ADVERTISEMENT

കൃത്യമായി മൂലധനം കണ്ടെത്തി, യന്ത്രങ്ങളടക്കം വിവിധ സൗകര്യങ്ങളൊരുക്കി ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചാലോച്ചിച്ചു ഭയന്നു നിൽക്കുന്നവരാണോ നിങ്ങൾ. നടത്തറ പൂച്ചട്ടി സ്വദേശി എൻ. ബി. സന്ധ്യയുടെ ബിസിനസ്സിനെക്കുറിച്ചറിഞ്ഞാൽ ആ ചിന്ത മാറിയേക്കാം.

23 വർഷം അധ്യാപികയായിരുന്നു സന്ധ്യ. ജോലിയുടെ ഭാഗമായി കുടുംബത്തിൽ നിന്നകന്നു നിൽക്കേണ്ടി വരികയും ജോലിക്കപ്പുറത്തുള്ള ഒരു ജീവിതം വല്ലാതെ ആഗ്രഹിക്കുകയും ചെയ്ത സമയത്താണ് സന്ധ്യ ജോലി രാജിവയ്ക്കുന്നത്. വീട്ടമ്മമാത്രമായി ജീവിക്കുന്ന അക്കാലത്താണ് കൃഷിയെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതെ തന്നെ കൃഷിയിലേക്കിറങ്ങുന്നത്.സ്വന്തം വീട്ടിലേക്കാവശ്യമായ വസ്തുക്കൾ കൃഷി ചെയ്യുകയായിരുന്നു ഉദ്ദേശ്യം. അതിൽ താൽപര്യം കൂടിയപ്പോൾ കാർഷിക സർവകലാശയുടെ സഹായത്തോടെ കൂടുതൽ കൃഷി പഠിച്ചു. വിജയൻ കാണത്തിന്റെ നേതൃത്വത്തിലുള്ള കാർഷിക വിപണി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ കൂടി അംഗമായതോടെ കൃഷി ആവേശമായി. പരസ്പരം സഹായിച്ചും സഹകരിച്ചും ഗ്രൂപ്പംഗങ്ങൾ കൃഷിയിൽ സജീവമായി. വീട്ടാവശ്യത്തിൽ കവിഞ്ഞും ഉൽപന്നങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ അതിനൊരു വിപണി കണ്ടെത്താൻ തീരുമാനിച്ചു. എഫ്ബി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിപണി ആരംഭിച്ചു. വർഷങ്ങൾക്ക് മുൻപ് തൃശൂരിലെ  സിഎംഎസ് സ്കൂളിൽ  ആരംഭിച്ച ആദ്യ നാട്ടുച്ചന്തയ്ക്ക് ലഭിച്ച സ്വീകരണം ആവേശമായി. 

വെന്ത വെളിച്ചെണ്ണയുമായാണ് സന്ധ്യ ഈ വിപണിയിലെത്തുന്നത്. പതുക്കെ ഓൺലൈൻ വിപണിയിലും കൈവച്ചു. പത്തുതേങ്ങയിൽ നിന്നാരംഭിച്ച വെന്ത വെളിച്ചെണ്ണ ബിസിനസിൽ നിന്നും ഇന്നു  മുപ്പതോളം ഉൽപന്നങ്ങളിലെത്തി നിൽക്കുകയാണ് 'സന്ധ്യാസ്' എന്ന പേരിലിറങ്ങുന്ന ഇവരുടെ ഉൽപന്നങ്ങൾ. ആളുകളുടെ ആവശ്യങ്ങളാണ് സന്ധ്യയെ ബിസിനസ്സുകാരിയാക്കിയത്. തലയിൽ തേക്കാനുള്ള എണ്ണ ആവശ്യപ്പെട്ട് ആളുകൾ എത്തിയപ്പോൾ അതുണ്ടാക്കി, പിന്നെ ദന്തപ്പാല എണ്ണയിലേക്ക് കടന്നു. പിന്നീട് ചമ്മന്തിപ്പൊടി, വറുത്തര (വറുത്തരച്ച കറിക്കുള്ള മിക്സ്), മുളക് പൊടി,  മല്ലിപ്പൊടി, രസം പൊടി, ഫിഷ് മസാല, ഇഡ്‌ലിപ്പൊടി, മുറുക്ക്, ചിപ്സ്, ശർക്കര വരട്ടി, മുരിങ്ങപ്പൊടി, അച്ചാർ, തുടങ്ങിയ ഉൽപന്നങ്ങളിലേക്ക് കടന്നു. ഒരുപാടുകാലം കേടുകൂടാതെ സൂക്ഷിക്കാനാവുന്നതല്ല സന്ധ്യയുടെ ഉൽപന്നങ്ങൾ. അതു കൊണ്ടുതന്നെ കടകളിൽ വിൽപനയില്ല. നമ്മുടെ വീട്ടിലെ ആവശ്യത്തിൽ കവിയുന്നത് വിൽക്കുകയെന്നതാണ് ഇവരുടെ സൂത്രവാക്യം. അതുകൊണ്ടു വലിയ നഷ്ടവുമില്ല. ബാനർജി ക്ലബ്ബിൽ എല്ലാ ഞായറാഴ്ചയും സന്ധ്യയുടെ ഉൽപന്നങ്ങൾ വിൽപനയ്ക്കെത്തും. മാനവി ഹോസ്റ്റലിലും ഔട്‌ലെറ്റുണ്ട്. ഇന്ത്യയിലുടനീളം സന്ധ്യക്ക് ഉപഭോക്താക്കളുണ്ട്. സ്ത്രീകൾ സന്തോഷത്തിന് അയൽവീടുകളിലേക്കു സമ്മാനിക്കുന്ന ആഹാരപദാർഥങ്ങൾ പോലും വരുമാനത്തിനു വഴിയാണെന്നു ഓർമിപ്പിക്കുകയാണ് സന്ധ്യ. 

English Summary:

Sadhya Teacher Became an Entrepreneur, Inspiring Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com