‘ഇനി റോബോട് എന്തു ചെയ്യും? പണികിട്ടി’; വ്യത്യസ്തമായ ഔട്ട്ഫിറ്റിൽ ഞെട്ടിച്ച് സെൻഡായ

Mail This Article
റോബോടോ മനുഷ്യനോ? ഇതിഹാസ സയൻസ് ഫിക്‌ഷൻ ചിത്രമായ ഡ്യൂൺ പാർട്ട് 2 വിന്റെ പ്രീമിയറിന് എത്തിയ ഹോളിവുഡ് താരം സെൻഡായയെ കണ്ടാൽ ആരും ഇങ്ങനെ സംശയിച്ചു പോകും. ആർക്കൈവൽ മഗ്ലർ റോബോട് സ്യൂട്ടിൽ ആയിരുന്നു താരത്തിന്റെ രംഗപ്രവേശം. 2024 ലെ മെറ്റ് ഗാലയുടെ അധ്യക്ഷന്മാരിൽ ഒരാളായി സെൻഡായ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് വേറിട്ട ലുക്കിൽ താരം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.
കാലങ്ങളായി സെൻഡായയ്ക്ക് ഒപ്പം ചേർന്നു പ്രവർത്തിക്കുന്ന അമേരിക്കയിലെ മുൻനിര സ്റ്റൈലിസ്റ്റായ ലോ റോച്ചാണ് റോബോട് ലുക്ക് നൽകുന്ന വസ്ത്രം തയാറാക്കിയത്. 1995ൽ പാരിസ് ഫാഷൻ വീക്കിന്റെ റൺവേയിൽ അരങ്ങേറിയ വിന്റേജ് കോച്ചർ ഡിസൈനിന്റെ ചുവടുപിടിച്ചാണ് സെൻഡായയുടെ വസ്ത്രം ലോ റോച്ച് ഒരുക്കിയത്. റോബോടിന്റെ കവചം പോലെയുള്ള ഭാഗം വെള്ളി നിറമുള്ള മെറ്റീരിയൽ കൊണ്ട് നിർമിച്ചിരിക്കുന്നു. ശരീരം മുഴുവനായി മൂടുന്ന വസ്ത്രത്തിലുടനീളം പിവിസി കട്ടൗട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പാരിസ് റോബോടിക് സ്യൂട്ടിൽ ഉണ്ടായിരുന്നു ഹെഡ് പീസ് സെൻഡായ ഉപയോഗിച്ചിട്ടില്ല. ഇന്ദ്രനീലക്കല്ലും വജ്രങ്ങളും പതിപ്പിച്ച ബൾഗാരി നെക്ലേസായിരുന്നു മറ്റൊരു ഹൈലൈറ്റ്. ഇന്ദ്രനീലക്കല്ല് സെൻട്രൽ സ്റ്റോണായി ഉൾപ്പെടുത്തിയത് മാറ്റുകൂട്ടി. വസ്ത്രത്തിന്റെ പ്രത്യേകതകൾ എടുത്തു കാട്ടുന്ന വിധത്തിൽ ലൈറ്റ് മേക്കപ്പിലാണ് താരം എത്തിയത്. ലളിതമായ ഐഷാഡോ, ഗ്ലോസി ഫിനിഷിലുള്ള ന്യൂഡ് ലിപ് ഷെയ്ഡ്, ഹൈലൈറ്റർ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയംകൊണ്ട് സെൻഡായയുടെ റോബോടിക് ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം വ്യത്യസ്തമായ വേഷത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇത്തരമൊരു വസ്ത്രത്തിൽ ഏറ്റവും ഭംഗിയായി തോന്നിപ്പിക്കാൻ സെൻഡായയ്ക്കു മാത്രമേ സാധിക്കു എന്ന തരത്തിൽ പ്രതികരണങ്ങളുണ്ട്. എന്നാൽ താരത്തിന്റെ കടുത്ത ആരാധകരാണങ്കിൽ കൂടി ഈ ലുക്ക് അംഗീകരിക്കാൻ കഴിയുന്നില്ല എന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. ഇത്തരത്തിലുള്ള വസ്ത്രവുമായെത്തിയാൽ റോബോട്ടൊക്കെ ഇനി എന്തുചെയ്യും, റോബോട്ടിന് പണികിട്ടി എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. ആദ്യ കാഴ്ചയിൽ റോബോട്ടിനെ പോലെ തോന്നിപ്പിക്കാൻ സാധിച്ച ഡിസൈനറിനെ അഭിനന്ദിക്കുന്നവരും കുറവല്ല. ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന ഡ്യൂൺ പാർട് 2 മാർച്ച് ഒന്നിന് റിലീസ് ചെയ്യും.