ഇരുകാലുകളും തളർന്നെങ്കിലും രാധ ആത്മവിശ്വാസം കൈവിട്ടില്ല; ഇന്ന് ഫുഡ് ഡെലിവറി ഗേൾ; പ്രചോദനം ഈ ജീവിതം
Mail This Article
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സാധാരണക്കാരെ പോലെ ഒരു ജോലി കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. ഡെലിവറി സർവീസ് പോലെ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകേണ്ട മേഖലയാണെങ്കിൽ പറയുകയും വേണ്ട. ഫുഡ് ഡെലിവറി സർവീസുകളുടെ കാര്യം മാത്രം എടുത്താൽ ഉപഭോക്താക്കൾ ഓർഡർ നൽകിയാൽ ഏറ്റവും വേഗം ഭക്ഷണം അവരുടെ കൈകളിൽ എത്തിക്കുക എന്നതാണ് പ്രധാനം. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന ഒരു വ്യക്തിക്ക് അത് സാധ്യമാകുമോ? മനസ്സുണ്ടെങ്കിൽ കാലുകളുടെ സ്വാധീനക്കുറവൊന്നും തടസ്സമല്ല എന്ന് തെളിയിച്ച് പ്രചോദനമാവുകയാണ് ബിഹാർ സ്വദേശിയായ രാധാകുമാരി.
ജന്മനാ പോളിയോ ബാധിച്ച രാധയ്ക്ക് എഴുന്നേറ്റ് നടക്കാൻ സാധിക്കില്ല. ഇരുന്നുകൊണ്ട് നിരങ്ങി നീങ്ങിയാണ് ഇവരുടെ ജീവിതം. എന്നാൽ തന്റെ അവസ്ഥയോർത്ത് വീടിനുള്ളിൽ ഒതുങ്ങിക്കൂടി കഴിയാൻ രാധ ഒരുക്കമായിരുന്നില്ല. പ്രതിസന്ധികളെയും ശാരീരിക അവസ്ഥകളെയും ഒക്കെ മറികടന്ന് സാധാരണ ജീവിതം എങ്ങനെ സാധ്യമാകുമെന്ന് അവർ തേടിക്കൊണ്ടിരുന്നു. സൊമാറ്റോയിൽ ഫുഡ് ഡെലിവറി ഗേൾ ആയി നിയമനം ലഭിച്ചതോടെ ഇന്ന് രാധ നൂറുകണക്കിന് ആളുകൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള മാതൃകയാണ്.
ശാരീരിക പരിമിതികൾ ഉണ്ടെന്നു കരുതി ജോലിയിൽ എന്തെങ്കിലും കുറവ് വരുത്താൻ രാധ തയാറല്ല. രാവിലെ 11 മുതൽ 9 വരെ ജോലിയിൽ വ്യാപൃതയാകും. ഇത്രയും വലിയ ഒരു പ്രതിസന്ധിയോട് പടവെട്ടി സാധാരണ ജീവിതം എങ്ങനെ സാധ്യമാകുന്നു എന്ന് ചോദിച്ചാൽ ലളിതമാണ് രാധയുടെ ഉത്തരം. ജീവിതം ഉണ്ടെങ്കിൽ അതിൽ പ്രശ്നങ്ങളുമുണ്ട്. അവ തരണം ചെയ്യുക എന്നതാണ് കാര്യം. കാണുന്നവരുടെ കണ്ണുകളിൽ മാത്രമാണ് ശാരീരിക പരിമിതികൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമായി തോന്നുന്നത്.
ഫുഡ് ഡെലിവറി സർവീസ് ജോലി നേടുന്ന ബീഹാറിലെ ആദ്യ വനിതയാണ് രാധ. മുച്ചക്ര സ്കൂട്ടറിന്റെ സഹായത്തോടെയാണ് ഇവർ ജോലിക്ക് പോകുന്നത്. പുറം ജോലികൾ മാത്രമല്ല വീട്ടിലെ എല്ലാ കാര്യങ്ങളും തനിയെ ചെയ്യാൻ രാധയ്ക്ക് സാധിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായാലും എല്ലാ ശേഷിയും ഉള്ളവരാണെങ്കിലും സ്വഭാവവും പെരുമാറ്റവും നന്നായിരിക്കുക എന്നതുമാത്രമാണ് അടിസ്ഥാന കാര്യം എന്നതാണ് രാധയുടെ ജീവിതനയം. ആരോഗ്യമുള്ളവർക്കു സാധ്യമാകുന്ന ഒരു ജോലി നിഷ്പ്രയാസം ചെയ്യുന്നു എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല രാധയുടെ നേട്ടങ്ങൾ. പാരാബാഡ്മിന്റണിൽ ബിഹാറിനെ പ്രതിനിധീകരിച്ച താരം കൂടിയാണ് രാധ.
രാധയുടെ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങളാണ് ജനങ്ങൾ അറിയിക്കുന്നത്. ജീവിത പ്രശ്നങ്ങൾക്ക് മുന്നിൽ വഴിമുട്ടി നിൽക്കുന്നവർക്ക് സ്വന്തം ജീവിതംകൊണ്ട് പ്രചോദനവും മാതൃകയുമാകാൻ രാധയ്ക്ക് കഴിഞ്ഞു എന്ന് ആളുകൾ കമന്റ് ബോക്സിൽ കുറിക്കുന്നു. അസാധ്യമെന്നു കരുതുന്ന കാര്യത്തെ മനസ്സുറപ്പുകൊണ്ട് സാധ്യമാക്കി കാണിച്ചു തരുന്ന രാധ ജീവിതത്തെക്കുറിച്ച് വിശ്വാസവും പ്രതീക്ഷയും പകരുന്നു എന്നാണ് മറ്റൊരു കമന്റ്.