ADVERTISEMENT

15 വയസിൽ വീട്ടിലെ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെട്ട് കൈയ്യിൽ ഒരു ജോഡി വസ്ത്രവും 300 രൂപയുമായി ഇറങ്ങിയ ചിനു കല അന്നൊക്കെ തലചായ്ച്ചിരുന്നത് മുംബൈ റയിൽവെ സ്റ്റേഷനിലായിരുന്നു. നിലനിൽപ്പിനായി ദിവസം വെറും 20 രൂപ വേതനത്തിൽ സെയിൽസ് ഗേളായി ജോലിചെയ്തു തുടങ്ങിയ ചിനു കലയെന്ന മുംബൈ സ്വദേശിനി ഇന്ന് 200 കോടി മൂല്യമുള്ള ആഭരണ കമ്പനിയുടെ ഉടമയാണ്. വീടുവിട്ടിറങ്ങുമ്പോഴും ഓരോ തവണ കഷ്ടപ്പാടിന്റെ കയ്പ്പുനീരു കുടിക്കുമ്പോഴും മുന്നോട്ട് പോകാൻ ചിനുവിന് ശക്തിപകർന്നത് അവളുടെ അതിജീവിക്കാനുള്ള കഠിനമായ ദൃഢനിശ്ചയമായിരുന്നു.

article-4
ചിനു കല, Image Credit: Chinu Kala/ Instagram

തനിക്ക് എവിടെ നിന്നാണ് ധൈര്യം കിട്ടിയതെന്ന് ഇന്ന് ചോദിച്ചാൽ, യഥാർഥത്തിൽ ഉത്തരമില്ലെന്നും എന്തെങ്കിലും ചെയ്യണമെന്നും അതിന് തനിക്കാവുമെന്ന വിശ്വാസവുമാണ് ഇത്രയും നാൾ മുന്നോട്ട് നയിച്ചതെന്ന് ചിനു കല പറയുന്നു. രണ്ടു ജോഡി വസ്ത്രങ്ങളും ഒരു ജോടി ചെരിപ്പും മാത്രമേ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ രണ്ടു ദിവസം ആകെ പേടിച്ചു പോയി. റയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടിയ ആ ദിനങ്ങൾ ഒരിക്കലും മറക്കില്ലെന്നും അവിടെ നിന്നും തനിക്ക് ജീവിക്കണമെന്ന് തോന്നുകയും അതിനായി പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങുകയുമായിരുന്നുവെന്ന് ചിനു.

article-2
ചിനു കല, Image Credit: Chinu Kala/ Instagram

പിന്നീട് എട്ട് വർഷത്തോളം ചിനു വിവിധ ജോലികൾ ചെയ്തു. 2004-ൽ, ബെംഗളൂരുവിൽ വച്ച് വിവാഹിതയായി. തുടർന്ന് അവളുടെ സുഹൃത്തുക്കളുടെ ഒരുപാട് പ്രേരണകൾക്ക് ശേഷം, ചിനു ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും അവിടെ ഫൈനൽ വരെ എത്തുകയും ചെയ്തു. എന്നാൽ തന്റെ മേഖല അതല്ലെന്ന് തിരിച്ചറിഞ്ഞ അവർ മോഡലിംഗ് വ്യവസായത്തിലേക്ക് പ്രവേശിക്കുകയും അതിനുശേഷം പ്രശസ്ത കോർപ്പറേറ്റ് സ്ഥാപനമായ ഫോണ്ടെ കോർപ്പറേറ്റ് സൊല്യൂഷൻസിലൂടെ സംരംഭക യാത്ര ആരംഭിക്കുകയും ചെയ്തു.

article-5
ചിനു കല, Image Credit: Chinu Kala/ Instagram

ഇന്ത്യൻ ജ്വല്ലറി വിപണി വിശാലമാണെങ്കിലും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സവിശേഷമായ ഡിസൈനുകൾ ഇല്ലെന്ന് മനസിലാക്കിയ ചിനു ഫാഷനോടുള്ള തന്റെ ഇഷ്ടവും കോർപ്പറേറ്റ് വ്യാപാരത്തിലുള്ള അനുഭവവും സംയോജിപ്പിച്ച് 2014 ൽ റൂബൻസ് ആക്സസറീസ് എന്ന സ്വന്തം കമ്പനി സ്ഥാപിക്കുകയും ചെയ്തു.

article-3
ചിനു കല, Image Credit: Chinu Kala/ Instagram

ബെംഗളൂരുവിലെ ഫീനിക്‌സ് മാളിൽ 70 ചതുരശ്ര അടി വിസ്തീർണമുള്ള കിയോസ്‌കിലാണ് റൂബൻസ് ആക്‌സസറീസ് ആരംഭിച്ചത്. സ്ഥാപിച്ച് അഞ്ച് വർഷത്തിനുള്ളിൽ അവർ 200 കോടി രൂപയുടെ കമ്പനിയായി അതിനെ വളർത്തിയെടുത്തു. ഇന്ന് വിദേശത്തും രാജ്യത്തുമായി നിരവധി ഉപഭോക്താക്കളുള്ള വമ്പൻ കമ്പനിയാണ് ഒരുകാലത്ത് വീടുവീടാന്തരം കയറിയിറങ്ങി സെയിൽസ് നടത്തിയിരുന്ന വനിതയുടെ ഈ സംരംഭം. നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചാൽ വിജയം സുനിച്ഛിതമാണെന്ന് തെളിയിച്ച ഒരു വനിതകൂടി ഇതാ.

English Summary:

Life Story of Chinu kala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com