വയസ്സിൽ കാര്യമില്ല, വിളയാണ് മുഖ്യം; രാത്രിയിൽ കാവലുമായി 75 വയസ്സുള്ള സരോജിനി
Mail This Article
വിള കാക്കണം. പ്രായമായെന്നു കരുതി ആനയെയും പുലിയെയും പേടിച്ച് വീട്ടിലിരുന്നാൽ വേലയെടുത്തതൊക്കെ വെറുതെയാവും. ജീവിതം വഴിമുട്ടും. പാലക്കാട് ധോണിയിലെ പെരുന്തുരുത്തിക്കളം വീട്ടിൽ സരോജിനി എഴുപത്തഞ്ചാം വയസ്സിലും രാത്രി പാടത്തേക്കിറങ്ങുന്നത് വന്യമൃഗങ്ങളെ തുരത്താനാണ്.
ചവിട്ടിമെതിക്കാൻ ആനയും പന്നിയും
വീടിനടുത്തുള്ള രണ്ടരയേക്കർ പാടത്ത് ഓർമ വച്ചനാൾ മുതൽ കൃഷി ചെയ്താണ് സരോജിനി ജീവിക്കുന്നത്. എന്നാൽ ആനയും പന്നിയും കാടുവിട്ട് നാട്ടിലേക്കിറങ്ങിയതോടെ നെല്ലും പച്ചക്കറിയുമെല്ലാം ചവിട്ടിമെതിക്കാൻ തുടങ്ങി. അതോടെ വിള കാക്കാൻ രാത്രിയിൽ പാടത്ത് തീ കത്തിച്ച് കാവലിരിക്കുകയാണ് സരോജിനി.
രാവും പകലും പാടത്ത്
രാവിലെ മുതൽ പാടത്ത് പണിയെടുത്ത് വൈകിട്ട് വീട്ടിലെത്തും. ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ച ശേഷം ഇരുട്ടു വീഴുന്നതോടെ വീണ്ടും പാടത്തേക്ക്. ചപ്പുചവറുകൾ പാടത്തിനു ചുറ്റും പല ഭാഗങ്ങളിൽ കൂട്ടിയിട്ടു കത്തിച്ചും തകരപ്പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും പാടത്തിനു ചുറ്റും നടക്കും.
മകൻ മോഹനനും കൃഷിപ്പണിക്ക് കൂടെയുണ്ട്. ആനയ്ക്കു പുറമേ പുലി കൂടി ധോണിയിൽ ഇറങ്ങിയതോടെ ആശങ്കയിലാണെങ്കിലും കൃഷി ഉപേക്ഷിച്ച് വീട്ടിൽ ഇരിക്കാൻ ഒരുക്കമല്ല സരോജിനി.