ADVERTISEMENT

കൗമാരപ്രായത്തിൽ റോഖയ ഡയഗ്നെ എപ്പോഴും അവളുടെ സഹോദരന്റെ മുറിയിലെ വിഡിയോ ഗെയിമിന് മുന്നിലായിരിക്കും. മണിക്കൂറുകളോളം ഓൺലൈൻ കംപ്യൂട്ടർ ഗെയിമുകൾ കളിച്ചുകൊണ്ടേയിരിക്കും. ദിവസങ്ങൾ കഴിയുന്തോറും അതൊരു ആസക്തിയായി മാറാൻ തുടങ്ങി. മകളുടെ അവസ്ഥ കണ്ട് മടുത്ത അമ്മ ഒരു ദിവസം ഇത് നിർത്തിയില്ലെങ്കിൽ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തുകൊണ്ടുപോകുമെന്ന് പറഞ്ഞു. അമ്മയുടെ ആ ഇടപെടൽ ഫലിച്ചു. കംപ്യൂട്ടറുകളോടുള്ള തന്റെ അഭിനിവേശത്തെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിലേയ്ക്ക് തിരിച്ചുവിടാൻ റോഖയ തീരുമാനിച്ചു. ഇപ്പോൾ, അവളുടെ ലക്ഷ്യങ്ങളിൽ ഒന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 2030-ഓടെ മലേറിയയെ തുടച്ചുനീക്കുക എന്നതാണ്. അതിനായി അഹോരാത്രം ഈ പെൺകുട്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. സ്വന്തമായി തുടങ്ങിയ ഹെൽത്ത് സ്റ്റാർട്ടപ്പിൽ ഈ പ്രോജക്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആഫ്രിക്കയിലെ സെനഗൽ സ്വദേശിയായ റോഖയ ഡയഗ്നെ. 

ടെക്പ്രേമിയായ ഹെൽത്ത് കെയർ ഇന്നൊവേറ്റർ 

എഐ വഴിയുള്ള രോഗനിർണയത്തെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ സ്റ്റാർട്ടപ്പായ അഫ്യാസെൻസിന്റെ പിന്നിലെ സൂത്രധാരയാണ് 25 കാരിയായ സെനഗൽ സ്വദേശി റോഖയ ഡയഗ്നെ. കംപ്യൂട്ടറുകളോടും സാങ്കേതികവിദ്യയോടുമുള്ള ഡയഗ്‌നെയുടെ ഇഷ്ടം, അഫ്യാസെൻസ് സ്ഥാപിക്കുന്നതിനും സാങ്കേതിക പ്രേമികൾക്കായി അവാർഡ് നേടിയ നെറ്റ്‌വർക്കിംഗ് ആപ്പ് രൂപപ്പെടുത്തുന്നതിനും അവളെ പ്രേരിപ്പിച്ചു.തന്റെ കഴിവുകളും അറിവും ഒരു വലിയ ലക്ഷ്യത്തിനായി പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ മേഖലയിൽ നല്ല സാമൂഹിക സ്വാധീനം ചെലുത്താൻ ഉതകുന്നവിധം വിനിയോഗിക്കാനാണ് ഈ യുവതി ആഗ്രഹിക്കുന്നത്. ആഫ്രിക്കയിലെ മലേറിയയുടെ ഭയാനകമായ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡയഗ്നെ, മലേറിയ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുന്നതിനും എഐയിൽ സാധ്യതകൾ കണ്ടു.

