ADVERTISEMENT

ബ്രിട്ടിഷ് ചരിത്രത്തിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ചായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങൽ. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ സെന്റ് ജോർജ് ചാപ്പലിൽ‍ സെപ്റ്റംബർ 19ന് നടന്ന സംസ്കാരച്ചടങ്ങിൽ വിവാഹമോതിരവും മുത്ത് കൊണ്ടുള്ള കമ്മലും മാത്രമാണ് രാജ്ഞിയുടെ ഭൗതികശരീരത്തിൽ അണിയിച്ചത്. എന്നാല്‍ ബക്കിങ്ങാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുടെ ശേഖരത്തിലുള്ളത് ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിൽനിന്നു മുറിച്ചെടുത്ത ഒന്‍പത് കല്ലുകളടക്കം അമൂല്യമായ ഒരു കൂട്ടം ആഭരണങ്ങളാണ്.

ലോകത്തിലെ ഏറ്റവും വലിയ അണ്‍കട്ട് ഡയമണ്ട് എന്നറിയപ്പെടുന്ന കള്ളിനന്‍ 1907ലാണ് ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് ഏഴാമന്‍ രാജാവിന് സമ്മാനമായി ലഭിക്കുന്നത്. 1905ല്‍ ട്രാന്‍സ്‌വാളിലെ (ഇന്നത്തെ ദക്ഷിണാഫ്രിക്ക) തോമസ് കള്ളിനന്‍റെ പേരിലുള്ള ഖനിയിലാണ് ഈ അമൂല്യ വജ്രം കണ്ടെത്തിയത്. 3106 മെട്രിക് കാരറ്റ് ആയിരുന്നു ഇതിന്‍റെ ഭാരം. ബോര്‍ യുദ്ധം മൂലം ഉണ്ടായ അകല്‍ച്ച അകറ്റുന്നതിന്‍റെ ഭാഗമായാണ് ട്രാന്‍സ്‌വാള്‍ സർക്കാർ ഈ രത്നം എഡ്വേഡ് രാജാവിന് സമ്മാനിച്ചത്. ഈ വജ്രം മുറിച്ച് 9 കല്ലുകളാക്കാൻ രാജാവ് നിർദേശം നൽകി.

ഇതിലെ ഏറ്റവും വലിയ വജ്രമായ കള്ളിനന്‍ I ന് 530 കാരറ്റ് ഭാരമുണ്ടായിരുന്നു. 40.9 ദശലക്ഷം യൂറോ വില കണക്കാക്കുന്നു. 1910ല്‍ എഡ്വേഡ് രാജാവിന്‍റെ മരണത്തെ തുടര്‍ന്ന് ജോര്‍ജ് അഞ്ചാമന് കള്ളിനന്‍ I ലഭിച്ചു. 1661ല്‍ നിര്‍മിച്ച ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെ അംശവടിയിലേക്ക് ഈ രത്നം ജോര്‍ജ് അഞ്ചാമന്‍ ചേര്‍ത്തു. എന്നാല്‍ ഇതിന്‍റെ ഭാരം താങ്ങാന്‍ കഴിയാതെ വന്നതോടെ പിന്നീട് അംശവടി ബലപ്പെടുത്തേണ്ടി വന്നത് ചരിത്രം. കള്ളിനന്‍ ഡയമണ്ടിലെ രണ്ടാമത്തെ വലിയ രത്നമായ കള്ളിനന്‍ II രാജ്ഞിയുടെ ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ എന്ന കിരീടത്തിലേക്ക് ചേര്‍ക്കപ്പെട്ടു. മറ്റ് ഏഴ് പ്രധാന കള്ളിനന്‍ കട്ട് ഡയമണ്ടുകളും അവയിലെ 96 മൈനര്‍ കട്ട് ഡയമണ്ടുകളും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ വ്യക്തിഗത ശേഖരത്തിലുണ്ട്. മുത്തശ്ശി ക്വീന്‍ മേരിയില്‍ നിന്നാണ് എലിസബത്തിന് ഇവ ലഭിച്ചത്. 

