ADVERTISEMENT

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത ശോഭന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിപ്പറഞ്ഞതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു. പിന്നാലെ ‘ഇനി തന്നെ കാണാൻ ശോഭനയെ പോലെയുണ്ടെന്ന് ആരും പറയരുതെന്ന്’ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. ശീതളിന്റെ കുറിപ്പിന് പിന്നാലെ അവരെ വ്യക്തിപരമായി അവഹേളിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. 

‘ഒരു ട്രാൻസ് കമ്മ്യൂണിറ്റി എന്ന നിലയിൽ സമൂഹ മാധ്യമത്തിൽ ശീതൾ ശ്യാമിന് നേരെ നടത്തുന്ന സൈബർ  അറ്റാക്കിനോട്  എനിക്ക് തികച്ചും വിയോജിപ്പ് മാത്രം. കാരണം, ഒരു വ്യക്തിയോട് അവർ പറഞ്ഞ നിലപാടുകൾ കൊണ്ട് വിയോജിപ്പ് പ്രകടിപ്പിക്കാം, നിലപാടുകൾ ആർക്കും എപ്പോഴും വ്യക്തമാക്കാൻ കഴിയും. പക്ഷേ  അവരുടെ ശരീര ഭാഷയും, നിറവും, വർണവും, ജെൻഡറും, വെച്ച് ആരെയും അധിക്ഷേപിക്കാൻ ആർക്കും ഒരു അവകാശവും ഇല്ല. പ്രബുദ്ധകേരളത്തിലെ കുറെ വ്യക്തികളുടെ വിവരമില്ലായ്മ മാത്രമാണ് അധിക്ഷേപങ്ങൾ വ്യക്തമാകുന്നത്. ഞാൻ അടങ്ങുന്ന ഒരു സമൂഹത്തിനു നേരെ നടത്തുന്ന പദ പ്രയോഗങ്ങൾ തികച്ചും അപലപനീയം. കുഞ്ഞു നാൾ മുതൽ കേൾക്കുന്നതും കേട്ടു കൊണ്ടിരിക്കുന്നതുമായ പദ പ്രയോഗങ്ങൾ’. സീമ സമൂഹ മാധ്യമത്തിൽ കുറിച്ചു. 

നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ അല്ല ആ വ്യക്തി എന്നുണ്ടെങ്കിൽ അന്നുവരെ ചേച്ചി, അമ്മ, എന്നൊക്കെ വിളിച്ചവർ തന്നെ പല പേരുകൾ വിളിച്ച് അപമാനിക്കുമെന്നും ഈ വിളികളിൽ ഒക്കെ തകർന്നു പോകുന്നവരാണ് ഞങ്ങൾ എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി എന്നും തീയിൽ കുരുത്തതു വെയിലത്ത്‌ വാടാറില്ല എന്നും സീമ പറഞ്ഞു. 

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും വ്യത്യസ്ത രാഷ്ട്രീയ ചായ്‌വ് അവരവരുടെ നിലപാടാണെന്നും അത് പറയാൻ അവകാശമുണ്ടെന്നും സീമ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആഹാ, പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ഓഹോ. അയ്യയ്യോ, ഇതാണ് ഇവരൊക്കെ വാ തോരാതെ പ്രസംഗിക്കുന്ന നേടിയെടുക്കാൻ ശ്രമിക്കുന്ന വ്യക്തി സ്വാതന്ത്ര്യം ? തികച്ചും ബഹുമാനത്തൊടെ പറയട്ടെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതുകൊണ്ട് തന്നെ മിക്കവാറും ജനങ്ങൾക്കും ഒരു രാഷ്ട്രീയപാർട്ടിയുടെ ചായ്‍വുണ്ടാകു. ശീതൾ ഉറപ്പാണ് എൽഡിഎഫ് എന്ന് പ്രൊഫൈലിൽ ഇട്ടതുപൊലെ, മറ്റൊരുപാർട്ടിയുടെ ആശയത്തെ ഇഷ്ടപ്പെടാത്തതു പോലെ, ഒരു സ്വാതന്ത്ര്യം ശോഭനയ്ക്കുമുണ്ടാകില്ലെ, അഭിപ്രായം പറയാൻ കഴിയില്ലെ..? 

എന്നെ ഇനി ശോഭനയെപ്പോലെ ആണെന്ന് പറയേണ്ടാ എന്ന് പറയുന്ന വ്യക്തി  അതിൽ തന്നെ അവർക്ക് അവരുടെ വ്യക്തിത്വത്തിലോ, സ്വത്വത്തിലെ വിശ്വാസമില്ല, താൽപ്പര്യമില്ല എന്നാണ്.  ഇന്ത്യയിൽ പലരീതിയിലുള്ള വ്യത്യസ്ത സ്വഭാവമുള്ള ജനങ്ങളാണ്, എല്ലാവരും ക്രിമിനലുകളല്ല, എല്ലാവരെയും നന്നാക്കാനും കഴിയില്ല. കുഞ്ഞുണ്ണിമാഷ് പറഞ്ഞത് പോലെ ഈ വലിയ ലോകം നന്നാവാൻ ചെറിയ ഒരു എളുപ്പവഴി സ്വയം നന്നാവുക എന്നതാണ്. 

നിങ്ങൾക്ക് മണിപ്പൂരാണോ പ്രശ്നം കേരളത്തിൽ വണ്ടിപ്പെരിയാറിലെ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ചു തൂക്കി കൊന്നത് പുരോഗമനമായാണോ കാണുന്നത് ? വാളയാറിലെ രണ്ടു പെൺകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ചു കൊന്നത് പുരോഗമന പ്രവർത്തനമാണെന്നാണോ പറയുന്നത് ?  പിന്നെ കർഷകർ കടക്കെണിയിൽ ദിനവും ആത്മഹത്യ ചെയ്യുന്നു. ഇന്നും കണ്ണൂരിൽ ജോസ് എന്ന് പേരുള്ള കർഷകൻ ആത്മഹത്യ ചെയ്തു. എന്താ ഇതാണോ തൊഴിലാളി പാർട്ടിയുടെ കർഷകരോടുള്ള ആത്മാർഥത ?  ഇനി ദളിതരോടുള്ള സ്നേഹത്തിന്റെ മുഖം മായാതെ കിടക്കുകയാണ് മധുവിന്റെ മുഖം. പിന്നെ നിറത്തിന്റെ കാര്യത്തിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ പ്രബുദ്ധർ കളിയാക്കുന്നിടത്തോളം വരില്ല ഒന്നും, സൂര്യനെല്ലിയും കവിയൂരും, ഒക്കെ പിറവിയെടുത്തത് കേരളത്തിലാണ്. എന്നിട്ടും ശോഭന കേരളീയസദസ്സിൽ വരികയും പങ്കെടുക്കുകയും ചെയ്തില്ലേ...? ആരും അവരെ വിമർശിച്ചില്ലല്ലോ...? ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നിടത്താണ് അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത്.. ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല’ മറ്റൊരു പോസ്റ്റിൽ സീമ പറഞ്ഞു. 

സീമയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ശീതളും സീമയുടെ പോസ്റ്റ് തന്റെ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com