ADVERTISEMENT

എല്ലാ കുട്ടികളും വൈകുന്നേരം സ്കൂൾ വിട്ട് വീടുകളിലേയ്ക്ക് മടങ്ങും നേരം ഒരുവൻ മാത്രം പോകാതെ നിൽക്കുന്നു. ‘എന്താ ഷാഹിലേ നീ വീട്ടിൽ പോകുന്നില്ലേ ?’ ടീച്ചറുടെ ചോദ്യത്തിന് ആ കുട്ടി നൽകിയ നിഷ്കളങ്കമായ മറുപടി ‘എനിക്ക് പോകാൻ വീടില്ല ടീച്ചറേ’ എന്നായിരുന്നു. ആ ഉത്തരം ടീച്ചറുടെ മനസിൽ നോവായി. പിന്നീടുള്ള ആ ടീച്ചറുടെ ശ്രമവും അവന് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു. ടീച്ചറുടെ ആ പരിശ്രമം തല ചായ്ക്കാൻ ഒരിടമില്ലാതെ യതീംഖാനയിലും, പള്ളി ദർസിലും കഴിഞ്ഞു വന്ന അവന് തുണയായി. തിരുവിഴാംകുന്ന് എ.എം.എൽ.പി. സ്കൂളിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന നബീല ടീച്ചറാണ് തന്റെ വിദ്യാർഥിയുടെ ജീവിതത്തിൽ പ്രതീക്ഷയുടേയും സ്നേഹത്തിന്റെയും പ്രകാശം പരത്തിയത്. 

‘എനിക്ക് പോകാൻ വീടില്ല ടീച്ചറേ’; അവന്റെ വാക്കുകൾ മറക്കാനാവില്ല
നബീല ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു ഷാഹിൽ. ഉപ്പയുടെ മരണം വരെ വാടക വീട്ടിൽ ആയിരുന്നു താമസം. പിന്നീട് മുണ്ടൂർ യതീം ഖാനയിലാണ് ജീവിച്ചത്. ഷാഹിലിന്റെ ഉമ്മ അവിടെ പാചകം ചെയ്താണ് ഉപജീവനം നടത്തുന്നത്. ഷാഹിലിനു ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു അനിയത്തി കൂടിയുണ്ട്. പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇടമാണ് മുണ്ടൂരിലേത്. അവിടെ ഷാഹിൽ മാത്രമാണ് ഒരു ആൺകുട്ടിയായുള്ളത്. അതുകൊണ്ട് തന്നെ യതീംഖാന അധികൃതർക്ക്  അതൊരു ബുദ്ധിമുട്ടായി മാറി. പിന്നാലെയാണ് അവനെ പഠിക്കാൻ മറ്റെവിടെയെങ്കിലും അയക്കാൻ യതീം ഖാനയിൽ നിന്നുള്ളവർ ആവശ്യപ്പെട്ടത്. അതോടെ അവന്റെ ജീവിതത്തിൽ വീണ്ടും കരിനിഴലിൽ വീണു തുടങ്ങി. യതീംഖാനയിൽ നിന്നിറങ്ങിയതിന് പിന്നാലെ ഒരു പള്ളിയിലായിരുന്നു അവന്റെ ജീവിതം. അമ്മയേയും സഹോദരിയെയും കാണാതെ അവനവിടെ ഒറ്റയ്ക്ക് താമസിച്ചു. ആ കുഞ്ഞു മനസിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ വേദന.

nabeela-teacher1
ഷാഹിലും നബീല ടീച്ചറും

ഒരു ദിവസം നബീല ടീച്ചർ ക്ലാസിൽ നിന്നും ഇറങ്ങിവരുമ്പോൾ ഷാഹിൽ പുറത്തിരിയ്ക്കുന്നത് കണ്ടു. വീട്ടിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് അവൻ പറഞ്ഞത് എനിക്ക് വീടില്ല ടീച്ചറേ എന്നായിരുന്നു. കൂടെ ഉള്ളവർ വീട്ടിലേക്ക് പോകുമ്പോൾ ഷാഹിൽ പോകുന്നത് യതീം ഖാനയിലേക്കാണ്. ഒരു ടീച്ചർക്ക് അവർ പഠിപ്പിക്കുന്ന കുട്ടികളെല്ലാം തന്നെ അവരുടെ സ്വന്തം മക്കളെപ്പോലെയാണ്. തന്റെ മക്കളിലൊരാൾ കയറിക്കിടക്കാനൊരിടമില്ലാതെ, സ്വന്തബന്ധങ്ങളെ പിരിഞ്ഞ് ജീവിയ്ക്കുന്നത് കണ്ടപ്പോൾ നബീല ടീച്ചറുടെ ഉള്ളൊന്ന് പിടഞ്ഞു. ഷാഹിലിന്റെ ഉമ്മയുടെ ചിത്രമാണ് തന്റെ മനസിൽ അപ്പോൾ തെളിഞ്ഞതെന്ന് നബീല ടീച്ചർ പറയുന്നു. “ ആ ഉമ്മയുടേത് വല്ലാത്തൊരു നിസ്സഹായ അവസ്ഥയാണ്. എപ്പൊഴെങ്കിലും മോൻ വരുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കൊടുക്കാൻ പോലും കഴിയാതെ, സ്വന്തമായി വീടില്ലാത്ത പാവങ്ങൾ” .ടീച്ചർ പറഞ്ഞു തുടങ്ങി. “ ഞാൻ അവനോട് എല്ലാം ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. ഷാഹിൽ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ടീച്ചറേ അനിയത്തി പെൺകുട്ടി ആയതുകൊണ്ട് അവൾ രക്ഷപ്പെട്ടു, അവൾക്ക് ഉമ്മയൂടെ കൂടെ യത്തിംഖാനയിൽ നിൽക്കാം. പക്ഷേ ഞാൻ ആൺകുട്ടി ആയിപ്പോയില്ലേ”. 

