വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞു, ഭിന്നശേഷിക്കാരിയെന്ന് പറഞ്ഞിട്ടും ആവർത്തിച്ചു: ആരോപണവുമായി യുവതി

Mail This Article
ഭിന്നശേഷിക്കാരിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൊൽക്കത്ത വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ തന്നോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി യുവതി. സെക്യൂരിറ്റി ക്ലിയറൻസിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മൂന്നു തവണ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടെന്ന് ഗുഡ്ഗാവ് സ്വദേശിയായ ആരുഷി സിംഗ് സമൂഹ മാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
‘ഇന്നലെ വൈകുന്നേരം കൊൽക്കത്ത വിമാനത്താവളത്തിലെ സെക്യൂരിറ്റി ക്ലിയറൻസിനിടെ, വീൽചെയറിൽ ഇരുന്ന എന്നോട് ഉദ്യോഗസ്ഥ എഴുന്നേറ്റ് നിൽക്കാനായി ആവശ്യപ്പെട്ടു. ഒരു തവണയല്ല, മൂന്നു തവണയാണ് ഉദ്യോഗസ്ഥ എഴുന്നേറ്റ് നിൽക്കാനായി ആവശ്യപ്പെട്ടത്. എഴുന്നേറ്റ് രണ്ടു ചുവട് നടക്കാനും ആവശ്യപ്പെട്ടു. എനിക്ക് വൈകല്യമുള്ളതിനാൽ പറ്റില്ലെന്ന് പറഞ്ഞെങ്കിലും എഴുന്നേറ്റ് നിൽക്കണമെന്ന് അവർ എന്നോട് പറഞ്ഞു. എനിക്ക് കഴിയില്ലെന്ന് പറഞ്ഞപ്പോൾ, രണ്ടു മിനിറ്റ് മാത്രം എഴുന്നേറ്റ് നിന്നാൽ മതിയെന്നായി. എന്നാൽ ജന്മനാ തനിക്ക് വൈകല്യമുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു.
ഭിന്നശേഷിക്കാരെ അപമാനിക്കാൻ എയർപോർട്ട് സുരക്ഷാ മാനുവൽ ആവശ്യപ്പെടുന്നുണ്ടോ? സഹാനുഭൂതിയുടെ ഒരു കണിക പോലുമില്ലാത്ത ഈ സംഭവം എന്നെ അദ്ഭുതപ്പെടുത്തി. നേരത്തെയും ഇതുപോലത്തെ സംഭവങ്ങൾ ഉണ്ടായിട്ടും, കൊൽക്കത്ത വിമാനത്താവളത്തിലെ ജീവനക്കാർ ഇതുവരെയും ഒന്നും പഠിച്ചിട്ടില്ല’. യുവതി എക്സിൽ കുറിച്ചു.
ദുരനുഭവം പങ്കുവച്ച യുവതിയെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ഇത് വളരെ മോശമായ സംഭവമായിപ്പോയൊന്നും, ഭിന്നശേഷിക്കാരോട് ഇങ്ങനെ പെരുമാറുന്നത് നീതി കേടാണെന്നും പലരും എക്സില്‍ കുറിച്ചു. സംഭവത്തിൽ കൊൽക്കത്ത എയർപോർട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.