കയ്യിൽ മാത്രമല്ല കാതിലും കഴുത്തിലും വിരലിലും ഇനി വാച്ചണിയാം, ട്രെൻഡായി പുത്തൻ ഫാഷൻ പരീക്ഷണം
Mail This Article
സമയത്തെ കയ്യിൽ കൊണ്ടുനടക്കാൻ കണ്ടുപിടിച്ച സൂത്രവിദ്യയാണ് വാച്ച്. എന്നാൽ ഇന്നു സമയം നോക്കാൻ മാത്രമല്ല, സ്റ്റൈലിഷ് ലുക്കിനു കൂടി വേണ്ടിയാണ് പലരും വാച്ച് ധരിക്കുന്നത്. വസ്ത്രത്തിനു ചേരുന്ന വാച്ച് തേടിപ്പിടിച്ചു വാങ്ങുന്നവരുണ്ട്. എന്നാൽ അതും കടന്ന് വാച്ചുകൾ പുതിയ ഒരു ഫാഷൻ ട്രെൻഡ് സൃഷ്ടിക്കുകയാണ്. കൈത്തണ്ടയിൽനിന്നു വിരലുകളിലേക്കും കഴുത്തിലേക്കും എന്തിനേറെ, കാതുകളിൽ വരെ വാച്ചുകൾ എത്തി.
പോപ്പ് സെൻസേഷൻ ടെയ്‍ലർ സ്വിഫ്റ്റ് ഗ്രാമിയുടെ റെഡ് കാർപെറ്റിൽ എത്തിയ സ്റ്റെൽ തന്നെ ഇതിന് ഉദാഹരണമായി എടുക്കാം. ടെയ്‍ലർ സ്വിഫ്റ്റ് നെക്‌ലേസ് രൂപത്തിൽ കഴുത്തിൽ ധരിച്ച വാച്ചാണ് ശ്രദ്ധ നേടിയത്. ഹൈ സ്ലിറ്റുള്ള വെളുത്ത ഗൗണും കറുത്ത ഹാൻഡ് ഗ്ലൗസും ആകർഷകമായിരുന്നെങ്കിലും അവയ്ക്കൊന്നിനും നെക്‌ലേസ് വാച്ചിനോളം ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചില്ല. 300 കാരറ്റ് ഡയമണ്ടിൽ തീർത്ത കസ്റ്റം മെയ്ഡ് ലൊറെയ്ൻ ഷ്വാർട്ട്സ് വാച്ച് നെക്‌ലേസായിരുന്നു അത്. വിന്റേജ് വാച്ചിനെ ചോക്കറാക്കി മാറ്റി എന്നും പറയാം.
ഗായികയും ഫാഷൻ ഐക്കണുമായ റിയാന 2023 ൽത്തന്നെ വാച്ച് ചോക്കർ ധരിച്ച് ശ്രദ്ധ നേടിയിരുന്നു. ജേക്കബ് ആൻഡ് കോ കമ്പനിയുടെ കറുത്ത സ്ട്രാപ്പുകളും വൃത്താകൃതിയിലുള്ള വലിയ ഡയലുമുള്ള വാച്ചാണ് ചോക്കറായി താരം അണിഞ്ഞത്. സെലിബ്രിറ്റികൾക്കിടയിൽ മറ്റ് ആഭരണങ്ങൾക്കൊപ്പം സ്റ്റേറ്റ്മെന്റ് പീസായി വാച്ച് നെക്‌ലേസുകൾ മാറുന്നു എന്നതിന്റെ സൂചനയാണിത്. എന്നാൽ വേറിട്ട ഈ ട്രെൻഡ് വിവിധ ബ്രാൻഡുകൾ ഏറ്റെടുത്തതോടെ പല രൂപങ്ങളിൽ ഇപ്പോൾ വാച്ചുകൾ പുറത്തിറങ്ങുന്നുണ്ട്.
ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും ബ്രാൻഡ് സ്റ്റോറുകളിലുമൊക്കെ വാച്ച് അടിസ്ഥാനമാക്കി നിർമിച്ച വ്യത്യസ്ത സ്റ്റൈൽ പീസുകൾ കാണാം. വാച്ച് മോതിരങ്ങൾക്കാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രചാരം. പല നിറത്തിലും വലുപ്പത്തിലും വിലകളിലുമുള്ള വാച്ച് റിങ്ങുകൾ ഏറെക്കുറെ എല്ലാ ഇ- കൊമേഴ്സ് സൈറ്റുകളിലും ലഭ്യമാണ്. സെലിബ്രിറ്റികളും ഈ റിങ്ങുകളുടെ ആരാധകരായിക്കഴിഞ്ഞു. അമേരിക്കൻ റാപ്പറായ മേഗൻ തി സ്റ്റാലിയൻ തന്റെ വാച്ച് റിങ്ങുകളുടെ വലിയ ശേഖരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വിദേശികളായ സെലിബ്രിറ്റികൾ മാത്രമല്ല ബോളിവുഡ് താരങ്ങളും ഈ ട്രെൻഡിന്റെ ചുവടുപിടിക്കുന്നു എന്നാണ് വാച്ച് റിങ് ധരിച്ചുകൊണ്ടുള്ള ഷനായ കപൂറിന്റെ ഫോട്ടോഷൂട്ടിലൂടെ വെളിവാകുന്നത്.
ഇയർ റിങ്സ് രൂപത്തിലും വാച്ചുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഹാങ്ങിങ് ഡയലുകൾ, ഡയൽ ആകൃതിയിലുള്ള സ്റ്റഡുകൾ തുടങ്ങി റിസ്റ്റ് വാച്ചിന്റെ അതേ ആകൃതിയിൽ ഡിസൈൻ ചെയ്ത കമ്മലുകൾ വരെ വിപണിയിൽ ലഭ്യമാണ്. ഏതാൾക്കൂട്ടത്തിലും ശ്രദ്ധാ കേന്ദ്രമാകാൻ ഒരു വാച്ച് ഇയർറിങ് തന്നെ ധാരാളം. അമേരിക്കൻ ഗായികയും നടിയുമായ ഒലീവിയ റോഡ്രിഗോ പൂർണമായും വാച്ചുകൾ കൊണ്ട് നിർമിച്ച ഷോർട്ട് സ്കേർട്ടും സ്ലീവ് ലെസ് ടോപ്പും ധരിച്ചെത്തിയ ഫോട്ടോഷൂട്ടും ഇതിനിടെ ശ്രദ്ധ നേടിയിരുന്നു. തോൾവളയായും ഫൂട്ട് ആക്സസറികളായുമെല്ലാം വിവിധ തരം വാച്ചുകളാണ് താരം ധരിച്ചിരുന്നത്.
ഇവയെല്ലാം ചേർത്തു വായിക്കുമ്പോൾ, 2024 ന്റെ ഫാഷൻ ട്രെൻഡ് ലിസ്റ്റിൽ വാച്ചുകൾ ആധിപത്യം സ്ഥാപിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഫാഷൻ ലോകത്തെ പ്രമുഖർ. ഏതു സ്റ്റൈലിനൊപ്പവും ചേർന്നു പോകുന്ന വാച്ചുകൾ ലുക്കിനെ അതിമനോഹരമാക്കി മാറ്റുന്ന തരത്തിൽ ഫാഷൻ പീസായി മാറുന്നത് കൗതുകത്തോടെയാണ് ഇവർ നോക്കിക്കാണുന്നത്.