പൂക്കളല്ല, കുടീരത്തിൽ പഠനോപകരണങ്ങൾ മതി; പ്രിയ അധ്യാപികയെ യാത്രയാക്കാൻ നൂറിലധികം ബാഗുകൾ

Mail This Article
ജോർജിയയിലെ സ്കൂൾ അധ്യാപികയായിരുന്ന ടാമി വാഡൽ 25 വർഷം കുട്ടികൾക്കായി ജീവിച്ച വ്യക്തിയാണ്. അവർക്ക് എല്ലാ കുട്ടികളും സ്വന്തം മക്കളായിരുന്നു. 58–ാമത്തെ വയസിൽ ക്യാൻസർ ബാധിച്ച് മരണാസന്നയായി കിടക്കുമ്പോൾ ആ അധ്യാപിക തന്റെ മക്കളായ വിദ്യാർഥികളോട് ഒരു കാര്യം ആവശ്യപ്പെട്ടു. പൂക്കളല്ല, പകരം എന്നെ അവസാനമായി കാണാൻ വരുമ്പോൾ നിർധനരായ കുട്ടികൾക്കായി ആവശ്യ സാധനങ്ങൾ നിറച്ച ബാഗ് നല്‍കണമെന്നായിരുന്നു ടീച്ചറുടെ അവസാന ആഗ്രഹം.

നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൊണ്ടുവരണമെന്നത് ടാമി വാഡലിന്റെ അവസാന ആഗ്രഹം വിദ്യാർഥികൾ നിറവേറ്റി. നൂറിലധികം ബാഗുകളാണ് പ്രിയ ടീച്ചറെ കാണാൻ വന്നപ്പോൾ കുട്ടികൾ കൊണ്ടുവന്നത്. സംഭാവന ചെയ്ത ബാഗുകൾ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രൊജക്ട് കണക്ട് വഴി ആവശ്യക്കാരായ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

വൻകുടലിൽ ക്യാൻസർ ബാധിച്ചാണ് ടാമി വാഡൽ മരിച്ചത്. വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം നൽകിയിരുന്ന ടാമി എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനും മറ്റുമായി അവർ അഹോരാത്രം പരിശ്രമിച്ചു. സ്‌കൂൾ സാമഗ്രികൾ നിറച്ച ബാഗുകൾ കൊണ്ടുവരാന‍്‍ കഴിയാത്തവർ കുട്ടികളുടെ പഠനത്തിനായി ഒരു സംഭാവന നൽകണമെന്നും ടാമി അവസാന ആഗ്രഹമായി എഴുതിവച്ചു.
ഓരോരുത്തരും മരണാനന്തര ചടങ്ങുകൾക്ക് ആയിരങ്ങൾ ചിലവാക്കുകയും നിമിഷങ്ങളുടെ ആയുസുമാത്രമുള്ള വിലയേറിയ പൂക്കളാൽ അലങ്കാരങ്ങൾ തീർക്കുകയുമെല്ലാം ചെയ്യുന്ന കാലത്താണ് അത്യന്തം വ്യത്യസ്തമായൊരു ആവശ്യം ടീച്ചർ മുന്നോട്ട് വച്ചത്. വെറുതെ പണം ചെലവാക്കാതെ അത് ആവശ്യക്കാരിലേയ്ക്ക് എത്തിക്കുക എന്ന ഈ സ്ത്രീയുടെ സദുദ്ദേശം ലോകം മുഴുവൻ മാനിക്കേണ്ടതും പ്രാവർത്തികമാക്കാൻ പരിശ്രമിക്കേണ്ടതുമാണെന്ന് സ്വന്തം ജീവിതം കൊണ്ട് ഈ അധ്യാപിക കാണിച്ചുനൽകുന്നു.