ഫോർമലാവണ്ട, സ്ലീപ്പ് വെയർ ധരിച്ചും ഓഫീസിൽ പോകാം, കംഫർട്ടാണ് പ്രധാനം; ട്രെൻഡായി പുത്തൻ സ്റ്റൈൽ
Mail This Article
ജോലി ചെയ്യാനായി ഓഫീസിലേക്ക് പോകുമ്പോൾ പലരും ചിന്തിക്കുന്നൊരു കാര്യമാണ് ‘ശ്ശോ ഈ വീട്ടിലിടുന്ന ടൈപ്പ് കംഫർട്ടായ വസ്ത്രങ്ങൾ ധരിച്ച് പോയാലോ’ എന്ന്. ആഗ്രഹം കലശലാണെങ്കിലും ഫോർമലായ വസ്ത്രം ധരിച്ചാണ് പലരും ഓഫീസിലേക്ക് പോകാറുള്ളത്. എന്നാൽ പലപ്പോഴും നമ്മൾ ആഗ്രഹിച്ച ആ വീട്ടിലെ ഫാഷൻ ഓഫീസിലും ട്രെൻഡാക്കുകയാണ് ചൈനയിലെ ഒരുകൂട്ടം ജീവനക്കാർ. പൈജാമയും സ്ലിപ്പേഴ്സുമെല്ലാം ധരിച്ച് ഓഫീസിലെത്തി പുത്തൻ ഫാഷൻ സ്റ്റൈൽ തീർക്കുകയാണിവർ.
ചൈനയിലെ ജെനറേഷൻ– സെഡ് (Gen-z) ജോലിക്കാരാണ് പുത്തൻ ട്രെൻഡിന്റെ ഇഷ്ടക്കാർ. സമൂഹ മാധ്യമങ്ങളിലെല്ലാം ഈ ട്രെൻഡ് വൈറലാണ്. സ്‍വെറ്റ് പാന്റ്, സ്ലീപ്‍വെയർ, പൈജാമ പാന്റ്, സ്ലിപ്പേഴ്സ്, സ്ലീപ്പിങ് സോക്സ് എന്നിവയെല്ലാം ട്രെൻഡിൽ ഉൾപ്പെടും. വസ്ത്രത്തിനേക്കാളുപരി കംഫർട്ടിനാണ് മുൻഗണന എന്ന ചിന്തയാണ് പുതിയ ട്രെൻഡിന് പിന്നിൽ.
കെൻഡൗ എന്ന ജീവനക്കാരിയാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. സ്‍വെറ്ററും പൈജാമയും സ്ലിപ്പറും ധരിച്ച് ജോലി സ്ഥലത്തേക്ക് പോകുന്ന വിഡിയോ യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് എന്തുകൊണ്ട് ഈ സ്റ്റൈൽ പിന്തുടർന്നു കൂട എന്ന് മറ്റുള്ളവരും ചിന്തിച്ചു തുടങ്ങിയത്. തന്റെ വസ്ത്രധാരണത്തെ ഗ്രോസ് എന്നാണ് കമ്പനി മേധാവി വിശേഷിപ്പിച്ചതെന്നും മാന്യമായ വസ്ത്രം ധരിച്ച് വേണം ജോലിസ്ഥലത്ത് എത്താൻ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു എന്നും യുവതി പറഞ്ഞിരുന്നു. എന്തായാലും യുവതിയുടെ വിഡിയോ വൈറലായതോടെ ആ സ്റ്റൈൽ പതുക്കെ മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.
പലരും കംഫർട്ടായ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹ മാധ്യമത്തിൽ പങ്കുവെക്കാൻ തുടങ്ങി. പിന്നാലെയാണ് പുതിയ തലമുറയിലുള്ളവർ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായത്. ഓഫീസിലേക്ക് പോകുമ്പോൾ ധരിക്കാൻ മാത്രമായി പണം നൽകി വസ്ത്രം വാങ്ങുന്നതിൽ താൽപര്യമില്ലെന്നും പലരും പറയുന്നുണ്ട്. ചൈനയിൽ മാത്രമല്ല, അമേരിക്കയിലും ഈ ട്രെൻഡ് എത്തിക്കഴിഞ്ഞു. യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന ട്രെൻഡ് കേരളത്തിലെത്താനുള്ള കാത്തിരിപ്പിലാണ് പുതിയ തലമുറ.