‘നിറത്തിന്റെ പേരിലുള്ള കളിയാക്കലുകൾ അലട്ടി, അന്ന് എനിക്ക് പോലും അവളെ മനസ്സിലായില്ല’; പ്രിയങ്കയെ പറ്റി അമ്മ
Mail This Article
ബോളിവുഡിന്റെ ഇഷ്ട നായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ചർമത്തിന്റെ പേരിൽ കുട്ടിക്കാലത്ത് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നേരത്തെ പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മകൾ അനുഭവിച്ച വിവേചനത്തെ പറ്റി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് അമ്മ മധു ചോപ്ര.
‘അവൾക്ക് PTSD ട്രോമ ഉണ്ടായിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ചോപ്ര കുടുംബത്തിലെ എല്ലാവരും വെളുത്തിട്ടായിരുന്നു. അവളുടെ അച്ഛന്റെ ചർമം അത്ര വെളുത്തതായിരുന്നില്ല. ആ സ്കിൻ ടോണാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. പക്ഷേ, അവളെ കാണാൻ നല്ല ഭംഗിയായിരുന്നു. എന്നാൽ അവൾക്ക് ഗോതമ്പിന്റെ നിറമായിരുന്നു. പക്ഷേ, ചില ആളുകൾ അവളെ നിറത്തിന്റെ പേരിൽ പരിഹസിച്ചിട്ടുണ്ട്. അതവളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായെന്നിരിക്കണം.
പ്രിയങ്കയ്ക്ക് 15 വയസ്സുള്ളപ്പോൾ അവളെ കാണാൻ ഞാൻ ഒരിക്കൽ അമേരിക്കയിൽ പോയി. എന്നാൽ ഞാൻ അവളെ കടന്നുപോയെങ്കിലും എനിക്ക് അവളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അപ്പോഴേക്കും അവൾ നല്ല സുന്ദരിയായി മാറിയിരുന്നു’. മധു വ്യക്തമാക്കി
തങ്ങളുടെ കുടുംബത്തിൽ പ്രിയങ്കയുടെ രൂപത്തെക്കുറിച്ച് തമാശയായി പറയുന്ന ഒരാൾ ഉണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ അമ്മ വെളിപ്പെടുത്തി. തന്നെ പരിഹസിച്ച ബന്ധുക്കൾക്ക് അവൾ മറുപടി നൽകിയിട്ടുണ്ടെന്നും മധു പറഞ്ഞു. ‘ നിങ്ങൾ കാരണമാണ് ഞാൻ ഇന്ന് ഇങ്ങനെ ആയത്. നിങ്ങൾ പലതും പറഞ്ഞതു കൊണ്ടാണ് ഞാൻ എന്നെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിച്ചത് എന്ന് എപ്പോഴും പ്രിയങ്ക അവരോട് പറയുമായിരുന്നു. പ്രിയങ്ക കുഞ്ഞായിരിക്കുമ്പോഴും സുന്ദരിയായിരുന്നു. അവൾ എപ്പോഴും വളരെ സുന്ദരിയാണ്’. മധു ചോപ്ര പറഞ്ഞു.