ADVERTISEMENT

മെക്സിക്കോയിലെ അക്കാപുൽകോയിൽ ഓടിസ് ചുഴലിക്കാറ്റ് വരുത്തിയ വ്യാപക നാശനഷ്ടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള വാർത്തകളും ചിത്രങ്ങളുമാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. എന്നാൽ ദുരന്ത ചിത്രങ്ങൾക്കിടയിൽ മാതൃവാത്സല്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും നേർസാക്ഷ്യമായ ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് രണ്ടുദിവസം ഭക്ഷണമില്ലാതെ അപകടാവസ്ഥയിലായ പിഞ്ചുകുഞ്ഞിനെ രക്ഷാ ദൗത്യ സംഘത്തിലെ അംഗമായ പൊലീസ് ഉദ്യോഗസ്ഥ മുലയൂട്ടുന്നതിന്റെ ചിത്രമാണിത്. 

ദുരന്തം നാശം വിതച്ച പ്രദേശത്ത് ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു പൊലീസ് ഓഫീസറായ അരിസ്ബെത് അംബ്രോസിയോ. അപ്പോഴാണ് അവർ ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടത്. എന്താണെന്ന് തിരക്കിച്ചെന്നപ്പോൾ ഏറെ പരിഭ്രാന്തിയോടെ നിസ്സഹായാവസ്ഥയിൽ തന്റെ കുഞ്ഞിനെയും എടുത്തിരിക്കുന്ന ഒരു അമ്മയെയാണ് കണ്ടത്. നാലുമാസം മാത്രം പ്രായംചെന്ന കുഞ്ഞ് രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും എത്രയൊക്കെ ശ്രമിച്ചിട്ടും കുഞ്ഞിന് ആവശ്യമായ ബേബി ഫുഡ് ദുരന്ത പ്രദേശത്ത് കണ്ടെത്താൻ സാധിച്ചില്ല എന്നും ആ അമ്മ അറിയിച്ചു. 

police-woman-breastfeeds-baby
Image Credit: Twitter/PabloVazc

രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ അരിസ്ബെത്തിന് ആ അമ്മയുടെ സങ്കടവും കുഞ്ഞിന്റെ അവസ്ഥയും കണ്ടു നിൽക്കാൻ സാധിച്ചില്ല. കുഞ്ഞിനെ താൻ മുലയൂട്ടട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മയ്ക്കും പൂർണ്ണസമതം. ഒരു സങ്കോചവുമില്ലാതെ സമീപത്തെ കെട്ടിടത്തിന്റെ പടിക്കെട്ടിലിരുന്ന് അരിസ്ബെത് ആ കുഞ്ഞിനെ മുലയൂട്ടി. കുഞ്ഞിന്റെ വയർ നിറഞ്ഞു തൃപ്തിയായി എന്ന് ഉറപ്പിച്ച ശേഷമാണ് ഉദ്യോഗസ്ഥ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയത്. തന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിൽ അങ്ങേയറ്റം വിഷമതയിലായിരുന്ന അമ്മ കണ്ണീരോടെ അരിസ്ബെത്തിനെ നന്ദി അറിയിക്കുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥയുടെ കരുണ നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ച് മെക്സിക്കോ സിറ്റിയുടെ സിറ്റിസൺ സെക്യൂരിറ്റി സെക്രട്ടറിയേറ്റ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനെ എടുത്തിരിക്കുന്ന അരിസ്ബെത്തിന്റെ ചിത്രങ്ങൾ സെക്രട്ടറിയേറ്റ് പുറത്തുവിട്ടിട്ടുണ്ട്. കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ മറ്റൊന്നും തനിക്ക് ചിന്തിക്കാനായില്ല എന്നാണ് അരിസ്ബെത്തിന്റെ പ്രതികരണം. അതേസമയം ഈ നന്മ പ്രവർത്തിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അത് വളരെ വേഗത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.

ലോകത്തിനു മുഴുവൻ മാതൃകയാകുന്ന പ്രവർത്തിയാണ് അരിസ്ബെത്തിന്റേത് എന്നാണ് ജനങ്ങളുടെ പ്രതികരണം. ഭൂമിയിൽ നിന്നും നന്മ വറ്റി പോയിട്ടില്ല എന്ന പ്രത്യാശ പകരുന്ന ചിത്രമെന്ന അടിക്കുറിപ്പോടെ ധാരാളം ആളുകൾ അത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com