ADVERTISEMENT

സ്ത്രീകളുടെ പങ്കാളിത്തമോ പ്രാതിനിധ്യമോ ഇല്ലാത്ത ആചാരങ്ങളും സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത ദേവാലയങ്ങളും പുതുമയല്ല. എന്നാൽ പലയിടങ്ങളിലും ഈ രീതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് ജപ്പാനിലെ ഇനാസാവയിലുള്ള കൊണോമിയ ദേവാലയം. 1250 വർഷങ്ങളായി ഈ ദേവാലയത്തിൽ നടത്തപ്പെടുന്ന നേക്കഡ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന ഉത്സവത്തിൽ സ്ത്രീകൾക്ക് പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഈ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഇത്തവണ സ്ത്രീകളും ഉത്സവത്തിന്റെ ഭാഗമായി.

Read Also: ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി, പ്രാർഥനകൾക്ക് നന്ദിയെന്ന് താരം

ഹഡാക്ക മത്സൂരി എന്നാണ് ഈ ഉത്സവത്തിന്റെ പേര്. ദുഷ്ട ശക്തികളെ അകറ്റിനിർത്താനും സന്തോഷം അനുഗ്രഹമായി ലഭിക്കുന്നതിനും വേണ്ടിയാണ് ഈ ഉത്സവം ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഇന്നോളം ഈ ഉത്സവത്തിൽ പങ്കെടുത്തിരുന്നത് പുരുഷന്മാർ മാത്രമാണ്. ഇതിന് മാറ്റം വരുത്തി കൊണ്ടാണ് സ്ത്രീകളുടെ ഏഴു സംഘങ്ങൾ ഇത്തവണ ചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായത്. 

naked-festival1
നേക്കഡ് ഫെസ്റ്റിവലിൽ നിന്ന്, Image Credits: X/ 324.cat

പർപ്പിൾ നിറത്തിൽ മുട്ടറ്റം എത്തുന്ന ഹാപ്പി കോട്ട് എന്നറിയപ്പെടുന്ന റോബുകൾ ധരിച്ചാണ് സ്ത്രീകൾ ചടങ്ങിന്റെ ഭാഗമായത്. ചടങ്ങിൽ പങ്കെടുത്ത സ്ത്രീകൾ ചുവപ്പും വെള്ളയും റിബണുകളാൽ അലങ്കരിച്ച വലിയ മുളംകമ്പുകൾ തോളുകളിലേന്തി ദേവാലയത്തിന്റെ മുറ്റത്തെത്തി. അതിനുശേഷം തല കുമ്പിട്ടും കൈകൾ കൊട്ടിയും അവർ ആദ്യഘട്ട ആചാരങ്ങൾ പൂർത്തിയാക്കി. മുൻപ് പുരുഷന്മാർ മാത്രം ചെയ്തിരുന്ന ഈ ചടങ്ങിൽ ഇത്തവണ സ്ത്രീകൾ പങ്കാളികളായതോടെ അത് വലിയ വാർത്ത പ്രാധാന്യവും നേടിയിരുന്നു.  മാധ്യമങ്ങളുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിലാണ് സ്ത്രീകൾ ചടങ്ങ് പൂർത്തിയാക്കിയത്.

Read More: സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ഉർവശി റൗട്ടേല, സമ്മാനിച്ചത് റാപ്പർ ഹണിസിങ്

ഉത്സവത്തിൽ ഇത്തരം വഴിപാടുകൾക്കായി സ്ത്രീകൾ ഒറ്റയ്ക്ക് മുൻപും എത്തിയിരുന്നെങ്കിലും ആചാരങ്ങളിൽ പങ്കെടുക്കുന്നത് ഇതാദ്യമാണെന്ന് ദേവാലയത്തിലെ പുരോഹിതൻ പറയുന്നു. കഴിഞ്ഞ വർഷമാണ് സ്ത്രീകളുടെ ഒരു സംഘം എത്തി തങ്ങൾക്കും ചടങ്ങിന്റെ ഭാഗമാകാൻ അനുമതി നൽകുമോ എന്ന് ആവശ്യപ്പെട്ടത്. ഉത്സവങ്ങൾ എല്ലാവരുടെയും സന്തോഷത്തിനുവേണ്ടിയുള്ളതാവണമെന്നാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറയുന്നു. ഇത്തവണ അതിന് അവസരം ഒരുങ്ങിയത് മൂലം ഈശ്വരനും അങ്ങേയറ്റം സന്തോഷിക്കുന്നുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

naked-festival2
നേക്കഡ് ഫെസ്റ്റിവലിൽ നിന്ന്, Image Credits: X/ 324.cat

എന്നാൽ ദുഷ്ട ശക്തികളെ തുരത്തുന്നതായി നടത്തുന്ന പ്രധാന ചടങ്ങിൽ സ്ത്രീകൾ പങ്കാളികളായില്ല. ഇത്തവണയും പുരുഷന്മാർ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ആചാരങ്ങൾ പൂർത്തിയാക്കിയത്. സ്ത്രീകളുടെ ശാരീരിക സ്ഥിതി പരിഗണനയിൽ എടുക്കുമ്പോൾ ഈ ആചാരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നത് ശ്രമകരമായതിനാലാണ്  ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. 

ജപ്പാൻ ലിംഗപരമായ വ്യത്യാസങ്ങൾ നികത്താൻ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടെന്ന് 2023 ൽ പുറത്തു വന്ന ഒരു വാർഷിക റിപ്പോർട്ട് വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെ ഈ പ്രശ്നം പരിഹരിക്കാനായി സ്ത്രീകൾക്ക് സമൂഹത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് ജാപ്പനീസ് ഭരണകൂടവും  ഉറപ്പു നൽകി. ആയിരം വർഷങ്ങൾക്ക് മുകളിലായി പിന്തുടർന്നു പോന്നിരുന്ന ഒരു ആചാരത്തിന് പുരോഗമനപരമായ മാറ്റം കൊണ്ടുവരാനുള്ള തീരുമാനവും ഇതുമായി ചേർത്ത് വായിക്കാം.

English Summary:

Women Join Japan's Naked Festival for First Time in 1250 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com