ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതോടെ താടിയെല്ല് കുടുങ്ങി; വായ അടയ്ക്കാനാകാതെ യുവതി– വിഡിയോ
Mail This Article
അലറിവിളിച്ചതോടെ താടിയെല്ല് കുടുങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂജഴ്സിയിലെ ജന്ന സിനത്ര എന്ന ഇരുപത്തിയൊന്നുകാരിക്കാണു ദുരനുഭവം. താടിയെല്ല് കുടുങ്ങിയതിനെ തുടർന്ന് വായ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ജന്നയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം.
തുറന്നുപിടിച്ച വായയുമായി ആശുപത്രിയിലേക്കു നടന്നു വരുന്ന യുവതിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ചോദിക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ യുവതിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ കൂടെയുണ്ടായിരുന്ന സ്ത്രീയാണ് മറുപടി നൽകിയത്. ഒരു മണിക്കൂറായി ജെന്നയ്ക്ക് വായ അടയ്ക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്ന് അവർ ഡോക്ടറെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശക്തമായ അലർച്ചയിൽ ജെന്നയുടെ താടിയെല്ല് കുടുങ്ങിയതാണെന്ന് വ്യക്തമായത്.
മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് തന്റെ താടിയെല്ല് പൂർവസ്ഥിതിയിലായതെന്നും ജെന്ന അറിയിച്ചു. ‘‘എനിക്കിത് വിശ്വസിക്കാനായില്ല. മരുന്നും നാല് ഡോക്ടർമാരുടെ പരിശ്രമവും ചേർന്നപ്പോഴാണ് എന്റെ താടിയെല്ല് വീണ്ടും ചലിച്ചത്.’’– ജെന്ന സമൂഹമാധ്യമത്തിൽ കുറിച്ചു. ജെന്നയുടെ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. താടിയെല്ലുകൾ ഇങ്ങനെ കുടുങ്ങിപ്പോകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നിങ്ങൾ ധൈര്യസമേതം അത് നേരിട്ടു എന്നായിരുന്നു യുവതിയുടെ വിഡിയോയ്ക്കു താഴെ വന്ന കമന്റ്. എന്നാൽ ഇത് സാധാരണയായി പലരും നേരിടുന്ന പ്രശ്നമാണെന്ന രീതിയിലും കമന്റുകള്‍ എത്തി.