ADVERTISEMENT

അമ്പലനടയിൽ വളരെ ലളിതമായി നടന്നൊരു വിവാഹം. സമൂഹ മാധ്യമങ്ങളിൽ അതു വൈറലാകാൻ അധികസമയം വേണ്ടി വന്നില്ല. കണ്ടവരെല്ലാം വധുവിനും വരനും ആശംസകളറിയിച്ചു. തൃശൂർ സ്വദേശി ശിവന്റെയും ആലപ്പുഴ സ്വദേശി ശാലിനിയുടെയും വിവാഹം കണ്ട് പലരുടെയും മനസ്സു നിറഞ്ഞു. ലാമലെർ ഇക്തിയോസിസ് (Lamellar ichthyosis) അസുഖ ബാധിതരായ ഇരുവരും പ്രണയത്തിലൂടെയാണ് ഒന്നിച്ചത്. ഒരിക്കലും വിവാഹം നടക്കില്ലെന്നു കരുതിയ രണ്ടുപേർ ഒന്നായപ്പോൾ ഇനിയുള്ള ജീവിതത്തിൽ എന്നും കൈ പിടിക്കാൻ, ഒരുമിച്ചിരുന്ന് കഥകൾ പറയാൻ ഒരു കൂട്ടുണ്ടായ സന്തോഷത്തിലാണ് ശിവനും ശാലിനിയും. ഈ പ്രണയദിനത്തിൽ വിവാഹ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഇരുവരും. 

ഞങ്ങളുടെ അസുഖമാണ് ഒന്നിപ്പിച്ചത്
ജനിച്ച അന്നുമുതൽ, ചർമത്തെ ബാധിക്കുന്ന ലാമലെർ ഇക്തിയോസിസ് (Lamellar ichthyosis) എന്ന അസുഖ ബാധിതരാണ് ശിവനും ശാലിനിയും. സമാന അസുഖമുള്ളവർക്കായുള്ള ഒരു വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. വർഷങ്ങൾക്കു മുൻപേ ശിവൻ ഗ്രൂപ്പിലെ അംഗമാണ്. എന്നാൽ മാസങ്ങൾക്ക് മുമ്പാണ് ശാലിനി ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്. ഗ്രൂപ്പിൽ പരിചയപ്പെട്ട അവർ പതുക്കെ സ്വകാര്യ മെസേജുകൾ അയയ്ക്കാൻ തുടങ്ങി. സ്വന്തമായി യൂട്യൂബ് ചാനലുള്ള ശാലിനി ആ വിഡിയോകളാണ് ശിവന് ആദ്യമാദ്യം അയച്ചത്. അങ്ങനെ അവർ സൗഹൃദത്തിലായി. ദിവസങ്ങൾക്കു ശേഷം ആ സൗഹൃദം പ്രണയത്തിന് വഴിമാറി. ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിച്ചു. 

shivan-shalini1
ശിവനും ശാലിനിയും

എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ശാലിനിയുടെ സ്വഭാവമാണ് ശിവന് ഏറെ ഇഷ്ടമായത്. വിവാഹത്തിന് മുൻകൈയെടുത്തതും ശിവനാണ്. ശാലിനിയുടെ ഉറപ്പ് കിട്ടിയതോടെ ശിവൻ സ്വന്തം സഹോദരിയോട് കാര്യം പറഞ്ഞു. സഹോദരിയാണ് ശാലിനിയുടെ അമ്മയുമായി സംസാരിച്ചതും വിവാഹം ഉറപ്പിച്ചതും. പരസ്പരം ഇഷ്ടപ്പെട്ട രണ്ടുപേരും ജനുവരി 14ന് പുത്തൂരിലെ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വച്ച് താലികെട്ടി.  

ഒളിച്ചും പാത്തുമായിരുന്നു കൂടിക്കാഴ്ചകൾ
‘‘പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടെങ്കിലും ആരോടും ഞങ്ങൾ വിവാഹത്തെപ്പറ്റിയോ പ്രണയത്തെ പറ്റിയോ അറിയിച്ചിരുന്നില്ല. അതുകൊണ്ട് നേരിട്ട് കാണുമ്പോൾ സംസാരിക്കാനൊന്നും വലിയ സമയം കിട്ടിയിരുന്നില്ല. ലാമലെർ ഇക്തിയോസിസ് രോഗബാധിതരുടെ ചില മീറ്റിങ്ങുകൾ നടക്കുമ്പോഴാണ് പരസ്പരം ആദ്യമായി കാണുന്നത്. അവിടെയുള്ളവർക്ക് ഞങ്ങളെ അറിയാമെങ്കിലും ഞങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് അറിയില്ല. അതുകൊണ്ട് അവിടെവച്ച് നേരിട്ട് സംസാരിക്കാനൊന്നും പറ്റിയില്ല. മൊബൈൽ ഫോൺ വഴിയായിരുന്നു ഞങ്ങളുടെ പ്രണയം. വിഡിയോകോളുകളിലൂടെയാണ് പരസ്പരം കണ്ടത്’’. ശിവൻ പറയുന്നു.

