ADVERTISEMENT

മോഡലിങ്ങും മോഡലുകളുമെല്ലാം എപ്പോഴും നമുക്കിടയിൽ സംസാരവിഷയമാകാറുണ്ട്. ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ ഫാഷൻ ഷോകളും മറ്റും വർഷാവർഷം നടക്കാറുമുണ്ട്. കെൻഡൽ ജെന്നർ, ജിജി ഹഡിഡ്, ബെല്ല ഹഡിഡ് തുടങ്ങിയ പേരുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. കാരണം ഈ സൂപ്പർ മോഡലുകൾ നമ്മുടെ മാധ്യമങ്ങളിലും സംസ്കാരത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നവരാണിന്ന്. എന്നാൽ, അറിയപ്പെടുന്ന എല്ലാ മുഖങ്ങളെയും നാം യഥാർഥത്തിൽ തിരിച്ചറിയുന്നുണ്ടോ? അങ്ങനെയാണെങ്കിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മോഡൽ ആർക്കും അറിയാത്ത ഒരു മുഖമാണ്. അതെ അങ്ങനെയൊരാളുണ്ട്. അവരുടെ പേരാണ് അരിയാനെ. 

ഇന്റർനെറ്റ് ‘ഓവർ എക്സ്പോസ്ഡ് മോഡൽ’ എന്ന് വിളിപേര് നൽകിയിരിക്കുന്ന അരിയാന ‘ഓവർ എക്സ്പോസ്ഡ്’ ആയിരിക്കേണ്ട ഒരാളായിരുന്നിട്ടും അവളുടെ ഐഡന്റിറ്റി പോലും ഇന്നും അവ്യക്തമായി തുടരുകയാണ്. ആയിരം പരസ്യങ്ങൾക്ക് പിന്നിലെ മുഖമെന്ന നിലയിൽ സംഗീതം, വ്യായാമം, ധാന്യങ്ങൾ, ക്യാമറകൾ, ജോലി ലിസ്റ്റിങ്ങുകൾ, ആരോഗ്യ സംരക്ഷണ ചികിത്സകൾ തുടങ്ങി ഏതു മേഖലയിലും അരിയാനെ കാണാം, പക്ഷേ ആർക്കും അവർ ആരാണെന്ന് ഇന്നും കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം. അതായത് ലോകം മുഴുവൻ പ്രശസ്തിയുള്ള എന്നാൽ ലോകത്തിന് അറിയില്ലാത്ത മോഡൽ. ഇന്റർനെറ്റിന്റെ ഉയർച്ചയോടെയാണ് അരിയാനെ ഒരു ആഗോള താരമായി മാറുന്നത്. സകലമാന ലോകോത്തര ബ്രാൻഡുകളും അരിയാനയെ അവരുടെ മുഖമായി കാണാൻ ആഗ്രഹിച്ചു. സത്യത്തിൽ ആരാണ് അരിയാനെ? 

ariane-model1
അരിയാനെ, Image Credits: Instagram/supersmileyariane

തന്റെ ജീവിതത്തിലുടനീളം നിരവധി പരസ്യങ്ങളുടെ ഭാഗമായിട്ടുള്ള ഒരു അമേരിക്കൻ ഫാഷൻ മോഡലാണ് അരിയാനെ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിൽ ഒരാളാണെങ്കിലും, അവരെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ പുറത്തുവന്നിട്ടുള്ളു. എന്തിനേറെ പറയുന്നു അവരുടെ മുഴുവൻ പേര് പോലും ഇന്നും അവ്യക്തമാണ്. 2013 ൽ എസ്ക്വയർ ഫിലിപ്പീൻസ് എന്ന മാഗസിൻ അവരെകുറിച്ച് ഒരു ചെറിയ പ്രൊഫൈൽ എഴുതിയിരുന്നു. ഇമെയിൽ വഴി സംഘടിപ്പിച്ച ആ അഭിമുഖത്തിൽ പക്ഷേ തന്റെ മുഴുവൻ പേരും വെളിപ്പെടുത്താൻ അരിയാനെ വിസമ്മതിച്ചു. അവരുടെ അമ്മ ചൈനയിൽ നിന്നാണെന്നും അച്ഛൻ ഒരു ഫ്രഞ്ച്-കനേഡിയൻ ആണെന്നും മാത്രമേ അഭിമുഖത്തിലുണ്ടായിരുന്നത്. 2005-ൽ സ്റ്റോക്ക് ഫോട്ടോകൾക്കായി ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് മാധ്യമത്തിലെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായി അരിയാനെ അറിയപ്പെടാൻ തുടങ്ങിയത്. താമസിയാതെ അരിയാനെ ഒരു സ്റ്റോക്ക് ഫോട്ടോ മോഡലായി. തങ്ങളുടെ പ്രോജക്റ്റുകൾക്കായി സ്റ്റോക്ക് ഫോട്ടോകൾ ഉപയോഗിച്ചിട്ടുള്ള മിക്ക ആളുകളും അരിയാനെയുടെ മുഖം ഉപയോഗിച്ചിരിക്കാം, കാരണം അവളുടെ ചിത്രങ്ങൾ എപ്പോഴും ലഭ്യമായിരുന്നു.

ariane-model3
അരിയാനെ, Image Credits: Instagram/supersmileyariane

വളരെ ജനപ്രിയമായിട്ടും അരിയാനയെക്കുറിച്ച് ചുരുക്കം ചിലർക്ക് മാത്രമേ അറിയു. വെബ്‌സൈറ്റുകളിലും ആപ്പുകളിലും ബിൽബോർഡുകളിലും എല്ലായിടത്തും വലിയ സ്ക്രീനുകളിൽ പോലും നമുക്കെല്ലാവർക്കും അരിയാനെ കാണാനാകുമെന്നതാണ് കൗതുകം നിറഞ്ഞ കാര്യം. തന്റെ  ഇൻസ്റ്റാഗ്രാം പേജിന്റെ ബയോയിൽ, തന്നെ കുറിച്ച് അരിയാനെ പരാമർശിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘ഫൊട്ടോഗ്രഫർ / വിഡിയോഗ്രഫർ ഞാൻ ലോകമെമ്പാടുമുള്ള പരസ്യങ്ങളിൽ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്ന പെൺകുട്ടിയാണ്’. അരിയാനയെ എല്ലായിടത്തും കാണാമെന്ന് പറയുന്നത് നിസ്സാരകാര്യമല്ല, നമ്മുടെ ചുറ്റുമുള്ള ഏതെങ്കിലുമൊരു ബിൽബോർഡിൽ നിന്നുകൊണ്ട് അവർ നമ്മളെ നോക്കി നിന്നും പുഞ്ചിരിക്കുന്നുണ്ടെന്നതാണ് സത്യം. 

ariane-model2
അരിയാനെ, Image Credits: Instagram/supersmileyariane
English Summary:

The 'Overexposed' Supermodel Everyone Sees but No One Knows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com