ADVERTISEMENT

ഒരു മുറെ വന്ത് പാത്തായ എന്ന ചിത്രത്തില്‍ നാടൻ പെൺകുട്ടിയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. ധാവണിയുടുത്ത് നീണ്ട മുടി അഴിച്ചിട്ട് ‘പാർവതി’യായി സിനിമയിലൂടെ ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട് താരം. എന്നാൽ ആ പ്രയാഗ ഇപ്പോൾ മുഴുവനായി മാറിപ്പോയെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലെ നാടൻ പെൺകുട്ടി ഇന്ന് സ്റ്റൈലിഷ് ഗേളാണ്. കളർ ചെയ്തതും ബ്രെയ്ഡ് ചെയ്തതുമായ ഹെയർസ്റ്റൈലും സ്റ്റൈലിഷ് വസ്ത്രങ്ങളുമെല്ലാം കണ്ട ആരാധകർ ആദ്യമൊന്നു ഞെട്ടി. കണ്ടുപരിചയിച്ച പ്രയാഗ ഇതല്ലല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. 

prayaga-fashion5
പ്രയാഗ മാർട്ടിൻ, Image Credits: Instagram/prayagamartin

വ്യത്യസ്തമായ ഹെയർ സ്റ്റൈലും വസ്ത്രവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പല രീതിയിലുള്ള വിമർശനത്തിനും വഴിവച്ചിരുന്നു. കീറിയ ജീൻസ് ധരിച്ച് ശ്രദ്ധ ആകർഷിക്കാനാണ് പ്രയാഗയുടെ ശ്രമം എന്നുവരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. സിനിമയിൽ കൂടുതൽ അവസരം ലഭിക്കാനുള്ള തന്ത്രമാണ് ഇതെല്ലാം എന്നും പലരും പറഞ്ഞു. എന്നാൽ ഇതൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് പ്രയാഗ പറയുന്നത്. ഫാഷൻ എന്റെ ചോയ്സാണെന്നും മറ്റുള്ളവരെ ഇംപ്രസ് ചെയ്യാനല്ല വസ്ത്രം ധരിക്കുന്നതെന്നും പ്രയാഗ മാർട്ടിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ഇംപ്രസ് ചെയ്യാനാല്ല, ഇതാണെന്റെ പേഴ്സണാലിറ്റി
പലരും പറയാറുണ്ട് പണ്ട് എന്നെ സിനിമയിൽ കണ്ടത് ഒരു നാടൻ പെൺകുട്ടിയായിട്ടിയിരുന്നു, പിന്നെ പെട്ടെന്ന് പ്രയാഗ മാറി എന്നൊക്കെ. ഒരിക്കലും, വേണം എന്ന് വച്ച് വന്ന മാറ്റമല്ല എന്റേത്. സിനിമയിൽ കഥാപാത്രങ്ങൾ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യാറുണ്ട്. ഞാൻ സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഒരു നാടൻ ടൈപ്പ് വേഷങ്ങളായിരുന്നു. പക്ഷേ, അത് സിനിമയാണ്. എന്റെ യഥാർഥ ജീവിതം അങ്ങനെയല്ല. സിനിമയിലെ ഞാനും യഥാർഥ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. 2 വർഷത്തോളമായി ഞാൻ സിനിമയിൽ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു. അപ്പോഴാണ് ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നത്. ആ 2 വർഷത്തിൽ ലോകത്ത് തന്നെ ഒരുപാട് കാര്യങ്ങൾ മാറി. പിന്നെ എന്തുകൊണ്ട് എനിക്കും മാറ്റങ്ങൾ വരാൻ പാടില്ല. എന്റെ ഫാഷൻ സെൻസും ഒരുപാട് മാറി. അതെല്ലാം സ്വാഭാവികമായ കാര്യമാണല്ലോ. ഞാൻ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം എന്റെ കാര്യമാണ്. ലോകം മാറുമ്പോൾ പ്രയാഗ മാർട്ടിനും മാറ്റം വരില്ലേ. 

prayaga-martin
പ്രയാഗ മാർട്ടിൻ, Image Credits: Instagram/prayagamartin

യാത്രകളാണ് എന്നെ മാറ്റിയത്
പെട്ടെന്ന് ഒരു ദിവസം എന്നാപിന്നെ ഞാൻ എല്ലാവരേയും ഒന്ന് ഇംപ്രസ് ചെയ്യാമെന്ന് കരുതി വന്നതല്ല എന്റെ സ്റ്റൈലിലെ മാറ്റങ്ങൾ. മുടി കളർ ചെയ്തതും ബ്രയ്ഡ് ചെയ്തതുമൊന്നും പ്ലാൻ ചെയ്ത് നടപ്പിലാക്കിയ കാര്യമല്ല. നാളെ കേരളത്തിൽ പുത്തൻ ട്രെൻഡ് കൊണ്ടുവരാം എന്ന് ചിന്തിച്ച് ചെയ്തതല്ല ഒന്നും. അതെല്ലാം സ്വാഭാവികമായി സംഭവിച്ചു പോയ കാര്യങ്ങളാണ്. പലയിടങ്ങളിൽ യാത്ര ചെയ്യുമ്പോഴാണ് അവിടുത്തെ സംസ്കാരത്തെ പറ്റി നമ്മൾ കൂടുതൽ അറിയുന്നത്. അവിടെ കണ്ട കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമായതാണ്. 

