ADVERTISEMENT

'ആധുനികത' ലോകത്തിന്റെ പലയിടത്തായി ആഞ്ഞടിച്ച ഇരുപതാം നൂറ്റാണ്ടിലാണ് ഉപന്യാസ സമാഹാരമായ  സ്വന്തമായൊരു മുറി (A Room of One's Own) വെളിച്ചപ്പെടുന്നത്. 1929 സെപ്റ്റംബറിൽ വിർജീനിയ വുൾഫ്(Virginia Woolf) എന്ന വിഖ്യാതയായ ചിന്തക ഇത് പ്രസിദ്ധപ്പെടുത്തിയതും വൻ കോലാഹലങ്ങളുണ്ടായി. ''ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും, സ്വന്തമായി ഒരു മുറിയും വേണം'' എന്ന വാചകം അന്നത്തെ പുരുഷകേന്ദ്രീകൃതമായ ലോകത്തെ ചൊടിപ്പിച്ചു. ചിലരെയൊക്കെ ചിന്തിപ്പിച്ചു. ആ ചിന്തയിലൂന്നിയാണ് സ്ത്രീപക്ഷ സാഹിത്യം പിന്നീട് നിവർന്നു നിന്നത്. പെണ്ണിനുവേണ്ടി ആണെഴുതുമ്പോൾ നഷ്ടപെടുന്ന സത്തയാണ് പെണ്ണെഴുത്തിൽ ഉരുത്തിരിയേണ്ടത് എന്ന് നമ്മുടെ സമൂഹം മനസിലാക്കാൻ എന്നത്തെയുംപോലെ പിന്നെയും സമയമെടുത്തു. 

2007ൽ പുറത്തിറങ്ങിയ പരദേശി എന്ന സിനിമയ്ക്കുവേണ്ടി, കല്യാണം കഴിഞ്ഞു വീടും നാടും വിട്ടുപോകുന്ന പെണ്ണിനു പാടാനൊരു പാട്ട് തയാറാക്കിയിരുന്നു റഫീഖ് അഹമ്മദ്. 

'വെള്ളി കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ, 

തൊട്ടാവാടി തയ്യേ..

തൊട്ടാവാടി തയ്യേ..'

എന്നാണ് കവി എഴുതിയത്. തട്ടം പിടിച്ചു വലിക്കുന്ന മൈലാഞ്ചി ചെടിയും, ഏഴാം രാവിന്‍റെ ചെമ്പക പൂവിതള്‍ വീണു കുളിര്‍ത്ത വെള്ളം ഒരു കുമ്പിള്‍ സൂക്ഷിച്ചുവച്ചു അത്രയും കാലത്തെ ജീവിതത്തെ ഓർമയായി പൊതിഞ്ഞെടുത്ത പെണ്ണിന് അതിലും മനോഹരമായി പാടാനാകുമോ. ആണെഴുതിയ പെൺവരികൾ ചിലപ്പോളൊക്കെ സഹൃദയർക്കു രസിക്കാറുമുണ്ട്. 

എണ്ണിയാൽ തീരാവുന്ന പെണ്ണെഴുത്തുകാരേ ഇന്നും മലയാളിക്കുള്ളു. സ്ത്രീ എഴുതുന്നതിനെ നിരീക്ഷിച്ചു റഫീഖ് അഹമ്മദ് എന്ന കവിയും പാട്ടെഴുത്തുകാരനും മനോരമ ഓണലൈൻ പരിപാടി 'വരിയോരത്തിൽ' സംസാരിക്കുന്നു.

സ്ത്രീയുടെ മനസ് വായിക്കുന്നത് എങ്ങനെ?  
സ്ത്രീജീവിതങ്ങൾ വളരെ സൂക്ഷ്മമായിട്ട് ശ്രദ്ധിക്കാറുണ്ട്. അവരുടെ സൗഹൃദങ്ങളിൽ നിന്നും ജീവിതാനുഭവങ്ങൾ നമ്മളോടു പറയുന്നതിൽ നിന്നും ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യരെന്ന നിലയിൽ മമത തോന്നുമല്ലോ.

rafeeq-ahammad1
റഫീക്ക് അഹമ്മദ്, ചിത്രം:മനോരമ

മാധവിക്കുട്ടിയെ പോലുള്ള അപൂർവം ആളുകളിൽ മാത്രമാണ് സ്ത്രീ അനുഭവിക്കുന്ന വ്യത്യസ്തമായ അനുഭൂതി തലങ്ങളൊക്കെ വന്നുകണ്ടിട്ടുള്ളു. ഇപ്പോൾ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളൊക്കെ സത്യമാണ്. അവർ അതിനെക്കുറിച്ച് എഴുതുന്നു എന്നേയുള്ളൂ. പുരുഷനെ അപേക്ഷിച്ച് രണ്ടാം പൗര ആയിട്ട് അവഗണിക്കപ്പെടുന്നു എന്നത് അവഗണിക്കാനാകാത്ത പ്രശ്നമാണ്. അവര്‍ ഒരു ശരീരം മാത്രം എന്ന നിലയ്ക്ക് കാണപ്പെടുന്നതിന്റെ വിഷമങ്ങളും സങ്കടങ്ങളും സ്ത്രീകൾ പറഞ്ഞുകൊണ്ടിരിക്കുന്നു. അതിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ ലോകത്തെ എങ്ങനെ കാണുന്നു, മഴയെ നോക്കുന്നത് എങ്ങനെയാണ്, നിലാവിനെയും പൂക്കളെയും നോക്കുന്നത് എങ്ങനെയാണെന്നൊക്കെ അറിയാൻ കൗതുകമുണ്ടാകും. പക്ഷേ അത് സ്ത്രീ എഴുത്തുകാരിൽനിന്നും എപ്പോഴും കിട്ടാറില്ല. മാധവിക്കുട്ടിയെ വായിക്കുമ്പോൾ അവരുടെ ഭയങ്കര സ്ത്രൈണമായിട്ടുള്ള സംഗതിയാണ് മനസിലാകാറുള്ളത്. അപൂർവം പേർക്കേ അത് അനുഭവിപ്പിക്കാനാകാറുള്ളു. 

English Summary:

Rafeeq Ahammed Discusses the Evolution of Women's Writing and Its Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com