‘ഞാൻ ട്രാൻസ് ആണ്, അഭിമാനിക്കുന്നു’; ചരിത്രത്തിലാദ്യമായി മിസ് നെതർലാന്റ്സ് കിരീടം സ്വന്തമാക്കി ട്രാൻസ്ജെന്റർ
Mail This Article
ചരിത്രത്തിലാദ്യമായി മിസ് നെതർലാന്റ്സ് കിരീടം സ്വന്തമാക്കി ട്രാൻഡ്ജെന്റർ മോഡൽ. ബ്രെഡയിൽ നിന്നുള്ള 22കാരിയായ നടിയും മോഡലുമായ റിക്കി വലേരി കൊല്ലെയാണ് ചരിത്ര നേട്ടത്തിന് അർഹയായത്. ആംസ്റ്റർഡാമിൽ നിന്നുള്ള നതാലി മൊഗ്ബെൽസാഡയാണ് റണ്ണർ അപ്പ്.
‘തനിക്കും ട്രാൻസ് കമ്മ്യൂണിറ്റിക്കും അഭിമാനകരമായ നിമിഷം. ഇത് വിദ്യാഭ്യാസപരവും മനോഹരവുമായ ഒരു യാത്രയായിരുന്നു. എന്റെ വർഷങ്ങള്‍ ഇനി തകർക്കാൻ കഴിയില്ല. പറഞ്ഞറിയിക്കാൻ പോലും കഴിയാത്തവിധം അഭിമാനവും സന്തോഷവുമുണ്ട്. എന്റെ കമ്മ്യൂണിറ്റിയെ അഭിമാനകരമാക്കാനായി ഞാൻ പ്രവർത്തിക്കും’– റിക്കി പറഞ്ഞു.
‘അതെ, ഞാൻ ട്രാൻസ് ആണ്, എന്റെ കഥ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ റിക്കിയുമാണ്, അതാണ് എനിക്ക് പ്രധാനം. ഇത് ഞാൻ സ്വന്തമായി ചെയ്തു, അതിലെ ഓരോ നിമിഷവും ഇഷ്ടപ്പെടുന്നു. ക്വിയർ കമ്മ്യൂണിറ്റിക്ക് ഒരു മാതൃകയാകാനാണ് ശ്രമം. കുടുംബത്തിൽ നിന്ന് തിരസ്‌കരണം നേരിട്ട ട്രാൻസ് കമ്യൂണിറ്റിയിലെ ആളുകളെ പിന്തുണയ്ക്കാൻ തന്റെ കരിയർ സമർപ്പിക്കും’. മത്സരത്തിന് പിന്നാലെ റിക്കി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
“ഈ ഫൈനലിസ്റ്റ് ഷോയിലുടനീളം തിളങ്ങി, ഒപ്പം ഏറ്റവും വലിയ മുന്നേറ്റവും നടത്തി. വ്യക്തമായ ദൗത്യമുള്ള ഇരുമ്പ് പോലെ ശക്തമായ ഒരു കഥ അവൾക്കുണ്ട്. ഈ യുവതിയോടൊപ്പം പ്രവർത്തിക്കുന്നത് സംഘടന ആസ്വദിക്കുമെന്ന് ജൂറിക്ക് ബോധ്യമുണ്ട്. മിസ് നെതർലാൻഡ്സ് 2023 റിക്കിയാണ്," സൗന്ദര്യമത്സരത്തിന്റെ ഔദ്യോഗിക പേജിൽ വിജയികളുടെ ചിത്രങ്ങളോടൊപ്പം കുറിപ്പും പങ്കുവച്ചു.
സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ട്രാൻസ്‌ജെൻഡർ മത്സരാർത്ഥിയാണ് റിക്കി. സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ ട്രാൻസ്‌ജെൻഡർ മോഡൽ സ്‌പെയിനിൽ നിന്നുള്ള ഏഞ്ചല പോൻസ് ആയിരുന്നു. 2018ലാണ് അവർ മത്സരത്തിൽ പങ്കെടുത്തത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ നെതൽലാന്റ്സിനെ പ്രതിനിധീകരിച്ച് റിക്കി പങ്കെടുക്കും.
Content Summary: Rikkie Valerie becomes first transgender woman to win Miss Netherlands title