‘‘തൃശൂരിൽ വച്ച് ആദ്യമായി കണ്ട ആ നിമിഷം വളരെ സന്തോഷമുള്ളതായിരുന്നു. മീറ്റിങ്ങിന് പോകുമ്പോൾ സംസാരിക്കാൻ പറ്റാത്തതുകൊണ്ട് റെയിൽവെ സ്റ്റേഷനിൽ‍ വച്ചു തന്നെ കാണാമെന്ന് ഞാൻ ശാലിനിയോടു പറഞ്ഞിരുന്നു. അതുകൊണ്ട് അവൾ ആലപ്പുഴയിൽനിന്ന് എത്തുന്ന സമയം നോക്കി ഞാൻ സ്റ്റേഷനിൽ അവളെ കാത്തു നിന്നു. ആദ്യമായി കാണുന്നതിന്റെ ത്രില്ല് ഉണ്ടായിരുന്നു. പക്ഷേ ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും അവളെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ് അവൾ എന്നെ വിളിച്ച് ‘മീറ്റിങ്ങിനു വരുന്നില്ലേ’ എന്ന് ചോദിച്ചത്. അവൾ സുഹൃത്തിന്റെ കൂടെ വേറെ വഴിക്ക് പോയിരുന്നു. ഞാൻ വെറുതെ അവിടെ കാത്തുനിന്നു. ആദ്യം തന്നെ കണ്ട് ചായയെല്ലാം കുടിച്ച് ഒരുമിച്ച് പോകാമെന്ന് കരുതിയെങ്കിലും അതൊന്നും നടന്നില്ല. പിന്നെ മീറ്റിങ്ങിൽ വച്ച് എല്ലാവരുടെയും ഒപ്പമാണ് കാണുന്നത്.’’ 

shivan-shalini2
ശിവനും ശാലിനിയും

എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു
‘‘ഞങ്ങൾ രണ്ടുപേരുടെയും വിവാഹ വിഡിയോ വൈറലായതോടെ ഒരുപാട് പേർ പലതും പറഞ്ഞിട്ടുണ്ട്. എന്തിനാണ് നിങ്ങൾ വിവാഹം ചെയ്തത് എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. അസുഖമുള്ള നിങ്ങൾക്ക് ഒറ്റയ്ക്ക് തന്നെ ജീവിക്കാൻ പറ്റുന്നില്ല. പിന്നെങ്ങനെയാണ് കുടുംബമായി ജീവിക്കുക എന്നൊക്കെ പലരും പറയുന്നുണ്ട്. പിന്നെ ഒരുപാട് പേർ പറഞ്ഞു കേട്ടത് ഞങ്ങൾക്ക് കുട്ടികളുണ്ടായാൽ എന്തുചെയ്യും, കുട്ടികളോട് ചെയ്യുന്ന വലിയ തെറ്റാവും ഇത് എന്നൊക്കെയാണ്. അതെല്ലാം കേൾക്കുമ്പോൾ വലിയ സങ്കടമുണ്ട്. കാരണം ഒരു കൂട്ട് വേണം എന്ന് തോന്നിയതു കൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. കുട്ടികളുണ്ടാകുമ്പോൾ അവർക്ക് ഈ പ്രശ്നം ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല. കാരണം ഞങ്ങളുടെ അച്ഛനും അമ്മയ്ക്കുമൊന്നും ഇത്തരത്തിൽ ചർമത്തിന് യാതൊരു പ്രശ്നമവുമില്ല. അസുഖം വരുന്നത് നമ്മുടെ കുറ്റം കൊണ്ടല്ലല്ലോ...

എന്നാൽ ഞങ്ങൾ ഒന്നായതിൽ സന്തോഷിക്കുന്ന ഒരുപാട് പേർ  ചുറ്റിലുമുണ്ട്. ഒരിക്കലും വിവാഹം നടക്കില്ലെന്ന് കരുതിയ ആളായിരുന്നു ഞാൻ. സ്വപ്നത്തിൽ പോലും വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. എന്റെ പ്രായത്തിലുള്ളവർ വിവാഹം ചെയ്ത് ജീവിക്കുന്നത് കാണുമ്പോൾ പലപ്പോഴും എനിക്ക് സങ്കടം വന്നിട്ടുണ്ട്. പക്ഷേ, ഇന്ന് അതെല്ലാം സാധ്യമായി. ഇനി ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം. സന്തോഷമായി.’’ 

ശാലിനിക്ക് ശിവനും ശിവന് ശാലിനിയുമാണ് കൂട്ട്
‘‘വിയർപ്പുഗ്രന്ഥി ഇല്ല എന്നതാണ് ഞങ്ങളുടെ അസുഖത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. പിന്നെ ചർമമെല്ലാം വല്ലാത്ത രീതിയിലാണ്. അതുകൊണ്ട് വെയിലൊന്നും കൊള്ളാൻ പറ്റില്ല. പലപ്പോഴും ആളുകളുടെ അടുത്ത് പോകുമ്പോൾ അവർ പല രീതിയിൽ പെരുമാറിയിട്ടുണ്ട്. പലർക്കും ഇതൊക്കെ കാണുന്നത് തന്നെ ബുദ്ധിമുട്ടാണ്. എന്തിനാണ് ഈ അസുഖം വന്നതെന്ന് വരെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. 

ഇപ്പോൾ ഒരു കടയിൽ ജോലിക്ക് നിൽക്കുകയാണ്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സഹായിക്കാൻ ആരുമില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. പലരും കുറ്റപ്പെടുത്താൻ മാത്രമാണ് സമയം കണ്ടെത്തുന്നത്. കൂട്ടുകാരെല്ലാം കൂടെയുണ്ടെങ്കിലും ആരും പിന്തുണ നൽകുന്നില്ല. ഇനി ഞങ്ങൾ ഒരുമിച്ചുണ്ട്. സന്തോഷത്തോടെ ഒരുമിച്ച് നിൽക്കാനാണ് ആഗ്രഹം. ഈ പ്രണയദിനത്തില്‍ ഞാൻ അവൾക്കൊരു സമ്മാനം കൊടുക്കുന്നുണ്ട്, സർപ്രൈസായി’’. ചെറു പുഞ്ചിരിയോടെ ശിവൻ പറഞ്ഞുനിർത്തി. 

English Summary:

Shiva and Shalini's Journey Through Lifelong Condition to Lifelong Partnership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com