ADVERTISEMENT

കാലം മാറിയതോടെ ആളുകളുടെ മൊബൈൽ ഫോൺ ഉപയോഗവും വലിയ രീതിയിൽ കൂടിയിട്ടുണ്ട്. ഇപ്പോൾ മൊബൈൽ ഫോൺ കയ്യിലില്ലാതെ ഒരു നിമിഷം പോലും വെറുതെയിരിക്കാൻ പലർക്കും ആകില്ല. കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴുമെല്ലാം മൊബൈൽ ഫോണ്‍ കൂടെ വേണമെന്ന് പലർക്കും നിർബന്ധമാണ്. പല വീടുകളിലും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള സംസാരം കുറയ്ക്കാൻ പോലും മൊബൈൽ ഫോൺ കാരണമായിട്ടുണ്ട്. എന്നാൽ ഇതിനൊരു പരിഹാരം കണ്ടത്താൻ പലരും ശ്രമിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നതും അത്തരത്തിലൊരു തീരുമാനമാണ്. വീട്ടിലെ ആളുകളുടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനായി ഒരു യുവതി കണ്ടെത്തിയ മാർഗത്തിന് കയ്യടിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. 

വീട്ടിലെ ആളുകളുടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനായി കുടുംബാംഗങ്ങളെ കൊണ്ട് ഒരു കരാറിൽ ഒപ്പുവെപ്പിച്ചിരിക്കുകയാണ് യുവതി. മഞ്ജു ഗുപ്ത എന്ന യുവതിയാണ് വീട്ടുകാർക്കായി കരാർ തയാറാക്കിയത്. ഒരു സ്റ്റാമ്പ് പേപ്പറിലാണ് കരാർ എഴുതിയത്. മൂന്ന് നിബന്ധനകളാണ് കരാറിൽ ഉൾപ്പെടുത്തിയത്. 

1. രാവിലെ എഴുന്നേറ്റ ഉടനെ മൊബൈലിൽ നോക്കുന്നതിന് പകരം എല്ലാവരും സൂര്യനെ നോക്കണം. 

2. ഒരുമിച്ചിരുന്ന് വേണം ഭക്ഷണം കഴിക്കാൻ. ആ സമയത്ത് മൊബൈൽ ഫോൺ 20 അടി ദൂരം മാറ്റിവെക്കണം. 

3. ബാത്ത്റൂമിൽ പോകുമ്പോൾ ആരും മൊബൈൽ ഫോൺ കൊണ്ടുപോകരുത്. അങ്ങനെ റീലും കണ്ട് സമയം കളയുന്നത് ഒഴിവാക്കാം. 

കരാർ ലംഘിച്ചാൽ ആ മാസം ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കില്ലെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.  കുടുംബത്തിലെ എല്ലാവരും നിയമം അംഗീകരിക്കണം. 

മഞ്ജുവിന്റെ കരാർ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പലരും മഞ്ജുവിന്റെ തീരുമാനത്തിന് അഭിനന്ദനം അറിയിക്കുന്നുണ്ട്. തികച്ചും ന്യായമായ ആവശ്യങ്ങളാണെന്നും എല്ലാ കുടുംബത്തിലും ഇത് നടപ്പിലാക്കേണ്ടതാണെന്നും പലരും പറയുന്നു. എന്നാൽ മഞ്ജുവിന്റെ കരാറിനെ വിമർശിക്കുന്നവരും നിരവധിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com