പഠനം പൂർത്തിയാക്കാത്തത് മാനസികമായി തളർത്തി; അശ്വതിയുടേത് പോരാടി നേടിയ വിജയം
Mail This Article
ഡിഗ്രി പഠന കാലത്തെ വിവാഹം. വിവാഹശേഷമുണ്ടായ പ്രശ്നങ്ങൾ. വിവാഹമോചനം വാങ്ങി. ആരും പിന്തുണയില്ലാതെ പിന്നീടുള്ള കാലം മകൾക്കൊപ്പം ജീവിക്കാൻ ആരംഭിച്ചപ്പോൾ കൂട്ടായത് ചെറുപ്പം മുതൽ ഒപ്പമുണ്ടായിരുന്ന കലയാണ്. പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമുള്ള അശ്വതിയുടെ തീരുമാനമാണ് അവളുടെ വളർച്ച. ഇന്ന് ഒരു കൂട്ടം സ്ത്രീകളുള്ള ആർട്ടിസ്റ്റുകളുടെ കൂട്ടായ്മ അവൾക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. യാത്ര ആരംഭിക്കുമ്പോൾ ഒറ്റയായിരുന്നെങ്കിൽ ഇന്ന് അശ്വതിയ്ക്ക് ഒപ്പം നൂറോളം വനിത സംരഭകരുമുണ്ട്. ടെറാക്കോട്ട ജുവലറി ബിസിനസിലൂടെ അശ്വതി ഇന്ന് തന്നെ തളർത്തിയ ജീവിതത്തോട് പൊരുതുകയാണ്. പഠനവും ജീവിതവും പാതിവഴിക്ക് മുടങ്ങിയപ്പോൾ അതിജീവനത്തിനായി തുടങ്ങിയ സംരംഭമാണ് അശ്വതിയുടെ ‘നൈൻസ് ടെറാക്കോട്ട’.
തളർത്തിയ ജീവിതത്തോടുള്ള പോരാട്ടം
എറണാകുളം കോതമംഗലം സ്വദേശിനി അശ്വതിയുടെ സംരംഭമാണ് നൈൻസ് ടെറാക്കോട്ട ജ്വല്ലറി. കളിമണ്ണ് കൊണ്ട് നിർമിച്ച മനോഹരങ്ങളായ ആഭരണങ്ങളാണ് ഉൽപന്നം. ഒരു ഹോബി ആയിട്ടാണ് തുടങ്ങിയതെങ്കിലും,പിന്നീട് ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ മുന്നോട്ട് നയിക്കുന്ന വരുമാന മാർഗമായി അത് മാറുകയായിരുന്നു. “ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു വിവാഹം. പഠനം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് മാനസികമായി തളർത്തി. അത് മറികടക്കാനാണ് ഞാൻ ഒഴിവ് സമയങ്ങളിൽ ക്രാഫ്റ്റ് ഉത്പന്നങ്ങൾ ചെയ്തു തുടങ്ങിയത്. അപ്പോഴാണ് ടെറാക്കോട്ട ജൂവലറിയെ കുറിച്ച് കേൾക്കുന്നതും അതിനെ പറ്റി കൂടുതലായി അറിയാൻ ശ്രമിക്കുന്നതും. പയ്യെ ഒരു ഹോബിയായി ടെറാക്കോട്ട ജൂവലറി നിർമിക്കാൻ തുടങ്ങി. അങ്ങനെ നിർമിച്ച ജൂവലറി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു. അതുകണ്ട് പലരും ജുവലറി ആവശ്യപ്പെട്ടു. ഞാൻ ചെയ്യുന്ന വർക്കുകൾക്ക് നല്ല പ്രതികരണം ലഭിക്കുന്നതു കണ്ട് സുഹൃത്താണ് ഒരു സംരംഭം തുടങ്ങാൻ നിർദേശിക്കുന്നത്. 2017ൽ മകളുടെ പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങുകയും അതിലൂടെ ഇടക്ക് വരുന്ന വർക്കൊക്കെ ചെയ്തു മുന്നോട്ട് പോവുകയുമായിരുന്നു. ഇതിനിടയിൽ ജീവിതത്തിൽ ഉണ്ടായ ചില പ്രതിസന്ധികളും കോവിഡ് ലോക്ഡൗണും മാനസികമായി തളർത്തി. സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു’’. അശ്വതി പറയുന്നു.
അശ്വതി തനിച്ചല്ല, കൂട്ടിന് ഒരുപാട് പേരുണ്ട്.
