ADVERTISEMENT

നിങ്ങളുടെ കണ്ണുകളടച്ച് നോ എന്ന് പറയാൻ ആഗ്രഹിച്ച ഒരു സന്ദർഭം ഓർത്തെടുക്കുവെന്ന് ക്ലാസ് ടീച്ചർ പറയുമ്പോൾ സന്ധ്യ എന്ന പെൺകുട്ടി താൻ കടന്നുപോന്ന വേദനകളുടെ കാലത്തെ നിറകണ്ണുകളോടെ സ്മരിച്ചു. കാരണം നോ പറയാൻ പോയിട്ട് വാതുറന്ന് ഒന്ന് അലറികരയാൻ പോലുമാകാത്തൊരു ജീവിതമായിരുന്നു അവളുടേത്. 10 വയസ്സുമുതൽ 16 വയസ്സുവരെ കൊടിയ ലൈംഗിക പീഡനങ്ങൾക്കും അവഗണനയ്ക്കും നടുവിലായിരുന്നു ആ പെൺകുട്ടി. എന്നാൽ ‘ക്രാന്തി’ എന്ന സംഘടനയും അതിന്റെ സാരഥികളായ റോബിൻ ചൗരസ്യയും ബാനിയും സന്ധ്യയുടേയും അവളെപ്പോലെ സമൂഹം പുറന്തള്ളിയ ഒരു പറ്റം പെൺകുട്ടികളുടെയും തല വരമാറ്റാൻ തീരുമാനിച്ചയിടത്തുനിന്നും കഥ മാറാൻ തുടങ്ങി. മുംബൈ കാമാത്തിപുരയിൽ വളർന്ന സന്ധ്യ ഒരു ലൈംഗിക തൊഴിലാളിയുടെ മകളായിരുന്നു. 

ലൈംഗിക തൊഴിലാളിയുടെ മകൾ വളർന്നുവരുമ്പോൾ അമ്മയുടെ പാത പിന്തുടരുമെന്ന് പറഞ്ഞവർക്ക് മുന്നിൽ തലയുയർത്തി ഇന്ന് നിൽക്കാൻ സന്ധ്യയ്ക്ക് സാധിക്കുന്നത് ക്രാന്തിയെന്ന സംഘടനയുടെ ബലത്തിലാണ്. ആ ക്രാന്തിയുടെ നെടുംതൂണുകളാണ് റോബിൻ ചൗരസ്യയും ബാനിയും. ലൈംഗിക തൊഴിലാളികളുടെയും പെൺവാണിഭത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെയും പെൺമക്കൾക്കായി 2011-ൽ റെഡ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന കാമാത്തിപുരയിൽ ക്രാന്തി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരവും ഇവിടെയുള്ള കുട്ടികൾക്ക് പലപ്പോഴും ലഭിക്കുന്നില്ല. ക്രാന്തി ആ അവസരമാണ് പെൺകുട്ടികൾക്ക് നൽകുന്നത്. സ്‌കൂളിൽ പോകുന്നത് വെറുത്ത കുട്ടിയായിരുന്ന സന്ധ്യ ഇന്ന് കോസ്റ്റാറിക്കയിലെ യൂണിവേഴ്‌സിറ്റി ഫോർ പീസ്‌സിൽ ജെൻഡർ ആന്റ് പീസ് ബിൽഡിങ്ങിൽ എംഎക്ക് പഠിക്കുന്നു. വിദേശ സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദം നേടുകയും രാജ്യത്തുടനീളമുള്ള വേശ്യാലയങ്ങളിലെ പെൺകുട്ടികളുടെ ജീവിതത്തിൽ സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ക്രാന്തിയിലെ നിരവധി പെൺകുട്ടികളിൽ ഒരാളാണ് ഇന്ന് സന്ധ്യ.

