ADVERTISEMENT

വിവാഹച്ചടങ്ങിൽ, പാർട്ടിയിൽ, ആഘോഷവേളയിൽ ഒരിക്കൽ ധരിച്ച വസ്ത്രം പിന്നീടു മറ്റൊരിടത്തേക്ക് അണിഞ്ഞുപോകാൻ മടിയാണ്, കാരണം അത് എല്ലാവരും കണ്ടതാണല്ലോ. കണ്ട്, ഏറെ ആഗ്രഹിച്ച്  ഓൺലൈനിൽ ഓർഡർ ചെയ്ത വസ്ത്രം കയ്യിൽകിട്ടിയപ്പോൾ അത്ര ഇഷ്ടപ്പെട്ടു കാണില്ല, ഒരുപക്ഷേ ഫിറ്റിങ് കൃത്യമാകണമെന്നില്ല. അങ്ങനെ കാരണങ്ങൾ പലതുണ്ട്, അലമാരയിൽ അനങ്ങാതിരിക്കുന്ന വസ്ത്രങ്ങൾക്കു പിന്നിൽ. ഒരിക്കൽ മാത്രം ധരിച്ചു പിന്നീട് കഴുകി– ഉണക്കി– തേച്ചു– മടക്കി അലമാരയിൽ ഇടം കയ്യടിക്കയവ.

സ്വകാര്യ ടിവി ചാനലിലെ ആങ്കറായ ആൻ ബെഞ്ചമിന്റെ അലമാരയിലുമുണ്ടായിരുന്നു ഇതുപോലെ വസ്ത്രങ്ങൾ. ഒരിക്കൽ മാത്രം ധരിച്ചത്, ഒരുപക്ഷേ ഇനിയൊരിക്കൽ പോലും ധരിക്കാൻ സാധ്യതയില്ലാത്തത്. 

swap-room-kochi

മാസങ്ങൾക്കുമുമ്പ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പതിനാറുകാരി ഗ്രേറ്റ തൻബെർഗിന്റെ പ്രതിഷേധം വാർത്തകളിൽ നിറഞ്ഞപ്പോഴാണ്, വീട്ടിലെ വസ്ത്രക്കൂമ്പാരത്തെക്കുറിച്ച് ആൻ ഗൗരവത്തോടെ ചിന്തിച്ചത്. ‘‘ ഒരുദിവസം ഇൻസ്റ്റഗ്രാമിലെ ഫീഡ്സ് നോക്കുമ്പോഴാണ്  എന്തുകൊണ്ട് സ്വാപ് റൂം എന്ന ആശയം ഇവിടെ നടപ്പാക്കിക്കൂടാ എന്ന ചിന്തയുണ്ടായത്. വിദേശത്തോക്കെ സാധാരണമാണത്. നമ്മൾ ഉപയോഗിക്കാത്ത, പക്ഷേ ഉപയോഗക്ഷമമായ ഏതു വസ്തുക്കൾക്കും സെക്കൻഡ് ഹാൻഡ് വിപണിയുണ്ട്. അതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. കൊച്ചി വളരെ ചെറിയൊരു സ്പേസ് ആണ്. പലരും ഒരിക്കൽ ഇട്ട ഡ്രസ് പിന്നീട് ഇടുന്നില്ല. ഞാൻ ആങ്കറായതു കൊണ്ടു വസ്ത്രങ്ങൾ റിപ്പീറ്റ് ചെയ്യാറില്ല. ഫ്രണ്ട് സർക്കിളിലും അങ്ങനെ തന്നെ. സ്വാപ് റൂം എന്ന ആശയത്തിലെത്തിയത് അങ്ങനെയാണ്’’, ആൻ ബെഞ്ചമിൻ പറയുന്നു.

സ്വാപ് റൂം

ഐഡിയയ്ക്ക് എവിടെ ഇടം കൊടുക്കുമെന്നതായിരുന്നു അടുത്ത വെല്ലുവിളി. സുഹൃത്ത് മനുവിന്റെ സഹായത്തോടെ പനമ്പിള്ളി നഗറിൽ ഒക്ടോബർ 1 മുതൽ 18 വരെ കലക്‌ഷൻ ഡ്രൈവ് നടത്തി. വസ്ത്രങ്ങളും വസ്തുക്കളും പുസ്തകങ്ങളും ഉൾപ്പെടെയുള്ളവ ഇവിടെ സ്വീകരിച്ചു. റീയൂസ്, അപ് സൈക്കിൾ, ഡൊണേറ്റ് എന്നീ മൂന്ന് ആശയങ്ങളാണ് മുന്നോട്ടുവച്ചത്. പലർക്കും സ്വാപ് (swap) എന്ന കൺസെപ്റ്റ് അറിയാമായിരുന്നു. പക്ഷേ കുറെയെേറെപ്പേർക്ക് ഇതിനെക്കുറിച്ച് കാര്യമായ ധാരണയുണ്ടായില്ല. കൂടുതൽ ആളുകൾ വന്നപ്പോൾ 5 ദിവസം കൂടി കലക്‌ഷൻ നീട്ടി.

vineetha
വിനീത

ഇവിടെ കിട്ടിയതെല്ലാം വേർതിരിക്കുയായിരുന്നു അടുത്തപടി. ഉപയോഗിക്കാനാകാത്തവ റീസൈക്കിൾ ചെയ്തു ബാഗുകൾ ഉണ്ടാക്കി. ഒരുപാട് മാഗസിനുകൾ ലഭിച്ചിരുന്നു. ഈ പേപ്പറുകൾ ഉപയോഗിച്ച് സീഡ് പെൻ ഉണ്ടാക്കുകയായിരുന്നു. മസ്കുലർ ഡിസ്ട്രോഫിയ ബാധിച്ച വിനീതയാണ് ഈ സീഡ് പേനകൾ ഒരുക്കിയത്.