മലേറിയ രോഗനിർണയത്തിലെ പെൺ വിപ്ലവം

ആഫ്രിക്കയിൽ മലേറിയ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി ഇന്നും തുടരുന്നു. ആഗോള മലേറിയ കേസുകളിലും മരണങ്ങളിലും 90% ത്തിലധികവും സംഭവിക്കുന്നത് ആഫ്രിക്കയിൽ തന്നെയാണ്. മൈക്രോസ്കോപ്പി പോലുള്ള പരമ്പരാഗത മലേറിയ ഡയഗ്നോസ്റ്റിക് രീതികൾ, ഫലപ്രദമാണെങ്കിലും, സമയമെടുക്കുന്നതും വൈദഗ്ധ്യമുള്ള ഡോക്ടേഴ്സിന്റെ പരിമിതിയുമെല്ലാം ഇതിന് ആഘാതം കൂട്ടുന്നു. പരിമിതമായ ആരോഗ്യ പരിരക്ഷയുള്ള ഗ്രാമപ്രദേശങ്ങളിൽ ഇത് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനും മലേറിയ ബാധിച്ച കോശങ്ങളുടെ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നതിന് എഐ അൽഗോരിതം പരിശീലിപ്പിക്കാനും മലേറിയ രോഗനിർണയത്തിന്റെ കാര്യക്ഷമതയും കൃത്യതയും മെച്ചപ്പെടുത്താനും ഡയഗ്‌നെയുടെ പദ്ധതി ലക്ഷ്യമിടുന്നു.

Rokhaya-Diagne1
റോഖയ ഡയഗ്നെ. ചിത്രം: എക്സ്

ആരോഗ്യ സംരക്ഷണത്തിൽ എഐയുടെ വാഗ്ദാനം

ഡയഗ്നെ വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത സിസ്റ്റം വേഗമേറിയതും കൂടുതൽ കൃത്യവുമായ ഫലങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, വലിയ ഡാറ്റാസെറ്റുകൾ വേഗത്തിൽ വിശകലനം ചെയ്യാനും കഴിയും. വിദൂര സ്ഥലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് രക്ത സാമ്പിൾ ചിത്രങ്ങൾ പകർത്താനും സെൻട്രൽ എഐ വിശകലനത്തിനായി കൈമാറാനും മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കാനും ഇത് സഹായകമാണ്. സിസ്റ്റത്തിന് മിനിറ്റുകൾക്കുള്ളിൽ രോഗനിർണയം നടത്താൻ കഴിയും, ഇത് ഉടനടി ചികിത്സയും ഇടപെടലും സാധ്യമാക്കുന്നു. ഡയഗ്‌നെയുടെ ഈ തകർപ്പൻ പ്രവർത്തി സെനഗലിലും ആഗോളതലത്തിലും അവർക്ക് അംഗീകാരങ്ങൾ നേടിക്കൊടുത്തു, 2020-ൽ ഫോർബ്‌സ് ആഫ്രിക്കയുടെ 30 വയസ്സിന് താഴെയുള്ള മികച്ച 30 ആഫ്രിക്കൻ സംരംഭകരിൽ ഒരാളായി ഡയഗ്നെയെ തെരഞ്ഞെടുത്തിരുന്നു. മലേറിയയ്‌ക്കപ്പുറം, ആഫ്രിക്കയിലെ മറ്റ് ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ നേരിടാനുള്ള ഒരു ഉപകരണമായാണ് ഡയഗ്നെ എഐയെ കാണുന്നത്. എച്ച്‌ഐവി, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ മുതൽ ക്യാൻസർ, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ വരെയുള്ള വൈവിധ്യമാർന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിർണ്ണയിക്കുന്നതിനും ഇന്ന് ഡയഗ്നെ വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത സിസ്റ്റം ഏറെ ഫലപ്രദമാണ്. 

ഒരിക്കൽ വെറും വിഡിയോ ഗെയിമുകൾക്ക് അടിപ്പെട്ട് വീട്ടിലെ മുറിയ്ക്കുള്ളിൽ ഒതുങ്ങിയിരുന്ന ആ പെൺകുട്ടിയിൽ നിന്നും ഇന്ന് ലോകം ഉറ്റുനോക്കുന്ന, സ്വന്തം ദേശക്കാർ ഏറെ ആദരിക്കുന്ന, ഒരു മാതൃക വ്യക്തിത്വമാകാൻ ഡയഗ്നെ തീരുമാനിച്ചത് അവരുടെ കാഴ്ചപ്പാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്. മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഫലങ്ങൾക്കും ആഫ്രിക്കയിലെ അസമത്വങ്ങൾ കുറയ്ക്കുന്നതിനുമുള്ള പ്രതീക്ഷയുടെ ഒരു വഴികാട്ടിയായി ഈ യുവതി ഇന്ന് വർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com