kamathipura1
സന്ധ്യ, Image Credits: Instagram/Image Credits: Instagram/

ചുവന്നതെരുവിലെ സ്വാതന്ത്ര്യത്തിന്റെ വിപ്ലവം 
ഒരിക്കലും പുറംലോകത്തിന്റെ അംഗീകാരവും ബഹുമാനവും ലഭിക്കാതെ ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്ന സ്ത്രീകളുടെ മക്കളെന്ന ലേബലിലാണ് ചുവന്നതെരുവിലെ ഓരോ കുഞ്ഞും പിറക്കുന്നത്. ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നുവെന്ന് ഒരു നിമിഷമെങ്കിലും ഇവിടെ വളരുന്ന ഓരോ പെൺകുഞ്ഞും കൊതിച്ചിട്ടുണ്ടാകും. വേറൊന്നിനുമല്ല, തങ്ങളുടെ അമ്മയുടെ അടുത്തെത്തുന്നവരുടെ കണ്ണുകളിൽ പെടാതെ,ആകെയുള്ള ആത്മാഭിമാനം പോലും നഷ്ടപ്പെടാതിരിക്കാനുമായിരിക്കും. കാലമിത്ര കടന്നുപോന്നിട്ടും ഇന്നും സ്വാതന്ത്ര്യത്തിന്റെ രുചിയറിയാത്ത കാമാത്തിപുരയിലെ പെൺകുട്ടികൾക്ക് പക്ഷേ പ്രതീക്ഷയുടെ കൈനീട്ടുകയാണ് ക്രാന്തി. വിദ്യാഭ്യാസവും ആത്മവിശ്വാസവും ആയുധമാക്കി, ലൈംഗികത്തൊഴിലാളികളുടെ പെൺമക്കൾ ക്രാന്തി എന്ന എൻജിഒയുടെ സഹായത്തോടെ അവരുടെ ജീവിതം മാറ്റിക്കുറിയ്ക്കുകയാണ്. 

യുഎസ് എയർഫോഴ്‌സിൽ ജോലി ചെയ്ത ശേഷം, കലിഫോർണിയ സ്വദേശിനിയായ റോബിൻ ചൗരസ്യ ലോകമെമ്പാടുമുള്ള പല എൻജിഒകളുമായി ചേർന്ന് സന്നദ്ധപ്രവർത്തനം ആരംഭിച്ചു. 2008-ൽ, വേശ്യാലയങ്ങളിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന ഒരു എൻജിഒയ്‌ക്കൊപ്പം അവർ പ്രവർത്തിച്ചു. കാമാത്തിപുരയിലെയും മറ്റ് റെഡ് ലൈറ്റ് ഏരിയകളിലെയും പെൺകുട്ടികൾക്ക് അവരുടെ മോശം പശ്ചാത്തലത്തെക്കുറിച്ച് ചിന്തിക്കാതെ ഉയരങ്ങളിലെത്താനാകുമെന്ന് റോബിൻ തിരിച്ചറിഞ്ഞു. അവസരങ്ങൾ ലഭിച്ചാൽ അവരും സമൂഹത്തിൽ നല്ലൊരു നിലയിലെത്തുമെന്ന തിരിച്ചറിവാണ് റോബിനെ ക്രാന്തി ആരംഭിക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ 2011 ബാനി എന്ന മറ്റൊരു സ്ത്രീയെ കണ്ടുമുട്ടുകയും രണ്ടുപേരും ചേർന്ന് ക്രാന്തി എന്ന എൻജി രൂപികരിക്കുകയും ചെയ്തു.  

kamathipura2
ക്രാന്തിയിലെ അംഗങ്ങൾ, Image Credits: Instagram/Image Credits: Instagram/

പ്രധാനമായും 12 നും 21 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് സുരക്ഷിതമായ ഇടവും വിദ്യാഭ്യാസവും അവസരങ്ങളും ക്രാന്തി നൽകിപ്പോരുന്നത്. ഇതുവരെ 27 പെൺകുട്ടികളുടെ ജീവിതത്തിന് താങ്ങായി. ആറ് അധ്യാപകരുള്ള ക്രാന്തിക്ക് സ്വന്തമായി ഒരു സ്കൂളും ഇംഗ്ലീഷ്, വായന, എഴുത്ത്, ഭൂമിശാസ്ത്രം, സംഗീതം, സർഗ്ഗാത്മക ചിന്ത, യോഗ, ധ്യാനം എന്നിവ ഉൾപ്പെടുന്ന ഒരു പാഠ്യപദ്ധതിയുമുണ്ട്. അതോടൊപ്പം സാധാരണ സ്കൂൾ വിദ്യാഭ്യാസവും ഈ കുട്ടികൾക്ക് നൽകുന്നുണ്ട്. പല പെൺകുട്ടികളേയും വിദേശരാജ്യങ്ങളിൽ അയച്ചാണ് ക്രാന്തി പഠിപ്പിക്കുന്നത്. തങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ, കഴിവിലൂടെ ഉന്നതങ്ങളിലെത്താൻ ഈ പെൺകുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സന്ധ്യയെപ്പോലെ ഇനിയും ജീവിതത്തിന്റെ പുതിയ ഉദയത്തിലേയ്ക്ക് കണ്ണുതുറന്നിരിക്കുന്ന കുരുന്നുപെൺകുഞ്ഞുങ്ങൾക്കായി ക്രാന്തിയെപ്പോലെ, റോബിനേയും ബാനിയേയും പോലെ  ഇനിമുയരട്ടെ അനേകം വിപ്ലവകാരികൾ… 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com