ADVERTISEMENT

പലപ്പോഴും നിലപാടുകൾ തുറന്നുപറയാറുള്ള സിനിമാതാരമാണ് നിഖില വിമൽ. നിഖിലയുടെ പുതിയ വെബ്സീരിസായ ‘പേരില്ലൂർ പ്രീമിയർ ലീഗിന്റെ’ ഭാഗമായുള്ള അഭിമുഖങ്ങളിൽ വിവാഹത്തെപറ്റിയും സ്ത്രീധനത്തെ പറ്റിയും നിഖില പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. സ്ത്രീധനം ചോദിക്കുന്നവരെ വിവാഹം കഴിക്കില്ലെന്ന് നമ്മൾ തന്നെ തീരുമാനിക്കണമെന്നും ഞാനൊരിക്കലും അങ്ങനെ വിവാഹം ചെയ്യില്ലെന്നും, എന്റെ വീട്ടിൽ വന്ന് സ്ത്രീധനം ചോദിക്കാൻ ആരും തയാറാകുമെന്ന് തോന്നുന്നില്ലെന്നും നിഖില പറഞ്ഞു. 

‘ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഇല്ലാത്തത് മെന്റൽ സ്ട്രെങ്ത്ത് ആണ്. എല്ലാവരും വീക്കാണ്. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും. ഞാൻ പറയുന്ന കാര്യം അവർ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കിൽ അതിൽ നിന്നു ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാൾ പറയുകയാണെങ്കിൽ നമുക്കൊരു മെന്റൽ സ്ട്രെങ്ത് വരും. ഇത്രയും സോഷ്യല്‍ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളര്‍ന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും, ഇത്തരത്തിൽ സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകൾക്ക് കാരണം. 

nikhila-vimal
നിഖില വിമൽ, Image Credits: Instagram/ nikhilavimalofficial

നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരുമുണ്ട്. ശരിക്കും നമ്മൾക്ക് അറിയില്ല സ്ത്രീധനം ഉണ്ടോ എന്ന്. ഓരോ വ്യക്തികളാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കെന്താണ് വേണ്ടത് എന്ന്. ഇതൊരു ജില്ലയുടെയോ നാടിന്റെയോ പ്രശ്നമല്ല. ഓരോ വ്യക്തികളുടെ പ്രശ്നമാണ്. 

സ്ത്രീധനം വാങ്ങണോ, കൊടുക്കണോ എന്നെല്ലാം ചിന്തിക്കേണ്ടത് അവരവരാണ്. നിങ്ങൾക്കൊരു പാർട്ണറെ വേണമെന്ന് തോന്നുമ്പോൾ മാത്രം കല്യാണം കഴിക്കുക. അച്ഛനോ അമ്മയോ അല്ല തീരുമാനമെടുക്കേണ്ടത്. കല്യാണം കഴിപ്പിച്ച് വിടാൻ  വേണ്ടി മറ്റുള്ളവർ കാണിക്കുന്ന ആവേശമൊന്നും നാളെ ഒരു പ്രശ്നം വരുമ്പോൾ ഉണ്ടാകില്ല. 

സ്ത്രീധനം എന്നതൊക്കെ നമ്മുടെ നാട്ടുകാർ തന്നെ ഉണ്ടാക്കിയ കാര്യങ്ങളാണ്. നമ്മുടെ സൗകര്യത്തിന് ഉണ്ടാക്കിയ കാര്യങ്ങളാണ്. അതുകൊണ്ട് നമുക്ക് സൗകര്യത്തിന് മാറ്റാവുന്നതുമാണ്. സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇന്നും അത് നടക്കുന്നുണ്ട്. 

എന്റെ വീട്ടിൽ കല്യാണാലോചനയുമായി എത്തുന്നവരോട് പോലും ഞാൻ കടക്ക് പുറത്ത് എന്നാണ് പറയാറുള്ളത്. എനിക്ക്  വിവാഹം കഴിക്കണമെന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളു. അല്ലാതെ വീട്ടിൽ നിന്ന് ആരെങ്കിലും പറഞ്ഞെന്ന് കരുതി അങ്ങനെ തീരുമാനിക്കില്ല. നമ്മളാണ് നമ്മുടെ ലൈഫ് ചൂസ് ചെയ്യേണ്ടത്. എന്റെ ജീവിതത്തിലെ എല്ലാ തീരുമാനത്തിനും ഞാനാണ് ഉത്തരവാദി. അപ്പോൾ എനിക്ക് തോന്നുമ്പോഴേ അതിനെ പറ്റി ചിന്തിക്കുകയുള്ളു. എന്റെ വീട്ടില്‍ വന്ന് സ്ത്രീധനം ചോദിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമെന്ന് പോലും എനിക്ക് തോന്നുന്നില്ല. ചേച്ചിയുടെ കാര്യവും അങ്ങനെയാണ്. എന്റെ വീട്ടിൽ അങ്ങനൊരു ടോപ്പിക്കേ ഇല്ല’ നിഖില പറഞ്ഞു. 

നിഖില വിമൽ. Image Credit:instagram/nikhilavimalofficial
നിഖില വിമൽ. Image Credit:instagram/nikhilavimalofficial

പെണ്ണുകാണലും ആദ്യരാത്രിയും പാലൊക്കെ കൊടുക്കലും സിനിമയിൽ മാത്രമുള്ള ഒന്നാണെന്നാണ് കുറേകാലം ഞാൻ കരുതിയിരുന്നതെന്നും അതൊന്നും ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും അഭിമുഖത്തിൽ നിഖില വ്യക്തമാക്കി. ‘എനിക്ക് അറിയുന്നവരൊക്കെ അങ്ങനെ ചെയ്തതായി കണ്ടിട്ടില്ല. ജീവിതത്തിൽ ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണൽ. ഞാൻ അത് അധികം കണ്ടിട്ടുമില്ല. ഇപ്പോൾ കാര്യങ്ങൾ കുറേ മാറിയിട്ടുണ്ട്, എന്റെ സുഹൃത്തുക്കളിൽ പലരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പെണ്ണും പയ്യനും കോഫി ഷോപ്പിൽ പോയി നേരിട്ട് സംസാരിച്ച് അവർക്ക് ഓകെ ആണെന്ന് തോന്നി പിന്നീട് ഫാമിലി സംസാരിക്കുന്ന രീതിയാണ് ഇന്ന്. അതാണ് നല്ലത്’. നിഖില പറഞ്ഞു. 

English Summary:

Nikhila Vimal Advocates for Personal Choice Over Dowry in Marriage Decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com