പിന്നോട്ടില്ലെന്ന വാശിയിലായിരുന്നു അശ്വതി. തളരാതെ സ്വന്തം ബിസിനസുമായി മുന്നോട്ടു പോയി. അങ്ങനെ പതിയെ പതിയെ ബിസിനസ് പച്ചപിടിച്ചു. സമൂഹ മാധ്യമങ്ങൾ വഴി നൂറുകണക്കിന് ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. നൂറുകണക്കിന് പേർ സ്ഥിരം കസ്റ്റമേഴ്സ് ആവുകയും അതിലൂടെ നല്ല വരുമാനം നേടുവാനും കഴിഞ്ഞു. ഇത് അശ്വതിയുടെ മാത്രം കാര്യമാണ്. എന്നാൽ ഇന്ന് അശ്വതി മറ്റൊരു സുന്ദരമായ കാര്യത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. തന്നെപ്പോലെ പാഷൻ ബിസിനസാക്കി മുന്നോട്ടു പോകുന്ന ലേഡീ ആർടിസെന്റ്സിനെ സപ്പോർട്ട് ചെയ്യാൻ ‘ആർട്ടിക’ എന്ന കമ്മ്യൂണിറ്റിയ്ക്ക് തുടക്കം കുറിച്ചു. ഒരു B2B എക്സ്പോയിൽ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ വനിത കമ്മ്യൂണിറ്റി കൂടിയാണ് ആർട്ടിക.
“സ്ത്രീകളെ പിന്തുണക്കുന്ന സ്ത്രീകളുടെ അടിത്തറയിലാണ് ഞങ്ങളുടെ കമ്മ്യൂണിറ്റി നിർമിച്ചിരിക്കുന്നത്. കേരളത്തിലെ കരകൗശല വിദഗ്ദരായ സ്ത്രീകൾക്ക് വേണ്ടിയുള്ള കൂട്ടായ്മയാണിത്. ഇപ്പോൾ തന്നെ ഇതിൽ 100ൽ കൂടുതൽ അംഗങ്ങളുണ്ട്. ഇത്തരത്തിൽ ആർട്ടിസ്റ്റുകളെ സംഘടിപ്പിച്ചുകൊണ്ട് രൂപീകരിച്ചിട്ടുള്ള ഏക സംഘടനയും ഇതുതന്നെയാണ്. ഒറ്റയ്ക്ക് നിന്ന് പോരാടുന്നവരെ എനിക്ക് മനസിലാക്കാൻ കഴിയും. ഞാൻ ബിസിനസ് തുടങ്ങുമ്പോൾ എനിക്കൊപ്പം ആരുമില്ലായിരുന്നു. സാമ്പത്തികമായി ആരേയും ആശ്രയിക്കരുതെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഞാൻ ഈ രംഗത്തേയ്ക്ക് ഇറങ്ങിയത്. ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യങ്ങളിലൊന്ന് സാമ്പത്തിക സ്വാതന്ത്ര്യമാണ്. ആരുടേയും പിന്തുണയില്ലാതെ സ്വന്തം ആവശ്യങ്ങൾക്ക് മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടാതെ സ്വന്തം കാലിൽ നിൽക്കാൻ എല്ലാ സ്ത്രീകളും പ്രാപ്തരാകണം എന്നാണ് എനിക്ക് പറയാനുള്ളത്. ആർട്ടിക എന്ന കൂട്ടായ്മ രൂപികരിക്കുമ്പോൾ എന്റെ മനസിലുണ്ടായിരുന്നതും ഇതേ കാര്യം തന്നെയാണ്. പരസ്പരം സഹായമാകുന്നതിനൊപ്പം വളരാനും അഭിവൃദ്ധി പ്രാപിക്കാനും എല്ലാവർക്കും ഈയൊരു കൂട്ടായ്മയിലൂടെ സാധിക്കും.”
സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയിൽ താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ടെറാക്കോട്ട ആഭരണങ്ങൾ നിർമിക്കാനുള്ള വൈദഗ്ധ്യം തനിക്ക് ഒരു പുതിയ ജീവിതത്തിന്റെ വാതിലുകൾ തുറന്നു തന്നുവെന്നും അശ്വതി പറയുന്നു. അതുകൊണ്ട് എല്ലാവരും വിദ്യാഭ്യാസത്തിനൊപ്പം ഒരു സ്കിൽ കൂടി പഠിച്ചു വെക്കണം എന്നാണ് അശ്വതിയുടെ അഭിപ്രായം. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങൾക്ക് തുണയാവുക ചിലപ്പോൾ ആ കഴിവായിരിക്കും. പഠിക്കണമെന്ന ആഗ്രഹം ഇന്നും കെടാതെ അശ്വതിയുടെ ഉള്ളിലങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട്. ബിസിനസിനും സംഘടനയുടെ തിരക്കുകൾക്കുമിടയിലും അശ്വതി ബിരുദം പൂർത്തിയാക്കി. ഇപ്പോൾ യുപിഎസ്ഇ പരീക്ഷകൾക്ക് തയാറെടുക്കുകയാണ്.