പലപ്പോഴും മരുന്നുകളും മറ്റ് വസ്തുക്കളുമൊക്കെ അബദ്ധത്തിൽ മാറിപ്പോകാറുണ്ട്. ചില സമയങ്ങളിൽ അത് വലിയ അപകടത്തിന് തന്നെ കാരണമായേക്കും. അത്തരത്തിലൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററായ ജെനിഫർ എവർസോൾ എന്ന യുവതി. കണ്ണിലുറ്റിക്കുന്ന മരുന്നെന്ന് കരുതി അബദ്ധത്തിൽ സൂപ്പർ ഗ്ലൂ കണ്ണിലുറ്റിച്ചതിന്റെ അനുഭവമാണ് യുവതി വിഡിയോയിലൂടെ വ്യക്തമാക്കിയത്.
സൂപ്പർ ഗ്ലൂ കണ്ണിലുറ്റിച്ചതിന് പിന്നാലെ കൺപീലികൾ തമ്മിൽ ഒട്ടിപ്പിടിച്ചു. കണ്ണിലുറ്റിക്കുന്ന മരുന്നും സൂപ്പർ ഗ്ലൂ ബോട്ടിലും ഒരേ സ്ഥലത്താണ് വച്ചത്. ഇത് അബദ്ധത്തിൽ മാറി കണ്ണിലൊഴിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇഡിയറ്റ് അവാർഡ് എനിക്ക് ലഭിക്കും എന്നുപറഞ്ഞാണ് യുവതി വിഡിയോ തുടങ്ങുന്നത്. ആശുപത്രിയിൽ പോകാനായി കാത്തു നിൽക്കുന്ന വിഡിയോ ആണ് ആദ്യം പങ്കുവച്ചത്.
രണ്ടാമത്തെ വിഡിയോയിൽ ആശുപത്രിയിലെത്തിയതിന് ശേഷം നടന്ന സംഭവങ്ങളും യുവതി വിശദീകരിച്ചു. സൂപ്പർ ഗ്ലൂ കണ്ണില്‍ അബദ്ധത്തിലായതിന് ശേഷം എരിവും വളരെ അസ്വസ്ഥതയും തോന്നിയെന്നും യുവതി പറഞ്ഞു. ജെനിഫറിന്റെ കാഴ്ചയ്ക്ക് പ്രശ്നങ്ങളില്ല. തനിക്കുണ്ടായ അനുഭവം പങ്കിട്ട് ഇനി ആർക്കും ഇത്തരത്തിൽ അവസരം ഉണ്ടാകരുതെന്ന് ഓർമിപ്പിക്കുകയാണ് യുവതി. ജെനിഫറിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Content Summary: Woman ends up in hospital after mistaking super glue for eye drops