ADVERTISEMENT

ഇരുവൃക്കകളും തകരാറിലായ ഭാര്യയ്ക്കു തന്റെ വൃക്കകളിലൊന്നു പകുത്തുനൽകാൻ ഉറപ്പിച്ച സമയത്താണു വിധി സബീഷിനെ വലിച്ചു നിലത്തടിച്ചത്–. മസ്തിഷ്കാഘാതം. ശരീരത്തിന്റെ ഇടതുവശത്തിന്റെ ചലനശേഷിയും ഓർമയും നഷ്ടമായി. വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ മറ്റു പോംവഴിയില്ലാതെ രോഗക്കിടക്കയിൽ ഭാര്യ സുമിത. മസ്തിഷ്കാഘാതം തളർത്തിയ ശരീരവും മനസ്സുമായി സബീഷ്. സ്ട്രോക്ക് വന്നവർക്കു അവയവമാറ്റ ശസ്ത്രക്രിയ നടത്തില്ലെന്ന് മെഡിക്കൽ കോളജ് അധികൃതരും നിലപാടെടുത്തതോടെ പ്രണയത്തിൽ വിരിഞ്ഞ ദാമ്പത്യത്തിൽ ഇരുൾ നിറഞ്ഞു. 

5 വർഷത്തിനിപ്പുറം  ഈ പ്രണയദിനത്തിൽ രണ്ടു മക്കൾക്കൊപ്പം സബീഷിനോടു ചേർന്നുനിൽക്കുമ്പോൾ, ഈ ദാമ്പത്യത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം സുമിതയുടെ ശരീരത്തിലുണ്ട്–സബീഷിന്റെ  വൃക്ക! ഡിവൈഎഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് തണ്ണീർമുക്കം പീടികപ്പറമ്പ് ആർ.സബീഷ് മണവേലിയുടെയും ഭാര്യ സുമിത എസ്. തമ്പിയുടെയും ഈ പ്രണയസഞ്ചാരത്തിൽ കണ്ണീരിന്റെ അഴിമുഖങ്ങളും ചോരയിലെഴുതിയ കദനങ്ങളുമുണ്ട്.  

കൊടിപിടിച്ച പ്രണയം 
ചേർത്തല എസ്എൻ കോളജിലെ ബിരുദ ക്ലാസിൽ വച്ചാണ് 1998 ൽ സബീഷും സുമിതയും കണ്ടുമുട്ടുന്നത്. ഒരേ ക്ലാസ് മുറിയിലെ സൗഹൃദം. ഒരേ സംഘടനയിലെ പ്രവർത്തനം. മൂന്നാം വർഷം കോളജ് യൂണിയനിൽ സബീഷ് ചെയർമാനായി; സുമിത വൈസ് ചെയർപഴ്സൺ. പഠനം കഴിഞ്ഞിറങ്ങിയിട്ടും സൗഹൃദവും സംഘടനാ പ്രവർത്തനവും തുടർന്നു.സബീഷ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായപ്പോൾ സുമിത ജില്ലാ സെക്രട്ടേറിയറ്റിലെത്തി. 2002ൽ സൗഹൃദം പ്രണയമായി വളർന്നു. 2006 ൽ വിവാഹം. 2008 ൽ മൂത്ത മകൻ പിറന്നു. 2013 ൽ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ നടത്തിയ പരിശോധനകളിലാണ് സുമിതയുടെ വൃക്കരോഗം കണ്ടെത്തിയത്. 

പ്രതിസന്ധികളുടെ ഘോഷയാത്ര 
പ്രസവം കഴിഞ്ഞ് 6 മാസം കഴിഞ്ഞതോടെ രോഗം മൂർച്ഛിച്ചു. 4 വർഷത്തോളം ചികിത്സ തുടർന്നു. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണു പ്രതിവിധിയെന്നു ഡോക്ടർമാർ പറഞ്ഞതോടെ ചികിത്സ കോട്ടയം ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റി. സുമിതയ്ക്ക് സബീഷിന്റെ വൃക്ക നൽകാൻ തീരുമാനിച്ചു. 2017ൽ അവയവദാന ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ തുടങ്ങിയ ദിവസമാണ് സബീഷിനു മസ്തിഷ്കാഘാതമുണ്ടായത്. ഇടത്തേ കയ്യും കാലും അനങ്ങാതായി. പ്രിയപ്പെട്ടവരെപ്പോലും കണ്ടാൽ തിരിച്ചറിയാനാകാത്ത വിധം ഓർമ നഷ്ടമായി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിൽ കൈകാലുകളുടെ ചലനശേഷി തിരികെക്കിട്ടിയെങ്കിലും ഓർമ പൂർണമായും തിരികെയെത്തിയില്ല. തലയിൽ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ പറഞ്ഞു. വിദഗ്ധ അഭിപ്രായം തേടിയാണ് തിരുവനന്തപുരം ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെത്തിയത്. ശസ്ത്രക്രിയ വേണ്ടെന്നും ചികിത്സ മതിയെന്നുമായിരുന്നു നിർദേശം. 6 മാസത്തെ ചികിത്സ കൊണ്ട് സബീഷ് സാധാരണ ജീവിതത്തിലേക്ക്.  തിരിച്ചെത്തുമ്പോഴേക്കും സുമിതയുടെ രോഗം കൂടുതൽ ഗുരുതരമായിരുന്നു. ഒപ്പം ആശുപത്രിയിൽ സുബീഷിനെ  കാത്ത്  അടുത്ത പ്രതിസന്ധിയും. 