 ചെറുതായി നൂൽ അഴിഞ്ഞുപോയതും മറ്റുമായ വസ്ത്രങ്ങൾ ശരിയാക്കിയെടുത്തു. 

കൊച്ചി തയാർ !

കലക്‌ഷൻ ഡൈവിൽ വസ്ത്രങ്ങൾ എത്തിച്ചവർക്ക് പോയിന്റ് നൽകിയിരുന്നു. അതനുസരിച്ച് ആ പോയിന്റിനു തുല്യമായത് അവർക്കു വാങ്ങുന്നതിനായുള്ള സെയിൽ 17നും 18നും പനമ്പിള്ളി നഗറിൽ നടത്തി. വസ്ത്രങ്ങൾ, ബാഗ്സ്, ആക്സസറീസ്, സാൻഡൽസ്, ഷൂസ് എന്നിവയാണ് സെയിലിൽ ഉണ്ടായിരുന്നത്.ആദ്യദിനം ആളുകൾ വളരെ കുറവായിരുന്നു. കൊച്ചി സ്വാപ് സെയിനു തയാറായിട്ടുണ്ടാവില്ല എന്നു ഞങ്ങൾ കരുതി. പക്ഷേ ഞായറാഴ്ച അതിനു മാത്രം ആളുകളെത്തി. അതുപോലെ ഗംഭീരമായ സെയിലായിരുന്നു. അന്നു ബാക്കി വന്ന കളിപ്പാട്ടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും അനാഥാലയങ്ങളിൽ എത്തിച്ചു. 

വീണ്ടും സ്വാപ് റൂം സെയിൽ നടത്തണമെന്ന ആവശ്യമാണ് പലരും പറഞ്ഞത്. ഇതേക്കുറിച്ച് അറിയാൻ വൈകിയെന്നും അടുത്ത തവണ ഇതിന്റെ ഭാഗമാകണമെന്നും പറഞ്ഞവരുണ്ട്.

സ്വാപ് സെയിൽ വീണ്ടും

ഡിസംബർ എട്ടിന് ബോൾഗാട്ടിയിൽ ഒരു എക്സിബിഷന്റെ ഭാഗമായി സ്വാപ് കലക്ഷൻ നടത്തുന്നതിനുള്ള ആലോചനയിലാണ് ആൻ ബെഞ്ചമിനും സുഹൃത്തുക്കളായ റീനു സെബാസ്റ്റ്യനും അപ്പു തോമസും.

∙അത്ഭുതപ്പെടുത്തിയത്

രാജ്യാന്തര ബ്രാൻഡുകളുടെ പോലും വസ്ത്രങ്ങൾ സ്വാപ് കലക്ഷനിൽ ലഭിച്ചിരുന്നു. ഓർഡർ ചെയ്തു ഇഷ്ടപ്പെട്ടില്ല. വാങ്ങിയിട്ടും ഇടാനാകാതെ പോയ സാൻഡലുകൾ അങ്ങനെ കുറെയുണ്ടായിരുന്നു. യുഎസിൽ ഡോക്ടറായ നിഷ കൊണ്ടുവന്നതെല്ലാം ബ്രാൻഡ് വസ്ത്രങ്ങളായിരുന്നു, ഉപയോഗിച്ചതാണെന്നു പോലും തോന്നാത്തവ. അവർക്ക് സ്വാപ് റൂം കൺസെപ്റ്റ് വളരെ പരിചിതമായിരുന്നു. 

∙നിരാശപ്പെടുത്തിയത്

ഡൊണേഷൻ എന്നു കേട്ടാൽ കീറിയതും പിഞ്ഞിയതും പഴകിയതുമായ സാധനം തള്ളാനുള്ള സ്ഥലം എന്നാണ് ഏറെപ്പേരുടെയും ധാരണ. ഒരുരീതിയിലും ഉപയോഗിക്കാനാകാത്ത സാധനങ്ങൾ, കറ പിടിച്ചത്, ഇന്നർവെയറുകൾ തുടങ്ങിയവ. ഇതു സ്വീകരിക്കാൻ പറ്റില്ല എന്നു പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ പോലും മടിച്ചവരുണ്ട്. ഞങ്ങൾ കഷ്ടപ്പെട്ടു കൊണ്ടുവന്നതാ, ഇനി തിരിച്ചുകൊണ്ടുപോകാൻ പറ്റില്ല എന്നു പറഞ്ഞവരുണ്ട്. നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇതിനിടയ്ക്കും ൈനറ്റ് ഡ്രസും കീറിയതും ഷോർട്സും അണ്ടർവെയറുമെല്ലാം കലക്ഷനിൽ വന്നുപെട്ടു.

English Summay : Swap rooms for second hand clothes, a new initiative in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com