“നിഷ്കളങ്കമായ ആ മുഖം കാണുമ്പോൾ മനസിന് ഒരു വേദന. അവനു വേണ്ടി കഴിയുന്നത് എന്തെങ്കിലും ചെയ്യണം എന്ന തോന്നൽ. പിന്നീടുള്ള എന്റെ ഓരോ ദിവസവും അതിനെക്കുറിച്ചുള്ള ചിന്തകളിലൂടെയാണ് കടന്നുപോയത്”. കുടുംബ ഗ്രൂപ്പുകളിലും, സഹപാഠി ഗ്രൂപ്പുകളിലും, സുഹൃത്ത് ഗ്രൂപ്പുകളിലും നബീല ടീച്ചർ തന്റെ വിദ്യാർഥിയുടെ ദുരിതം പങ്കുവെച്ചു. സമൂഹ മാധ്യമങ്ങളിലും ഷെയർ ചെയ്തതോടെ സഹായ ഹസ്തവുമായി നിരവധിപേർ മുന്നോട്ട് വന്നു. മുണ്ടൂർ യതീം ഖാന കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ വാങ്ങി നൽകിയ 5 സെന്റ് സ്ഥലത്തു അങ്ങനെ ഷാഹിലിനും കുടുംബത്തിനുമായി സ്വപ്നഭവനം ഉയർന്നു. വീട് പണിക്ക് മേൽനോട്ടം നൽകിയതും എല്ലാ കാര്യങ്ങളും നോക്കിയതും നബീല ടീച്ചർ തന്നെയായിരുന്നു. ടീച്ചറിന്റെ ഭർത്താവും പിതാവും ബന്ധുക്കളും സർവ്വ പിന്തുണയുമായി ഒപ്പം നിന്നു. സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന് അറിയാത്ത അവസ്ഥയാണെന്നായിരുന്നു വീടിന്റെ താക്കോൽ നൽകിയപ്പോൾ നിറ കണ്ണുകളോടെ അവർ പറഞ്ഞത്. 6. മാസം കൊണ്ട് വീടിന്റെ പണി പൂർത്തിയാക്കി. 

nabeela-teacher2
വീടിന്റെ താക്കോൽ കൈമാറുന്നു

ഷാഹിലിന് ഇനി ഉമ്മയെയും സഹോദരിയേയും പിരിഞ്ഞിരിക്കേണ്ട, മറ്റുള്ളവർ പോകുന്നതുപോലെ എന്നും വൈകുന്നേരം സന്തോഷത്തോടെ അവന് അവന്റെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാം. തന്റെ മക്കൾക്ക് ഇഷ്ടമുള്ളതെല്ലാം സ്നേഹത്തോടെയും സന്തോഷത്തോടെയും ആ ഉമ്മയ്ക്ക് ചെയ്യാം. തലചായ്ക്കാൻ സ്വന്തം വീടുണ്ടെന്ന് അവർക്ക് അഭിമാനത്തോടെ പറയാം. നിലവിൽ എല്ലാ ശനിയും ഞായറുമാണ് അവർ വീട്ടിൽ വന്നു നിൽക്കുന്നത്. കാരണം യതീംഖാനയിലെ ഉമ്മയുടെ പാചക ജോലിയാണ് അവരുടെ ജീവിത മാർഗം. യതീം ഖാനയിൽ പാചകത്തിന് ഒരു ആളെ കിട്ടിയാൽ അവർക്ക്‌ വീട്ടിൽ നിക്കാൻ കഴിയും. അതുവരെ യതീം ഖാനയിൽ തുടരാനാണ് തീരുമാനം. ഇതിനെല്ലാം നിമിത്തമായ നബീല ടീച്ചർക്ക് നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്നില്ല ഷാഹിലും കുടുംബവും. ഈ ജന്മം മുഴുവൻ തങ്ങൾ ടീച്ചറോട് കടപ്പെട്ടിരിക്കുന്നുവെന്ന് മനസാലെ പറയുകയാണ് ആ കുടുംബം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com