ശീതയുദ്ധത്തിൽ വിജയിക്കാനുള്ള അമേരിക്കൻ തന്ത്രം, റഷ്യൻ യുവാക്കളെ ഭ്രമിപ്പിച്ച ‘കറുപ്പ്’; ജീൻസുകളുടെ കഥ
Mail This Article
രണ്ടാം ലോക മഹായുദ്ധാനന്തരം ഉടലെടുത്ത ശീതയുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ അമേരിക്ക സോവിയറ്റ് യൂണിയനെ തളർത്തിയത് ബ്ലൂ ജീൻസ് പാന്റുകൾ കൊണ്ടാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കേണ്ടി വരും. ഏതു പ്രായക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നായ ജീൻസിനു പറയാനുള്ളത് ലോകഗതിയെപ്പോലും നിയന്ത്രിച്ച വിപ്ലവകരമായ ഒരു ചരിത്രമാണ്. ആ ചരിത്രം സൃഷ്ടിച്ചത് ഒരു ബ്രാൻഡാണ് - 'ലീവൈസ്' (Levi's)
ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെതിരെ ശാക്തിക വിജയം നേടുകയെന്നത് അമേരിക്കയ്ക്ക് ഏറെ പ്രയാസമായിരുന്നു. ബഹിരാകാശ മേഖലയിലും അത്യാധുനിക ആയുധങ്ങളുടെ പരീക്ഷണങ്ങളിലും സോവിയറ്റ് യൂണിയൻ ഏറെ മുന്നിലേക്ക് കുതിച്ച കാലം. പക്ഷേ വിജയിക്കാൻ അമേരിക്ക ഒരു തന്ത്രം ആവിഷ്കരിച്ചു - ലോകത്തെ പ്രലോഭിപ്പിക്കുക.
അതിനായി തങ്ങളുടെ ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ അമേരിക്ക ലോകത്തെ പരിചയപ്പെടുത്തി. ആ തന്ത്രം വളരെ വേഗം തന്നെ ഫലിച്ചു. അമേരിക്കയിൽ ജീവിക്കാനും അമേരിക്കക്കാരെപ്പോലെ ജീവിക്കാനും പല രാജ്യങ്ങളിലെയും വലിയൊരു വിഭാഗം ആളുകൾ അതിയായി ആഗ്രഹിക്കാൻ തുടങ്ങി. അക്കാലത്ത് അമേരിക്കയിലേറെ പ്രചാരത്തിലുണ്ടായിരുന്ന ലീവൈസ് ബ്ലൂ ജീൻസുകൾ ലോകമാകെ ശ്രദ്ധ പിടിച്ചുപറ്റി. സോവിയറ്റ് യൂണിയനിൽ ലഭ്യമല്ലാതിരുന്ന ലീവൈസ് ബ്ലൂ ജീൻസുകൾ അമേരിക്ക അവിടുത്തെ കരിഞ്ചന്തകളിലെത്തിച്ചു. ചൈനീസ് യുവാക്കളെ ഭ്രമിപ്പിച്ച കറുപ്പ് പോലെ റഷ്യൻ യുവാക്കളിൽ ബ്ലൂ ജീൻസുകൾ ഹരമായി പടർന്നു കയറി. അക്കാലത്ത് സോവിയറ്റ് യൂണിയനിൽ ജീൻസ് ധരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിഞ്ചന്തയിൽനിന്നു വൻവിലയ്ക്ക് ലീവൈസ് ജീൻസ് വാങ്ങാൻ യുവതീയുവാക്കൾ തങ്ങളുടെ ഒരു വർഷത്തെ മുഴുവൻ സമ്പാദ്യം പോലും ചെലവഴിച്ചു. അങ്ങനെ ഒരു മുഴുവൻ സോവിയറ്റ് തലമുറയ്ക്കും ബ്ലൂ ജീൻസ് എന്നാൽ തങ്ങളുടെ രാജ്യത്ത് ലഭ്യമല്ലാതിരുന്ന ഒരു നല്ല ജീവിതത്തിന്റെ പ്രതീകമായി മാറി.
സോവിയറ്റ് അധികാരികൾ കരിഞ്ചന്തയിൽ ജീൻസുകളെത്തുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചെങ്കിലും ജീൻസ് ധരിക്കാനുള്ള അവകാശത്തിനായി യുവാക്കൾ സമരവുമായി തെരുവിലിറങ്ങി. അമേരിക്കയുണ്ടാക്കിയ സാംസ്കാരിക സ്വാധീനം എത്രമേൽ പ്രഹരശേഷിയുള്ളതാണെന്ന് സോവിയറ്റ് യൂണിയൻ തിരിച്ചറിഞ്ഞ ചരിത്ര മുഹൂർത്തം കൂടിയായിരുന്നു ഇത്. സോവിയറ്റ് യൂണിയനെ ശീതയുദ്ധത്തിൽ തളർത്താൻ ബ്ലൂ ജീൻസുകൾക്ക് സാധിച്ചു.
ശീതയുദ്ധം ആരംഭിച്ചത് 1947 ലാണ്. ഒന്നാം ലോക മഹായുദ്ധം 1914 ലായിരുന്നു. എന്നാൽ അതിനെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പ് 1873 ലാണ് ലീവൈസ് ബ്ലൂ ജീൻസുകൾ അമേരിക്കൻ വിപണിയിലെത്തിയത്. അതിനും രണ്ടു പതിറ്റാണ്ടു മുൻപ് 1853 ലാണ് ലീവൈ എന്ന അദ്ഭുത ബ്രാൻഡിന്റെ പിറവി. ന്യൂയോർക്കിലെ തെരുവുകളിൽ ചാക്കുകെട്ടുകളുമായി നടന്ന് തുണിക്കച്ചവടം നടത്തിയ ലീവൈ സ്ട്രൗസ് എന്ന മനുഷ്യൻ കണ്ട സ്വപ്നമാണ് ഇന്ന് 120 ലോക രാജ്യങ്ങളിലായി 3000ത്തിലധികം ഒൗട്ട്‌ലെറ്റുകളുള്ള ലീവൈ സ്ട്രൗസ് ആൻഡ് കമ്പനി എന്ന ഭീമൻ ബ്രാൻഡായി മാറിയത്.