ഹിമാലയത്തിൽ യാത്ര ചെയ്തപ്പോഴാണ് മുടിയിലെ മാറ്റമുണ്ടായത്. അതൊരിക്കലും പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ കാര്യമല്ല. ഹിമാലയത്തിൽ എത്തിയപ്പോൾ അവിടെ ഒരു ട്രൈബ് കമ്യൂണിറ്റിയെ കണ്ടു. അവർക്ക് മുന്നിൽ ഞാൻ ഇരുന്നു കൊടുത്തതാണ്. അവരാണ് മുടി അങ്ങനെ ആക്കി തന്നത്. അതൊന്നും പ്ലാൻ ചെയ്ത കാര്യമൊന്നുമല്ല. അവരങ്ങനെ ചെയ്ത് തന്നു എന്റെ സ്റ്റൈൽ അതായി. അത്രയേ ഉള്ളു. ഞാൻ ഇതാണ്. ഇതാണെന്റെ പേഴ്സണാലിറ്റി. 

prayaga-fashion2
പ്രയാഗ മാർട്ടിൻ, Image Credits: Instagram/prayagamartin

സിനിമയിലെത്തുമ്പോൾ ഇതൊന്നും നമുക്കറിയില്ല
18 വയസിൽ സിനിമയിലൊക്കെ വരുമ്പോൾ നമുക്ക് ഒന്നിനെപറ്റിയും വലിയ ധാരണയൊന്നുമുണ്ടാകില്ല. ഇങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത്, ഇങ്ങനെയാണ് സംസാരിക്കേണ്ടത് എന്നൊക്കെ നമ്മൾ അന്ന് കരുതും. അന്ന് അത്രയ്ക്കല്ലേ പ്രായമുള്ളു. എന്നാൽ കുറച്ച് സമയം കഴിയുമ്പോൾ നമുക്ക് തോന്നും ആരെ കാണിക്കാനാണ് ഇങ്ങനൊക്കെ ചെയ്യുന്നത് എന്ന്. മറ്റുള്ളവർക്ക് വേണ്ടി എന്തിനാണ് നമ്മുടെ സന്തോഷവും കംഫർട്ടും ഇല്ലാതാക്കുന്നതെന്ന്. അങ്ങനെ എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ ഇഷ്ടത്തിനനുസരിച്ച് മാറിയത്. ഇന്നെനിക്ക് സാരിയുടുക്കാൻ മൂഡില്ലെങ്കിൽ പിന്നെ എന്തിനാണ് സാരി ഉടുക്കുന്നത്, മറ്റെന്തെങ്കിലും ധരിച്ചാൽ പോരെ എന്ന ചിന്ത എനിക്ക് വന്നു. അതിന്റെ ഭാഗമായാണ് ഞാൻ ഇഷ്ടമുള്ള വസ്ത്രങ്ങളെല്ലാം ഇടാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ധരിച്ച് സ്റ്റൈലിൽ നടക്കുന്നു. അത് ആളുകൾ നല്ല രീതിയിൽ എടുത്താൽ സന്തോഷം. അല്ലെങ്കിൽ പോട്ടെ; അത്രമാത്രം. അതെനിക്ക് ഒരു പ്രശ്നമില്ല. എന്റെ ഫാഷൻ ചോയ്സിനെ ആരും ചോദ്യം ചെയ്യരുത്. 

എന്റെ സിനിമകൾക്ക് അതൊന്നും തടസ്സമാകാതിരിക്കാൻ ശ്രമിക്കും
ഞാനെപ്പോഴും എന്റെ കഥാപാത്രത്തിനോ ഞാൻ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകൾക്കോ പ്രശ്നമില്ലാത്ത രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത്. ഞാനൊരു നടിയാണ് ഇങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്യാനുണ്ട്, അതുകൊണ്ട് ഈ ഹെയർസ്റ്റൈൽ ചെയ്താൽ അതെന്റെ ഇമേജിനെ ബാധിക്കില്ലേ എന്നൊന്നും ചിന്തിക്കാറില്ല. ആളുകൾ എന്നെപറ്റി ചിന്തിക്കുന്ന പോലെ ഞാൻ നിൽക്കണം എന്നൊന്നുമില്ല. എനിക്ക് എന്റെ ഇഷ്ടത്തിന് നിൽക്കണം. ഡാന്‍സ് പാർട്ടി എന്ന എന്റെ പുതിയ ചിത്രത്തിലും മുടി കളർ ചെയ്തിട്ടുള്ള ലുക്കാണ്. 