ഒരിക്കൽ സ്ട്രോക് വന്നയാൾക്ക് അവയവദാന ശസ്ത്രക്രിയ ചെയ്യാനാകില്ലെന്നു ഡോക്ടർമാർ തീർത്തുപറഞ്ഞു. വീണ്ടും സ്ട്രോക് വരാനുള്ള സാധ്യതയുണ്ട്. അനസ്തീസിയ നൽകുമ്പോഴും അപകടസാധ്യതയുണ്ട്. സബീഷ് തളർന്നു. ഉടൻ മറ്റൊരു ദാതാവിനെ കിട്ടിയില്ലെങ്കിൽ സുമിതയുടെ ജീവൻ അപകടത്തിലാകും. വീണ്ടും മാസങ്ങളുടെ കാത്തിരിപ്പ്. സംഭവമറിഞ്ഞ നാട്ടിലെ ഒരു സ്ത്രീ വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. അപ്പോൾ അടുത്ത പ്രതിസന്ധി. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ അവയവം ദാനം ചെയ്യുന്നതു സ്വീകരിക്കുന്നയാളുടെ ബന്ധുവായിരിക്കണം. അവയവക്കച്ചവടം തടയാനുള്ള മുൻകരുതൽ. സ്വകാര്യ ആശുപത്രിയിൽ  ശസ്ത്രക്രിയ ചെയ്യുകയാണ് അടുത്ത വഴി . പക്ഷേ 15 ലക്ഷത്തോളം രൂപ ചെലവാകും. 

സ്നേഹസാന്ദ്രം സൗഹൃദം 
സുഹൃത്തുക്കൾ ചേർന്ന് 8 ലക്ഷത്തോളം രൂപ സമാഹരിച്ചു. സബീഷ് മുൻകൈയെടുത്ത്  ‘സ്നേഹസാന്ദ്രം’ എന്ന പേരിൽ സംഗീതനിശ സംഘടിപ്പിച്ച് ബാക്കി തുകയും. അവയവദാന ശസ്ത്രക്രിയയ്ക്ക് 3 ലക്ഷം രൂപ നൽകുന്ന കാരുണ്യ പദ്ധതി അപ്പോഴേക്കും സർക്കാർ നിർത്തിയിരുന്നു. ഇതിനെതിരെ സബീഷ് ഫെയ്സ്ബുക്കിലെഴുതി.  ശസ്ത്രക്രിയ നിശ്ചയിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ ചോദിച്ചു. ‘ ഭർത്താവിന്റെ  വൃക്ക ഭാര്യക്ക് നൽകിക്കൂടെ?’ 2 വർഷം മുൻപു  സ്ട്രോക്ക് വന്നതും മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതുമെല്ലാം സബീഷ് അറിയിച്ചു. ഒരിക്കൽ സ്ട്രോക്കിനെ അതിജീവിച്ചവരിൽ വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ടെങ്കിലും 2 വർഷം കഴിഞ്ഞാൽ അപകടസാധ്യത കുറവാണെന്നു  ഡോക്ടർ പറഞ്ഞു. ഇതോടെ സബീഷിൽ വീണ്ടും ആത്മവിശ്വാസം നിറഞ്ഞു. അനസ്തീസിയയാണ് അടുത്ത സങ്കീർണത. സബീഷ് തയാറാണെങ്കിൽ പ്രശ്നമില്ലെന്നു അനസ്തീസിയ വിദഗ്ധനും പറഞ്ഞതോടെ  വെല്ലുവിളി ഏറ്റെടുക്കാൻ സബീഷ് ഉറപ്പിച്ചു. 2019 സെപ്റ്റംബർ നാലിന് സബീഷിന്റെ വൃക്കകളിലൊന്ന് സുമിതയുടെ ശരീരത്തിന്റെ ഭാഗമായി. 

ക്യാംപസിൽ തളിരിട്ട ഈ പ്രണയവൃക്ഷം ഇപ്പോഴും പൂത്തുലഞ്ഞുനിൽക്കുന്നു. ആ തണലിൽ മക്കളായ എസ്.അന്നയും അലൻ ശങ്കുവുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com