ADVERTISEMENT

ഓരോ രാശിയിൽപെട്ടവർക്കും തനത് സ്വഭാവ സവിശേഷതകളുണ്ട്. രാശി ദോഷങ്ങൾ അകറ്റാനും ഭാഗ്യത്തെ ക്ഷണിച്ചു വരുത്താനുമൊക്കെ ഓരോ രാശിക്കാർക്കും പ്രത്യേകമായി ധരിക്കാവുന്ന ആഭരണങ്ങളെക്കുറിച്ചും ജ്യോതിശാസ്ത്രം പറയുന്നുണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറം രാശിചിഹ്നങ്ങൾ സ്റ്റെെൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമാക്കുന്നതും പുതിയ ട്രെൻഡാണ്. സെലിബ്രിറ്റികളും ഈ ട്രെൻഡിന്റെ ചുവടുപിടിക്കുന്നു. ജന്മരാശി പ്രകടമാക്കാനുള്ള മാർഗം കൂടിയാണ് പലർക്കും സോഡിയാക് ആക്സസറികൾ. രാശി ചിഹ്നങ്ങൾ ഫാഷൻ ട്രെൻഡ് ആയതോടെ ഇത്തരത്തിലുള്ള വ്യത്യസ്തതരം ജ്വല്ലറികൾ ഇന്ന് വിപണിയിൽ ലഭ്യവുമാണ്.

രാശിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഉൾക്കൊള്ളുന്ന നെക്ലേസുകൾ, മോതിരങ്ങൾ, ബ്രേസ്‌ലെറ്റുകൾ എന്നിവയാണ് സോഡിയാക് ആക്സസറീസുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്. രണ്ട്, മൂന്നു വർഷങ്ങൾക്കു മുൻപ് തന്നെ റിയാന, ബെല്ല ഹഡിഡ്, ഹെയ്‌ലി ബീബർ, മേഗൻ മെർക്കൽ തുടങ്ങിയ സെലിബ്രിറ്റികളിലൂടെ രാശി ചിഹ്നങ്ങൾ അടങ്ങിയ ജ്വല്ലറികൾ ഫാഷൻ ലിസ്റ്റിൽ ഇടം നേടിയിരുന്നു. നാൽപതാം പിറന്നാളിൽ മേഗൻ മെർക്കൽ തന്റെ മക്കളായ ആർച്ചിയുടെയും ലില്ലിബെറ്റിന്റെയും നക്ഷത്ര രാശി ചിഹ്നങ്ങൾ അടങ്ങിയ ലളിതവും സുന്ദരവുമായ ഒരു നെക്ക് പീസ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ടോറസ്, ജെമിനി എന്നീ സോഡിയാക് ചിഹ്നങ്ങളാണ് നെക്ലേസിൽ ഉൾപ്പെടുത്തിയിരുന്നത്. 

zodiac2
ടെയ്‍ലർ സ്വിഫ്റ്റ് സോഡിയാക് സൈൻ ക്ലച്ചുമായി, Image Credits: X/ ATS Medias
zodiac2
ടെയ്‍ലർ സ്വിഫ്റ്റ് സോഡിയാക് സൈൻ ക്ലച്ചുമായി, Image Credits: X/ ATS Medias

മീനം രാശിയിൽ ജനിച്ച റിയാനയ്ക്ക് അതിന്റെ ഘടകങ്ങൾ അടങ്ങിയ ധാരാളം ആക്സസറികൾ കൈവശമുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫൈൻ ജ്വല്ലറി ബ്രാൻഡായ ബ്രയോണി റെയ്മണ്ടിന്റെ വജ്രങ്ങൾകൊണ്ട് അലങ്കരിച്ച മീനരാശി ചിഹ്നമുള്ള നെക്ലേസാണ് അതിൽ ഒന്ന്. മോഡലും മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രവുമായ ഹെയ്ലി ബീബറും ധനു രാശിയുടെ ചിഹ്നം വ്യക്തമാക്കുന്ന നെക്ലേസാണ് ഏറെ ഇഷ്ടപ്പെടുന്നത്. 

തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രീമിയറിൽ വ്യത്യസ്ത രാശി ചിഹ്നങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സുഹൈർ മുറാദ് ഗൗണിൽ ജെന്നിഫർ ലോപ്പസ് റെഡ് കാർപെറ്റിൽ എത്തിയത് ഇതിന് ഉദാഹരണമാണ്. 12 രാശി ചിഹ്നങ്ങളും അവയുടെ പേരുകളും സങ്കീർണമായ രീതിയിൽ തുന്നിച്ചേർത്ത ഗൗണായിരുന്നു അത്.  ഗായികയും ഗാനരചയിതാവുമായ ടെയ്‍ലർ സ്വിഫ്റ്റ് 2023 ഡിസംബറിൽ ന്യൂയോർക്കിലെ ഒരു ഇവന്റിൽ പങ്കെടുക്കാൻ എത്തിയതാകട്ടെ പ്രത്യേകമായി തയാറാക്കിയ ധനുരാശി ചിഹ്നം ആലേഖനം ചെയ്ത ക്ലച്ചും പിടിച്ചാണ്. 

zodiac1
ജെന്നിഫർ ലോപ്പസ് Photo by Robyn BECK / AFP
zodiac1
ജെന്നിഫർ ലോപ്പസ് Photo by Robyn BECK / AFP

സോഡിയാക് ആക്‌സസറികൾക്ക് ആവശ്യക്കാർ വർധിക്കുന്നുണ്ടെന്ന് വ്യവസായ രംഗത്തെ പ്രമുഖരും അഭിപ്രായപ്പെടുന്നു. ഓരോരുത്തരും തങ്ങളുടെ രാശിക്ക് അനുസരിച്ച് കസ്റ്റമൈസ്ഡായി ജ്വല്ലറികൾ നിർമിച്ചെടുക്കാനാണ് താല്പര്യപ്പെടുന്നത്. ഒരുകാലത്ത് പേര്, ഇനീഷ്യലുകൾ, ഭാഗ്യ സംഖ്യകൾ തുടങ്ങിയവ ആളുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ രാശി ചിഹ്നങ്ങൾ അടങ്ങിയ ഡിസൈനുകൾ അതേ സ്ഥാനത്ത് എത്തിയിട്ടുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇവ ഇഷ്ടപ്പെടുന്നു എന്നതാണ് പ്രധാന കാര്യം. പുരുഷന്മാർക്ക് രാശിചിഹ്നങ്ങൾ പതിപ്പിച്ച മോതിരങ്ങളോടാണ് കൂടുതൽ താല്പര്യം.

സ്വന്തം രാശി ചിഹ്നവും പങ്കാളിയുടെ രാശി ചിഹ്നവും ഒന്നായി ചേർത്ത ജ്വല്ലറികൾക്കും ഏറെ ഡിമാൻഡുണ്ട്. സോനം കപൂറിന്റെ മംഗല്യസൂത്ര തന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. സോനത്തിന്റെയും ആനന്ദ് അഹൂജയുടെയും നക്ഷത്ര ചിഹ്നങ്ങൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. ഫാഷനും സ്റ്റൈലും എടുത്തു കാട്ടുക എന്നതിലുപരി വ്യക്തിത്വം പ്രകടമാക്കാനുള്ള അവസരം കൂടിയാണ് സോഡിയാക് ആക്സസറികൾ ഒരുക്കുന്നത്. നക്ഷത്രചിഹ്നങ്ങൾ പലരും ഇന്ന്  ഐഡന്റിറ്റിയുടെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്നു. അത്യാഡംബരങ്ങൾ നിറഞ്ഞ സോഡിയാക് ആക്സസറികളും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള ലളിതമായവയും ലഭ്യമാണ് എന്നതും ഈ ട്രെൻഡ് കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുന്നുണ്ട്.

English Summary:

How Zodiac Jewellery is Revolutionizing Fashion Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com