prayaga-fashion4
പ്രയാഗ മാർട്ടിൻ, Image Credits: Instagram/prayagamartin

മുടി കളർ ചെയ്തപ്പോൾ സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന് വേണ്ടിയാണോ എന്നൊക്കെ അന്ന് ചോദിച്ചിരുന്നു. എന്തിനാണ് നമ്മൾ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യുമ്പോള്‍ അത്തരത്തിലൊക്കെ ചിന്തിക്കുന്നത്. ഞാൻ ഒരു സിനിമ നടിയാണ് എന്നു കരുതി ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റാർക്കെങ്കിലും വേണ്ടിയാണെന്ന് പറയാൻ പറ്റുമോ? നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ? ഇന്ന് ഞാൻ എന്റെ തലമുടി കളർ മാറ്റിയത് നാട്ടുകാർക്ക് വേണ്ടിയാണെന്ന് ചോദിച്ചാൽ അതെങ്ങനെ ശരിയാകും?

എല്ലാവർക്കും അവരവരുടെ വ്യക്തിപരമായ ജീവിതമുണ്ട്. തൊഴിലും പെഴ്സണല്‍ ലൈഫും വേറെയാണ്. സിനിമാതാരമാണെന്ന് കരുതി അത് ഇല്ലാതാകുന്നില്ല. എനിക്കും പെഴ്സണൽ ലൈഫ് ഉണ്ട്. അതിനുള്ളിലുള്ള എന്റെ ഇഷ്ടങ്ങളാണ് എന്റെ തലമുടിയിലും വസ്ത്രധാരണത്തിലുമൊക്കെ കാണാൻ കഴിയുന്നത്. 

prayaga-fashion1
പ്രയാഗ മാർട്ടിൻ, Image Credits: Instagram/prayagamartin

അച്ഛനാണ് ഇൻസ്പെയർ ചെയ്തത്
എന്റെ ഫാഷൻ ചോയ്സിൽ അച്ഛൻ ഒരുപാട് ഇൻസ്പെയർ ചെയ്തിട്ടുണ്ട്. സിനിമ ചോയ്സിലും മ്യൂസിക്ക് ചോയിസിലുമെല്ലാം അച്ഛന്റെ ഇൻസ്പിരേഷൻ ഉണ്ട്. അച്ഛൻ പണ്ട് അമേരിക്കയിലായിരുന്നു. അതുകൊണ്ട് തന്നെ പഴയ ഇംഗ്ലീഷ് പോപ് മ്യൂസിക്കെല്ലാമാണ് കേൾക്കാറുള്ളത്. അച്ഛന്റെ ആ ലിസ്റ്റാണ് എന്നെ കുട്ടിക്കാലത്ത് കേൾപ്പിച്ചത്.  ആ പാട്ടുകളെല്ലാം കേട്ട് വളർന്നതുകൊണ്ട് ആ കൾച്ചറെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി. ആഫ്രോ കൾച്ചറെല്ലാം അന്നു തന്നെ കേട്ടും കണ്ടും അറി‍ഞ്ഞതാണ്. അത് കണ്ട് വളർന്ന ഞാൻ ഒരു പ്ലാറ്റ്ഫോം കിട്ടുമ്പോൾ അത് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കും. 

എപ്പോഴും ഞാൻ എക്സ്പിരിമെന്റ് ചെയ്യാറുണ്ട്
ടീ ഷർട്ട്, ഷോർട്സ്, സ്നീക്കേസ്, പിന്നൊരു സ്ലിങ് ബാഗ്, ഇത്രയും ഉണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. എനിക്ക് ഏറ്റവും കംഫർട്ടബിളായിട്ടുള്ള വസ്ത്രങ്ങളാണത്. ഡെയിലി ഹൈജീൻ റൂട്ടീൻ ഫോളോ ചെയ്യാറുണ്ട്. എന്നുകരുതി ഫുൾ ടൈം സലൂൺ, ഡെയ്‍ലി സ്കിൻ കെയർ എന്നതൊന്നും എന്റെ ലിസ്റ്റിലില്ല. അതിനൊന്നും സമയം കിട്ടാറുമില്ല. ഫാഷൻ സെൻസുകളും പുത്തൻ സ്റ്റൈലുകളുമെല്ലാം ഫോളോ ചെയ്യുന്ന വ്യക്തിയാണ്. ഇഷ്ടമുള്ള ഫാഷനുകൾ കാണുമ്പോൾ ഫോളോ ചെയ്യും. എന്നു കരുതി നാളെ ഇങ്ങനെ വസ്ത്രം ധരിക്കണം, ഇങ്ങനെ ഹെയർസ്റ്റൈൽ ചെയ്യണം എന്നൊന്നും ചിന്തിക്കാറില്ല. എന്നിൽ ഞാൻ എപ്പോഴും എക്സ്പിരിമെന്റ് ചെയ്യാറുണ്ട്. അത് ഇന്റൺഷണലി ചെയ്യുന്നതല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com