‘പേടിയോടെയാണ് ജീവിക്കുന്നത്, ഇവിടം സുരക്ഷിതമല്ല’; വെളിപ്പെടുത്തലുമായി പാകിസ്ഥാനി നടി
Mail This Article
സ്വന്തം നാട്ടിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാനി നടി ആയിഷ ഒമർ. സ്വാതന്ത്രവ്യം സുരക്ഷയും ഒരു മനുഷ്യന് പ്രാഥമികമായി വേണ്ട കാര്യങ്ങളാണ്, എന്നാൽ എന്റെ നാട്ടിൽ അതില്ല എന്നാണ് താരം വ്യക്തമാക്കിയത്. ‘ ഇവിടെ സുരക്ഷിതമാണെന്ന് എനിക്ക് തോന്നുന്നില്ല. റോഡുകളിലിറങ്ങി ശുദ്ധവായു ശ്വസിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, എന്നാൽ ഇവിടെ അത് നടക്കില്ല. തെരുവിൽ ഒരു സൈക്കിൾ ഓടിക്കാൻ പോലും കഴിയുന്നില്ല’. ഒരു ദേശീയ മാധ്യമത്തിന് നൽകിയ പോഡ്കാസ്റ്റിൽ നടി വ്യക്തമാക്കി.
കൊവിഡ് കാലത്ത് ലോക്ഡൗൺ ഉണ്ടായിരുന്നപ്പോൾ മാത്രമാണ് സ്ത്രീകൾക്ക് പുറത്ത് പോകാൻ കഴിഞ്ഞതെന്നാണ് ഒമർ പറയുന്നത്. തനിക്ക് കറാച്ചിയിൽ താമസിക്കുമ്പോൾ ഉത്കണ്ഠ തോന്നുന്നുണ്ടെന്നും അവിടം ഒട്ടും സുരക്ഷിതമല്ലെന്നും നടി പറഞ്ഞു.
‘പാകിസ്ഥാനിലെ പെൺസമൂഹം വളരുന്നത് ഇവിടുത്തെ പുരുഷൻമാർ ഒരിക്കലും മനസ്സിലാക്കുന്നില്ല. ഈ രാജ്യത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന ഭയം മനസ്സിലാകില്ല. ഓരോ നിമിഷവും ഉത്കണ്ഠയോടെയാണ് ജീവിതം’. ആയിഷ പറഞ്ഞു.
കറാച്ചിയിലേതിനേക്കാൾ ലാഹോറിൽ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നെന്നും കോളജിൽ പഠിക്കുമ്പോൾ ബസിലാണ് യാത്ര ചെയ്തിരുന്നതെന്നും താരം പോഡ്കാസ്റ്റിൽ പറഞ്ഞു. ‘കറാച്ചിയിൽ വച്ച് തന്നെ രണ്ടുതവണ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുമെന്നോ, ബലാത്സംഗം ചെയ്യപ്പെടുമെന്നോ ഭയക്കാതെ പാകിസ്ഥാനിലെ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കാനാവില്ല. സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്, അത് ഇവിടെ ഇല്ല.’
‘നിങ്ങൾ നിങ്ങളുടെ വീട്ടിൽ പോലും സുരക്ഷിതരല്ല. എല്ലാ രാജ്യങ്ങളിലും കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്, പക്ഷേ നിങ്ങൾക്ക് അവിടങ്ങളിൽ പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാം. പേടിയില്ലാതെ പാകിസ്ഥാനിലെ ഒരു പാർക്കിൽ പോലും പോകാൻ എനിക്ക് കഴിയില്ല’. ആയിഷ വ്യക്തമാക്കി.
എന്നാൽ പാകിസ്ഥാന്റെ ഭൂമിയെ താൻ സ്നേഹിക്കുന്നെന്നും ലോകത്ത് ഞാൻ ജീവിക്കാൻ ഇഷ്ടപ്പെടുന്ന നാടാണിതെന്നും നടി വ്യക്തമാക്കി. തന്റെ സഹോദരൻ രാജ്യം വിട്ട് ഡെൻമാർക്കിൽ സ്ഥിര താമസമാക്കിയെന്നും അമ്മ രാജ്യം വിടാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും നടി പറഞ്ഞു.