ADVERTISEMENT

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. തനിക്ക് കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും താരം പറഞ്ഞു. വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും രണ്ടാം ഭാര്യയാകാൻ ഇഷ്ടമില്ലെന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

‘ഇപ്പോൾ എനിക്കൊരു കാമുകൻ ഉണ്ട്. അദ്ദേഹത്തിന്റെ വിവാഹമാണ്. ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ പറ്റൂ. ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്‌നങ്ങൾ വരുമെന്ന് എനിക്കറിയാം. അതിനാൽ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ചെയ്‌തോ എന്ന് ഞാൻ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. വിവാഹം ചെയ്‌തോ എന്ന് ഞാനാണ് പറഞ്ഞത്. കാമുകന്റെ പേര് പറയാൻ താൽപര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് അത് പ്രശ്‌നമാകരുത്. കുടുംബത്തിൽ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്‌നമാകും. അത് വരാൻ പാടില്ല. അതുകൊണ്ടാണ് അതാരാണെന്ന് വെളിപ്പെടുത്താത്തത്. കാമുകന് വിവാഹം ആയാൽ അയാൾ മുൻ കാമുകനായി മാറും. 

ഷക്കീല

11 വയസിലാണ് ആദ്യ പ്രണയം. വീടിനടുത്തുള്ള സുരേഷ് റെഡ്ഡിയുമായാണ് ആദ്യ പ്രണയം. അവനെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ, അന്ന് അത് പ്രണയമായിരുന്നോ എന്നൊന്നും അറിയില്ലായിരുന്നില്ല. പ്രണയങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും മുക്കാൽ ഭാഗം പേരെയും വിട്ട് പോയത് ഞാൻ തന്നെയാണ്. പക്ഷെ ഞാൻ തന്നെ കരയും. കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു എന്ന് തോന്നും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. കാരണം എങ്ങനെ പോയാലും കുടുംബത്തിൽ പ്രശ്നം വരും. നടക്കില്ല എന്ന് എനിക്കറിയാമായിരുന്നു. 

കല്യാണം കഴിക്കണം എന്നൊക്കെ എപ്പോഴും ആലോചിച്ചിട്ടുണ്ട്. രണ്ടാം ഭാര്യയാകാനോ ഡിവോഴ്‌സ് ആയവരുമായുള്ള വിവാഹമോ എനിക്ക് പറ്റില്ല. മറ്റൊരാളുടെ ഭാര്യക്ക് ഞാൻ കാരണം ഒരു പ്രശ്‌നവും ഉണ്ടാകാൻ പാടില്ല. ഞാൻ പ്രണയിക്കുന്നവർ പോലും വിവാഹിതരാകാതിരിക്കാൻ ശ്രമിക്കാറുണ്ട്. എനിക്കൊരു കോംപ്ലക്‌സ് ഉള്ളത് പോലെ തോന്നുന്നു. കല്യാണം കഴിഞ്ഞാൽ അവരുടെ അടിമയാകുമോ എന്നൊക്കെ. ഇപ്പോൾ ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. എനിക്ക് തോന്നിയാൽ ഭക്ഷണം വെക്കും, ഇല്ലെങ്കിൽ വെക്കില്ല. പക്ഷെ അങ്ങനെയൊരാൾ വന്നാൽ അവർക്കായി ഭക്ഷണം വെക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല, എന്നു തോന്നുന്നു. കുട്ടികൾ വേണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു’. ഷക്കീല പറഞ്ഞു.

ആത്മഹത്യ ചിന്തകൾ വന്നിട്ടുണ്ടെങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ‘അതിനുള്ള ഒരേയൊരു കാരണം എന്റെ അമ്മയാണ്. പതിനഞ്ച് വയസ് മുതൽ സമ്പാദിക്കുന്ന ആളാണ് ഞാൻ. ഞാൻ കള്ളം പറയാറില്ല. പക്ഷേ എന്റെ അമ്മ എന്നെ വിശ്വസിക്കില്ല. അപ്പോഴാണ് ഞരമ്പ് മുറിക്കാനൊക്കെ നോക്കിയത്. ദേഷ്യത്തിൽ എന്തെങ്കിലും ചെയ്യും. പിറ്റേന്ന് വേദനയുണ്ടാകും. എന്നാൽ അമ്മ, വേദനിക്കുന്നുണ്ടോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പോലും ചോദിക്കില്ലായിരുന്നു’. ഷക്കീല വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com