ADVERTISEMENT

നീതി നിഷേധങ്ങൾക്ക് മുമ്പിൽ നിസ്സഹായരായി നിന്നു പോകുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ജീവനുള്ള കാലം അത്രയും അതിനു വേണ്ടി പോരാടിയിട്ടും വിധിക്ക് മുന്നിൽ പതറിപ്പോകുന്ന മനുഷ്യർ. എന്നാൽ ഒരിക്കലും നീതി കയ്യെത്തിപ്പിടിക്കാൻ പറ്റിയില്ലെങ്കിൽ ചിലപ്പോൾ മനുഷ്യർ തന്നെ നീതിദേവതയുടെ കുപ്പായമണിയും. നീതിക്കായി പോരാടും. സമീപകാലത്ത് കേട്ടാൽ പോലും കണ്ണുനിറയുന്ന നീതി നിഷേധങ്ങളുടെ പല വാർത്തകൾ നമ്മൾ കേട്ടു. മാറ്റമില്ലാതെ തുടരുന്ന സമൂഹത്തിലെ നീതി നിഷേധങ്ങളോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്നു കാണിച്ചു തരികയാണ് ഒരു ഫോട്ടോഷൂട്ട്. ചിത്രങ്ങളിലൂടെ ഒരു വലിയ നീതി നിഷേധത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തിച്ച് കയ്യടി നേടുകയാണ് അരുൺ രാജ് എന്ന ഫൊട്ടോഗ്രാഫർ. 

photostory2
Image Credits: Instagram/arun_raj_photography_

45 ചിത്രങ്ങളിലൂടെയാണ് നിസ്സഹായരായിപ്പോയ ഓരോ മനുഷ്യന്റെയും ജീവിതവും അവരുടെ പ്രതീക്ഷകളെയും അരുൺ രാജ് വരച്ചിട്ടത്. ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടപ്പോൾ മുതൽ  ചിത്രങ്ങളായി ആ കഥ ലോകം കാണണമെന്ന് അരുൺ രാജ് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് അത് നീണ്ടു പോവുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന അർജുനെ കോടതി വെറുതെ വിട്ടത്. പിന്നാലെയാണ് അതിനെതിരെ പ്രതികരിക്കണമെന്ന് അരുണിന് തോന്നിയത്. 

photostory3
Image Credits: Instagram/arun_raj_photography_

‘വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടത് എന്നെ ഒരുപാട് അസ്വസ്ഥതനാക്കിയിരുന്നു. നേരത്തെ ആലുവയിലെ സംഭവത്തിൽ ഫോട്ടോ സ്റ്റോറി ചെയ്യുന്നില്ലേ എന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ അന്ന് അതിന് പറ്റാതെ പോയി. പിന്നീട് ഈ സംഭവം കൂടിയായതോടെ ഒരു ഫോട്ടോസ്റ്റോറി ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. നിയമം നിഷേധിക്കപ്പെടുന്നവർ നിയമത്തിന് വേണ്ടി യാചിക്കേണ്ട സ്ഥിതിയാണ് ഇന്ന്. അതിനൊരു മാറ്റം വരണം എന്ന് ഏറെ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. നിലവിൽ ചെയ്യുന്ന ഷോർട് ഫിലിമിന്റെ ഷൂട്ട് മാറ്റിവെച്ചാണ് ഫോട്ടോഷൂട്ടിനിറങ്ങിയത്’. 

photostory6
Image Credits: Instagram/arun_raj_photography_

‘നമ്മുടെ നാട്ടിൽ നീതി നിഷേധങ്ങൾ ദിനം പ്രതിയെന്നോളം നടക്കുന്നുണ്ട്. ആരെങ്കിലുമൊക്കെ ചിന്തിച്ചാലേ അതിൽ നിന്ന് ഒരു മാറ്റം സാധ്യമാവുകയുള്ളു. നിയമങ്ങളിൽ കാതലായ മാറ്റം കൊണ്ടുവരാൻ തയാറാകണം. അല്ലെങ്കിൽ ഈ നാട്ടിലെ ജനങ്ങൾ മുഴുവൻ നിയമം കയ്യിലെടുക്കും. അതില്ലാതിരിക്കാൻ നമ്മുടെ സംവിധാനങ്ങൾ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതിനു വേണ്ടിയുള്ള ശ്രമമായിരുന്നു ഇത്’.  അരുൺ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

photostory7
Image Credits: Instagram/arun_raj_photography_

ഇതാദ്യമായല്ല ചിത്രങ്ങളിലൂടെ കഥപറഞ്ഞ് അരുൺ കയ്യടി നേടുന്നത്. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ പക്വതയോടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് പലപ്പോഴും ‌പ്രേക്ഷകരുടെ കണ്ണു നിറയിച്ചിട്ടുണ്ട് അരുൺ. ‘ഓരോ ഫോട്ടോഷൂട്ടിലൂടെയും സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പലതിലും അതിനു വേണ്ടി സാധിച്ചിട്ടുമുണ്ട്. ഒരു കഥ ജനങ്ങളിലേക്കെത്തിക്കുമ്പോൾ അത് ലൈക്കും കമന്റും വാരിക്കൂട്ടുക എന്നതല്ല ലക്ഷ്യം.  ഒരാൾക്കെങ്കിലും അത് കണ്ടതിന് ശേഷം മാറ്റമുണ്ടാവുക, അല്ലെങ്കിൽ ജനങ്ങളിൽ ഒരു അവബോധം ഉണ്ടാകാൻ എന്റെ ഫോട്ടോകൾക്ക് സാധിക്കുക എന്നതാണ് എനിക്ക് ഏറ്റവുമധികം സന്തോഷമുണ്ടാക്കുന്നത്. 

photostory
Image Credits: Instagram/arun_raj_photography_

കഥാപാത്രങ്ങൾ കൂടിയാണ് ഈ ചിത്രകഥയുടെ വിജയത്തിന് പിന്നിൽ. അസാമാന്യമായ ഭാവ മാറ്റങ്ങൾ കൊണ്ട് ഓരോരുത്തരും അത്ഭുതപ്പെടുത്തി. സത്യഭാമ, മഹിമ അഭിലാഷ്, ശരത് ശശിധരൻ നാരായണൻ, അമൃത പൂജ, അജാസ് എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com