ജീവനോടെ ചുട്ടെരിക്കുന്ന വേദന, ദീർഘ നിശ്വാസമെടുത്താൽ ബോധക്ഷയം; കരയാനും ചിരിക്കാനും പറ്റാതെ യുവതി

Mail This Article
ചിരിക്കുമ്പോഴും കരയുമ്പോഴും എന്തിന് നല്ല സുഗന്ധം ശ്വസിക്കുമ്പോൾ പോലും ദുസഹമായ ശാരീരിക വേദന അനുഭവിക്കുന്ന ഒരു 20കാരിയുടെ ദുരവസ്ഥ ലോകത്തെ ഞെട്ടിക്കുകയാണ്. 15 വയസ്സ് മുതൽ അനുഭവിക്കുന്ന വേദനയ്ക്ക് ഇന്നും ശമനമുണ്ടായിട്ടില്ല. അഞ്ച് വർഷം മുമ്പ് മുഖത്ത് വന്ന ഒരു ചുണങ്ങിൽ നിന്നുമാണ് ഈ പാവം പെൺകുട്ടിയുടെ വേദന നിറഞ്ഞ ജീവിത യാത്ര ആരംഭിക്കുന്നത്.
15 വയസ്സ് മുതൽ തനിക്ക് വിട്ടുമാറാത്ത അസുഖമുണ്ടെന്ന് അമേരിക്കക്കാരിയായ സാംഗറൈഡ്സ് (Tsangarides) വെളിപ്പെടുത്തുന്നു. ചലന പ്രശ്‌നങ്ങൾ, ബോധക്ഷയം, മലബന്ധം എന്നിവ പോലുള്ള നിരവധി വെല്ലുവിളികളാണ് യുവതി അഭിമുഖീകരിക്കുന്നത്. 20 വയസുള്ള യുവതിയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാനോ ജോലിയെടുക്കാനോ നടക്കാനോ പോലും സാധിക്കുന്നില്ല. പലപ്പോഴും തന്നെ ജീവനോടെ ചുട്ടെരിക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്ന് യുവതി പറയുന്നു. കുടലിലും വൃക്കകളിലും വരെ പ്രശ്നങ്ങളുണ്ടായി. ചിരി മുതൽ കണ്ണുനീർ വരെയുള്ള എന്ത് വികാരങ്ങളും ചർമത്തിന്റെ ജ്വലനത്തിന് കാരണമാകുമെന്ന് യുവതി പറയുന്നു.
18-ാം വയസ്സിൽ യുവതിക്ക് പോസ്‌ചറൽ ടാക്കിക്കാർഡിയ സിൻഡ്രോം (PoTS) എന്ന അസുഖമാണ് എന്ന് സ്ഥിരീകരിക്കുകയുണ്ടായി. നിൽക്കുമ്പോൾ ഹൃദയമിടിപ്പ് അസാധാരണമായി വർദ്ധിക്കുന്ന സവിശേഷതയാണിത്. ഡോക്ടർമാരുടെ അഭിപ്രായം അനുസരിച്ച്, തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പ് കൂടുന്നത്, നെഞ്ചുവേദന എന്നിവ സാധാരണ ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷേ സാംഗറൈഡ്സിന് ഉണ്ടാകുന്ന ചർമവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ പ്രത്യേക കാരണം ഇപ്പോഴും ഡോക്ടർമാർക്ക് തിരിച്ചറിയാനാവുന്നില്ല.
ഭക്ഷണത്തോട് ഏറ്റവും സെൻസിറ്റീവ് ആണ്, താൻ ജീവിക്കുന്നത് ഒരു കുമിളയിലാണ് എന്നാണ് യുവതി പറയുന്നത് കാരണം വായുവിലൂടെയും അവൾക്ക് അലർജി ഉണ്ടാകുന്നുണ്ട്. ചില സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടെയും മണമോ മറ്റോ ചുറ്റുമുണ്ടെങ്കിൽ, അത് പെട്ടെന്ന് തന്നെ ശ്വാസോച്ഛ്വാസം നിലയ്ക്കാനും മുഖത്ത് കടുത്ത പ്രതികരണമുണ്ടാക്കാനും ഇടയാക്കും. പാസ്തയാണ് തന്റെ ഏറ്റവും നല്ല സുഹൃത്തെന്നും, പ്ലെയിൻ ചിക്കൻ നഗറ്റുകൾ പോലെയുള്ള പ്ലെയിൻ ഭക്ഷണമാണ് കഴിക്കാൻ സാധിക്കുന്നുതെന്നും യുവതി പറയുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്തും മറ്റും വളരെയധികം ഏകാന്തത അനുഭവിച്ചിരുന്നതായും പിന്നീട് പുറത്തിറങ്ങാൻ പോലും മടിച്ചിരുന്നതായും യുവതി പറഞ്ഞു.
എന്നാൽ തന്റെ അവസ്ഥ തന്നെ മാനസികമായി മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു. ‘ഇതെല്ലാം ഇല്ലാതെ ഞാൻ ആരായിരിക്കുമെന്ന് എനിക്കറിയില്ല. അത് ഞാൻ എല്ലാ ദിവസവും ചിന്തിക്കുന്ന കാര്യമാണ്, എനിക്ക് അസുഖം വന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ എന്ത് ചെയ്യുമായിരുന്നു?’ നീറുന്ന വേദനകൾക്കിടയിലും ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവൾ തന്റെ വാക്കുകൾ ഇങ്ങനെ പങ്കുവെക്കുകയാണ് ലോകത്തോട്. ചിരിക്കാനോ കരയാനോ ഒരു ദീർഘനിശ്വാസം എടുക്കാനോ പോലും ആവുന്നില്ലെങ്കിലും തന്റെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് സ്വപ്നം കാണുകയാണ് ഈ പെൺകുട്ടി.