കോമയിൽ നിന്നുണർന്ന് ഫുട്ബോൾ വേദിയിൽ, അമ്മയ്ക്ക് വേണ്ടി മകന്റെ മികച്ച സമ്മാനം
Mail This Article
ഈയടുത്ത് മിഷിഗണിലെ ഒരു ഹൈസ്കൂളിൽ അവിടുത്തെ വിദ്യാർഥികളുടെ ഫുട്ബോൾ ടീമിന്റെ സീനിയർ നൈറ്റ് ഗെയിം നടന്നു. എന്നാൽ അന്നത്തെ താരം അതിൽ പങ്കെടുത്ത അത്‍ലറ്റുകൾ ആയിരുന്നില്ല. കളി കാണാൻ എത്തിയ ഒരു അമ്മയായിരുന്നു. അഞ്ച് വർഷത്തിന് ശേഷം കോമാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി മകന്റെ ഫുട്ബോൾ മത്സരം കാണാനെത്തിയ ജെന്നിഫർ ഫ്ലെവെല്ലൻ എന്ന യുവതി.
അഞ്ചുവർഷമായി ജെന്നിഫർ കോമാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് ഇനി അവർ ഒരിക്കലും തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ മുദ്രകുത്തി. പക്ഷേ ഒരു അമ്മയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അതൊന്നും ഒന്നുമല്ല എന്ന് തെളിയിക്കുന്ന സംഭവമാണ് മിഷിഗണിൽ അരങ്ങേറിയത്. ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാരെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു ജെന്നിഫറിന്റെ തിരിച്ചുവരവ്.
മിഷിഗണിലെ നൈൽസിൽ നിന്നുള്ള ജെന്നിഫർ ഫ്ലെവെല്ലൻ 2017 സെപ്റ്റംബർ 25 ന് കാർ അപകടത്തെ തുടർന്നാണ് കോമ അവസ്ഥയിലായത്. സംഭവസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അവരെ ആംബുലൻസിൽ ലേക്ക്‌ലാൻഡ് ഹോസ്പിറ്റലിൽ എത്തിച്ചു. ഹോസ്പിറ്റലിൽ എത്തിച്ച ജെന്നിഫറിനെ ശ്രുശ്രൂഷിച്ച ഡോക്ടർമാർ അവൾ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് പറഞ്ഞു. ഇതിനിടെ ജെന്നിഫറിന്റെ മൂത്ത രണ്ട് ആൺകുട്ടികളും ഫുട്ബോളിൽ തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. അതൊന്നും കാണാൻ ആ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല.
സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നു കരുതിയ ആ അമ്മ മകന്റെ ഫുട്ബോൾ മത്സരം കാണാനെത്തിയത് ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു. ഒരു വർഷം മുമ്പ് കോമാവസ്ഥയിൽ നിന്ന് ഉണർന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് ജെന്നിഫർ എത്തുമെന്ന് പലരും കരുതിയിരുന്നില്ല. ഫുട്ബോള്‍ മത്സരം കാണാനെത്തിയ ഏവുടെയും മനസ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു വീൽചെയറിലുള്ള ജെന്നിഫറിന്റെ വരവ്. ജെന്നിഫറിന് മാത്രമല്ല, ഇതുപോലുള്ള പലർക്കുമുള്ള പ്രതീക്ഷകൂടിയായിരുന്നു അത്.
അമ്മ കളി കാണാൻ എത്തുമെന്ന് മകൻ ജൂലിയനും കരുതിയിരുന്നില്ല. എന്നാൽ ആൾക്കൂട്ടത്തിൽ തന്റെ അമ്മയുണ്ടെന്ന് അറിഞ്ഞപ്പോൾ ജൂലിയൻ പകച്ചില്ല. അമ്മയെ സന്തോഷിപ്പിക്കുക എന്നതിലപ്പുറം തന്റെ ജീവിതത്തിൽ ഒന്നുമില്ലെന്ന് വിശ്വസിക്കുന്ന ആ 18 വയസുകാരൻ മകൻ അന്ന് ടീമിന് വേണ്ടി സമ്മാനിച്ചത് മൂന്ന് ഗോളുകൾ. മത്സരത്തിലെ വിജയം തന്നെയായിരുന്നു ആ അമ്മയ്ക്കുള്ള മകന്റെ സമ്മാനം.