1893ല്‍ ക്വീന്‍ മേരിക്ക് വിവാഹ സമ്മാനമായി ലഭിച്ച ഡയമണ്ട് ടിയാര, ചാള്‍സ് രാജാവിനെ അണിയിച്ച സെയിന്‍റ് എഡ്വേ‍ഡ്സ് ക്രൗണ്‍, 365 രത്നങ്ങളും 18 റൂബികളും ഒന്‍പത് വീതം എമറാള്‍ഡും സഫയറുകളും കൊണ്ട് പൊതിഞ്ഞ സോവെറിന്‍സ് ഓര്‍ബ്, അംശവടികളായ സോവറിന്‍സ് ഡോവ്, സോവറിന്‍സ് ക്രോസ്, രാജ്ഞി സ്ഥാനാരോഹണത്തിന് ധരിച്ച 160 കാരറ്റ് ഡയമണ്ട് നെക്‌ലേസ്, ഇന്ത്യയിലെ ആഭരണ നിര്‍മ്മാതാക്കള്‍ ക്വീന്‍ മേരിക്ക് സമ്മാനിച്ച ഡല്‍ഹി ഡര്‍ബാര്‍ നെക്‌ലേസ്, കാര്‍ട്ടിയര്‍ 1938ല്‍ നിർമിച്ച ഗ്രെവില്ലെ പിയര്‍-ഡ്രോപ് കമ്മലുകള്‍, ക്വീന്‍ വിക്ടോറിയ ധരിച്ചിരുന്ന ഡയമണ്ടിന്‍റെ സ്റ്റഡുകള്‍, പിതാവ് ജോര്‍ജ് ആറാമന്‍ സമ്മാനിച്ച റോയല്‍ ഫാമിലി ഓര്‍ഡര്‍, ജോർഡ് മൂന്നാമന്‍ രാജാവിന്‍റെ ഡയമണ്ട് ടിയാര, കള്ളിനന്‍ III, IV എന്നിവയുള്ള കള്ളിനന്‍ ബ്രോച്ച്, ആല്‍ബര്‍ട്ട് രാജകുമാരന്‍ ക്വീന്‍ വിക്ടോറിയയ്ക്ക് സമ്മാനിച്ച സഫൈയര്‍ ബ്രോച്ച്, ക്വീന്‍ മേരി നല്‍കിയ കേംബ്രിജ് ലവേഴ്സ് നോട്ട് ടിയാര, റഷ്യയിലെ ഗ്രാന്‍ഡ് ഡ്യൂക് വ്ളാഡിമിര്‍ എന്ന സമ്പന്ന പ്രഭുവിന്‍റെ ഭാര്യക്കായി നിര്‍മ്മിക്കപ്പെടുകയും പിന്നീട് റഷ്യയില്‍ നിന്ന് കടത്തപ്പെടുകയും ചെയ്ത കാര്‍ട്ടിയര്‍ ടിയാര, ക്വീന്‍ അലക്സാന്‍ഡ്രയുടെ കോകോഷ്നിക് ടിയാര എന്നിങ്ങനെ അപൂര്‍വവും വിലമതിക്കാനാകാത്തതുമായ ആഭരണശേഖരത്തിന് ഉടമയായിരുന്നു എലിസബത്ത് രാജ്ഞി.

രാജ്ഞിയുടെ മരണശേഷം ഈ വിലപിടിച്ച ആഭരണങ്ങളെല്ലാം ആര്‍ക്ക് ലഭിക്കും എന്നതിൽ വ്യക്തതയില്ല. മുന്‍ രാജ്ഞിമാരുടെ പതിവ് അനുസരിച്ച്, ഏതെല്ലാം ആഭരണങ്ങള്‍ ആര്‍ക്കെല്ലാം കൈമാറണം എന്നതിനെ സംബന്ധിച്ച് എലിസബത്ത് രാജ്ഞിയും പട്ടിക തയാറാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വില്യം രാജകുമാരന്‍റെ പത്നിയും വെയ്ല്‍സിലെ രാജകുമാരിയുമായ കാതറീനും ചാൾസ് രാജാവിന്റെ പത്നി കാമിലയ്ക്കും ചില ആഭരണങ്ങള്‍ ലഭിക്കാം. പാരമ്പര്യമനുസരിച്ച് ഇപ്പോഴത്തെ രാജാവും എലിസബത്തിന്‍റെ മകനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിന് ആഭരണശേഖരം ലഭിക്കാനും സാധ്യതയുണ്ട്. അദ്ദേഹം ഇത് രാജകുടുംബാംഗങ്ങൾക്ക് നൽകിയേക്കുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com