അത് എങ്ങനെ പോഷകപ്രദവും രസകരവുമാക്കാം? ഇതെല്ലാമാണ് ഹരീഷിന്റെ വിഡിയോകൾ.
വീട്ടിൽ തന്നെയുള്ള വിഭവങ്ങൾ കൊണ്ട് 60ലധികം തരത്തിൽ ലഞ്ച് ബോക്സ് ഹരീഷ് തയാറാക്കുന്നുണ്ട്. ഓരോ ഭക്ഷണവും ആവശ്യത്തിന് കാർബോഹൈഡ്രേറ്റ്, നല്ല കൊഴുപ്പ്, പ്രോട്ടീൻ എന്നിവ ഉപയോഗിച്ച് സമീകൃതമാണെന്നും അദ്ദേഹം ഉറപ്പാക്കുന്നു.