ADVERTISEMENT

പഴ്സനൽ കമ്പ്യൂട്ടറും ഐഫോണും  ഒക്കെ അവതരിപ്പിച്ച് ടെക് ഭീമന്മാരായ ആപ്പിൾ ആഗോളതലത്തിൽ ഇഷ്ട ബ്രാൻഡായി മാറിയിട്ട് കാലങ്ങൾ ഏറെയായി. അക്കൂട്ടത്തിൽ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക്  ആരാധകർ ഏറെയാണ്. എന്നാൽ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമൊക്കെയായിരുന്ന സ്റ്റീവ് ജോബ്സ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും ഒരു ആപ്പിൾ വാച്ച് ധരിക്കുമായിരുന്നില്ല. കാരണം തന്റെ ജീവിതകാലത്ത് ഒരിക്കലും അദ്ദേഹം വാച്ച് ധരിച്ചിരുന്നില്ല. വാച്ച് ധരിക്കില്ല എന്ന തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേയ്ക്കാണ് വെളിച്ചം വീശുന്നത്.

സമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പരമ്പരാഗത രീതികൾക്കും എതിരെ നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ മകളായ ലിസാ ബ്രണ്ണൻ ജോബ്സ്, ‘സ്മോൾ ഫ്രൈ’ എന്ന പേരിൽ എഴുതിയ ഓർമക്കുറിപ്പിൽ സ്റ്റീവ് ജോബ്സിന്റെ ഈ ശീലത്തെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. ലിസയുടെ അമ്മയായ ക്രിസാൻ ബ്രണ്ണൻ കലിഫോർണിയ കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ അഡ്മിഷൻ നേടിയ കാലത്ത് നാലാം തരത്തിൽ പഠിക്കുകയായിരുന്ന മകളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് സ്റ്റീവ് ജോബ്സ് ആയിരുന്നു. 

അങ്ങനെ അച്ഛനും താനും മാത്രം ഉണ്ടായിരുന്ന ഒരു അവസരത്തിലാണ് എന്തുകൊണ്ട് അദ്ദേഹം വാച്ച് ധരിക്കുന്നില്ല എന്ന് ലിസ ചോദിച്ചറിഞ്ഞത്. സമയത്തിൽ ബന്ധിതനാകാൻ തീരെ ആഗ്രഹിക്കാത്തതു മൂലമാണ് വാച്ച് ധരിക്കുന്ന ശീലം താൻ പാടെ ഒഴിവാക്കിയത് എന്നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ഉത്തരം. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നിന് രൂപം നൽകിയ ഒരു മനുഷ്യന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതായിരുന്നു ആ ഉത്തരം.

തിരക്കു നിറഞ്ഞ ജീവിതത്തിനിടയിൽ സമയം ലാഭിക്കാനുള്ള മാർഗങ്ങൾ സ്റ്റീവ്  ജോബ്സിനെ പോലെ ലോകം കണ്ട പല പ്രഗത്ഭരും പിന്തുടർന്നിരുന്നു. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി റിസ്റ്റ് വാച്ച് ഉപേക്ഷിക്കാനുള്ള  തീരുമാനം അസൗകര്യങ്ങൾ ഒഴിവാക്കുക എന്നതിനപ്പുറം ആഴത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതവീക്ഷണമായിരുന്നു. സമയം നഷ്ടപ്പെട്ടുപോകുന്നു എന്ന് ഓർമിപ്പിക്കുന്ന ഒന്നായി അദ്ദേഹം വാച്ചുകളെ കരുതി. ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് അതിൽ പ്രതിഫലിച്ചത്.

വാച്ചുകളെക്കുറിച്ചുള്ള സ്റ്റീവ് ജോബ്സിന്റെ അഭിപ്രായം ഇതായിരുന്നുവെങ്കിലും ആപ്പിൾ കമ്പനി പിൽക്കാലത്ത് സ്മാർട്ട് വാച്ചുകളുടെ ലോകത്തേയ്ക്ക് കടക്കുകയും ലോകത്തിലെ ഒന്നാം നമ്പറായി മാറുകയും ചെയ്തു എന്നതാണ്  രസകരമായ വസ്തുത. സ്റ്റീവ് ജോബ്സിനെ പോലെ ലോകത്തെയാകെ മാറ്റിമറിക്കാൻ പോന്നതരത്തിൽ കഴിവുകളും ചിന്താശക്തിയുമുള്ള പലരുടെയും ജീവിതത്തിൽ ഇത്തരം വൈചിത്ര്യങ്ങൾ ഉണ്ടായിരുന്നു. ഫോർഡ് മോട്ടോർ കമ്പനിയുടെ സ്ഥാപകനായ ഹെൻറി ഫോർഡ് വീഡ് സാൻവിച്ചുകൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയതും സോക്സുകൾ അനാവശ്യമാണെന്ന ഉറച്ച വിശ്വാസത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ അവ ഒരിക്കലും ഉപയോഗിക്കാതിരുന്നതും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്.

English Summary:

Why Apple founder Steve Jobs never wore a watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com